Kerala
മുഖ്യമന്ത്രി മാറി നിന്ന് അന്വേഷണം നേരിടണം: പ്രതിപക്ഷ നേതാവ്
ഒരു സത്യവും മൂടിവെക്കാന്‍ കഴിയില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി. സതീശന്‍

തിരുവനന്തപുരം | സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ മാത്രമല്ല, കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണം സത്യസന്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സത്യവും മൂടിവെക്കാന്‍ കഴിയില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. സി.പി.എം-ബി.ജെ.പി. നേതാക്കള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിലാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അവസാനിപ്പിച്ചത്. അതിന് ഇടനിലക്കാരുടെ സാന്നിധ്യവുമുണ്ടായിരുന്നുവെന്നും അദ്ദേഷം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തെ സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് അനുമതി ലഭിച്ചില്ല. അപ്പോള്‍ തങ്ങള്‍ നിയമസഭയ്ക്ക് പുറത്തുവന്നു. പി.ടി തോമസ് അടിയന്തരപ്രമേയം അവതരിപ്പിക്കുകയുണ്ടായി. ഇപ്പോഴത്തെ വെളിപ്പെടുത്തലിന് സമാനമായ ഒരു സ്റ്റേറ്റ്‌മെന്റ് കസ്റ്റംസ് കോടതിയില്‍ ഒരു പ്രതി 164 പ്രകാരം മൊഴിനല്‍കിയിരുന്നു. ആ സ്റ്റേറ്റ്‌മെന്റില്‍ ഇവിടെ നിന്ന് കറന്‍സി കൊണ്ടുപോയത് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ വിഷയം നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യകത്മാക്കി.