Kerala
വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ
ഇന്ദിരാ ഗ്യാരണ്ടി നടത്തിപ്പ് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കും മുഖ്യമന്ത്രി അവതരിപ്പിക്കുക
തിരുവനന്തപുരം | വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. ആര്‍ ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനമന്ത്രി എന്ന നിലയില്‍ ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍. കെ എസ് ആര്‍ ടി സി യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതിലൂടെയുണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യത അടക്കം ഇന്ദിരാ ഗ്യാരണ്ടിയിലെ മറ്റു പദ്ധതികളുടെ നടത്തിപ്പും മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കും മുഖ്യമന്ത്രി അവതരിപ്പിക്കുക.
പ്രതിപക്ഷ നേതാവായിരിക്കെ ഇടതു സര്‍ക്കാറിന്റെ നികുതി പിരിവിനെ ശക്തമായി വിമര്‍ശിച്ചിരുന്ന വി ഡി സതീശന്‍ പൂവില്‍ നിന്നു വണ്ടുകള്‍ തേന്‍ കുടിക്കുന്നതുപോലെയായിരിക്കണം നികുതി പിരിവ് എന്ന് ആവര്‍ത്തിച്ചിരുന്നു. ഈ രീതിയില്‍ നികുതി ദായകരെ ബുദ്ധിമുട്ടിക്കാതെയുള്ള അധിക നികുതി സമാഹാരണവും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുന്ന ബജറ്റായതിനാല്‍ ധനാഗമന മാര്‍ഗങ്ങള്‍ക്കായി എന്താണ് ബജറ്റില്‍ കരുതിവച്ചിരിക്കുന്നതെന്ന് ഏവരും ഉറ്റു നോക്കുകയാണ്. കിഫ്ബിയുടെ പുനസ്സംഘടനയായിരിക്കും ബജറ്റിലെ പ്രധാന നടപടികളിലൊന്ന്. അടിസ്ഥാന വികസനത്തിന് ഇടതു സര്‍ക്കാര്‍ ഉപയോഗിച്ച കിഫ്ബിയെ റവന്യു മോഡലായി മാറ്റുന്നതിനൊപ്പം പൂര്‍ണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന. കെട്ടിലും മട്ടിലും കിഫ്ബിയെ സമ്പൂര്‍ണ്ണമായി ഉടച്ചു വാര്‍ക്കുമെന്നാണ് ബജറ്റ് സൂചന.
വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ സംസ്ഥാന ധനസ്ഥിതിയെ കുറിച്ച് പഠിച്ച വിഗ്ധ സമിതി നിര്‍ദേശങ്ങളില്‍ ഊന്നിയായിരിക്കും പുനസ്സംഘടന. കിഫ്ബിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് സംവിധാനവും ക്വാളിറ്റി കണ്‍ട്രോളും മികച്ചതെന്ന വിലയിരുത്തല്‍ വിദഗ്ധ സമിതി നടത്തുകയും മറ്റ് വകുപ്പുകളിലേക്കും സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
വിപണിയില്‍ നിന്ന് സര്‍ക്കാര്‍ എടുക്കുന്നതിലും ഒന്ന് മുതല്‍ ഒന്നര ശതമാനം വരെ പലിശക്ക് കടമെടുപ്പ് അടക്കം ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മ വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോട്ടോര്‍വാഹന നികുയിനത്തില്‍ പിരിക്കുന്ന 3,300 കോടി അടക്കം കിഫ്ബി പ്രതിവര്‍ഷം കൈപ്പറ്റുന്ന 4,000 കോടി രൂപ നേരിട്ട് ഖജനാവിലെത്തിക്കാന്‍ നടപടിയുണ്ടാവും.
യു ഡി എഫ് സര്‍ക്കാരര്‍ അധികാരത്തിലേറുന്നതിനു മുന്നോടിയായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക തകര്‍ച്ചയിലാണെന്നും അതിനാല്‍ ജനങ്ങള്‍ സഹനത്തിനു തയ്യാറാവണമെന്നും സൂചന നല്‍കിയ പ്രസ്താവന വിവിധ മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനയുടെ ചുവടുപിടിച്ചുള്ള നടപടികള്‍ ആദ്യ ബജറ്റില്‍ ഇടം പിടിക്കില്ലെന്നാണ് കരുതുന്നത്.
Content Highlights:
Chief Minister V D Satheesan will present the first budget of the UDF government tomorrow. The budget is expected to focus on funding the Indira Guarantee schemes and structural changes to KIIFB. It will address the state’s financial challenges through expert-recommended revenue models without overly burdening taxpayers.







