Connect with us

FIFA WORLD CUP 2026

കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ഡി ആർ കോംഗോ; നിരാശനാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

മത്സരത്തിൽ പോർച്ചുഗൽ 75 ശതമാനം പന്ത് കൈവശം വെച്ചിട്ടും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Published

|

Last Updated

ഹൂസ്റ്റൺ | ഫിഫ ലോകകപ്പ് 2026 ലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ചരിത്ര നേട്ടവുമായി ഡി ആർ കോംഗോ. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ പോർച്ചുഗൽ 75 ശതമാനം പന്ത് കൈവശം വെച്ചിട്ടും ലക്ഷ്യം കാണുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ പെഡ്രോ നെറ്റോയുടെ ക്രോസിൽ നിന്നും മികച്ചൊരു ഹെഡറിലൂടെ മിഡ്ഫീൽഡർ ജോവോ നെവെസ് പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ കോർണർ കിക്ക് ക്രോസ് ചെയ്ത് ആർതർ മസുവാകു നൽകിയ പന്ത് കൃത്യമായ ഹെഡറിലൂടെ വലയിലെത്തിച്ച് ഡി ആർ കോംഗോയുടെ യൊവാൻ വിസ്സ ടീമിന് സമനില സമ്മാനിച്ചു.

രണ്ടാം പകുതിയിൽ പോർച്ചുഗൽ താരം ജോവോ കാൻസെലോ ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിധി വന്നതോടെ ഗോൾ നിഷേധിക്കപ്പെട്ടു. റൊണാൾഡോയ്ക്ക് മത്സരത്തിൽ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് ഉതിർക്കാൻ കഴിഞ്ഞത്, രണ്ട് ഷോട്ടുകളും ലക്ഷ്യം കാണാതെ പുറത്തുപോയി. സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവർക്കും മത്സരത്തിൽ തിളങ്ങാനായില്ല.

ഡി ആർ കോംഗോയുടെ പ്രതിരോധ നിരയും ഗോൾകീപ്പർ എംപാസി എൻസൗവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ വംശജനായ മിഡ്ഫീൽഡർ സാമുവൽ മുത്തുസാമി ഡി ആർ കോംഗോയ്ക്കായി മിഡ്ഫീൽഡിൽ സ്റ്റാർട്ട് ചെയ്തു. പോർച്ചുഗൽ നിരയിൽ റൂബൻ ഡയസ്, മാത്യൂസ് നൂനെസ് എന്നിവർ ഫിറ്റ്നസ് ഇല്ലാത്തതിനാൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.

ഈ മത്സരത്തോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ 41 വയസ്സും 132 ദിവസവും പ്രായമുള്ള ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് സ്റ്റാർട്ടർ എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ഡി ആർ കോംഗോ നേടുന്ന ആദ്യ പോയിന്റ് കൂടിയാണിത്. 1974 ൽ സയർ എന്ന പേരിൽ കളിച്ചതിന് ശേഷം 52 വർഷങ്ങൾക്ക് ശേഷമാണ് ഡി ആർ കോംഗോ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.

Content Highlights

Portugal were held to a 1-1 draw by DR Congo in their FIFA World Cup 2026 Group K opener in Houston. Joao Neves scored early for Portugal, but Yoanne Wissa equalized for DR Congo. Cristiano Ronaldo became the oldest outfield starter in World Cup history but failed to make any impact on the pitch.

Latest