Connect with us

National

ഇനി യുദ്ധം വിദ്യാഭ്യാസ കച്ചവടത്തിന് എതിരെ; 'ക്യാ ബോൽത്തി പബ്ലിക്' ക്യാമ്പയിൻ പ്രഖ്യാപിച്ച് CJP സ്ഥാപകൻ അഭിജീത് ദിപ്കെ

ഓഗസ്റ്റ് 6 മുതൽ രാജ്യവ്യാപകമായി 'ക്യാ ബോൽത്തി പബ്ലിക്' ക്യാമ്പയിനും അംഗത്വ വിതരണവും ആരംഭിക്കുമെന്ന് ദിപ്കെ

Published

|

Last Updated

ഛത്രപതി സംഭാജിനഗർ | രാജ്യത്ത് വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെടുകയും സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം ചെലവേറിയതായി മാറുകയും ചെയ്തിരിക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (Cockroach Janata Party) സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. സംഘടനയുടെ രണ്ട് ദിവസം നീണ്ട കോർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 6 മുതൽ രാജ്യവ്യാപകമായി ‘ക്യാ ബോൽത്തി പബ്ലിക്’ എന്ന പേരിൽ പുതിയ പ്രചാരണവും അംഗത്വ വിതരണവും ആരംഭിക്കുമെന്ന് ദിപ്കെ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണത്തിനായിരിക്കും ഈ ക്യാമ്പയിനിൽ പ്രഥമ പരിഗണന നൽകുന്നത്. ഒന്നാം ക്ലാസ് പ്രവേശനത്തിന് പോലും ഡൊണേഷന് പുറമെ 1 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വാർഷിക ഫീസ് ഈടാക്കുന്ന സാഹചര്യമാണുള്ളത്. പരിമിതമായ വരുമാനമുള്ള കുടുംബങ്ങൾക്ക് ഇത്തരം വലിയ തുകകൾ താങ്ങാൻ കഴിയില്ല. ഇതിന് പുറമെ കോളജ് ഫീസും കോച്ചിങ് സെന്ററുകളിലെ ഫീസും വർധിക്കുന്നത് സാധാരണ കുടുംബങ്ങളെ വലിയ കടക്കെണിയിലേക്ക് തള്ളിയിടുകയാണ്. ഡോ ബി ആർ അംബേദ്കറുടെ നിരീക്ഷണപ്രകാരം വിദ്യാഭ്യാസം അടിസ്ഥാന അവകാശമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാഭ്യാസം ഒരു ലാഭകരമായ ബിസിനസായി മാറിയിരിക്കുകയാണെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾ, യുവ പ്രൊഫഷണലുകൾ, സാധാരണക്കാർ എന്നിവരെ സംഘടനയുമായി ബന്ധിപ്പിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്ലായ്മ, സ്വകാര്യ സ്കൂളുകളിലെ ഉയർന്ന ഫീസ്, സർക്കാർ വിദ്യാഭ്യാസ സമ്പ്രദായം, ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ വിശ്വസ്തത കുറയുന്നത് തുടങ്ങിയ വിഷയങ്ങൾ സി ജെ പി ഉന്നയിക്കും. രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് ജനാധിപത്യത്തിന് നല്ല സൂചനയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ മുതൽ പൊതുജനസമ്പർക്ക പരിപാടികൾ ശക്തമാക്കുമെന്നും ചെറുപ്പക്കാർ ഈ മുന്നേറ്റത്തിൽ പങ്കാളികളാകണമെന്നും അഭിജീത് ദിപ്കെ അഭ്യർത്ഥിച്ചു. ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, രാജ്യത്തെ എല്ലാ പ്രശ്നങ്ങളും ഒരു സംഘടനയ്ക്കോ വ്യക്തിക്കോ ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയില്ലെന്നും ജനങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:

CJP founder Abhijeet Dipke launched the nationwide ‘Kya Bolti Public’ campaign to address public issues like rising education costs, coaching fees, and unemployment. Highlighting Dr. B.R. Ambedkar’s vision, Dipke criticized the commercialization of education and stressed democratic institutional accountability.

---- facebook comment plugin here -----

Latest