Connect with us

local body election 2025

ചിറ്റൂര്‍ നഗരസഭ: ഇത്തവണ തീപ്പാറും മത്സരത്തിനൊരുങ്ങി മുന്നണികൾ

74 വര്‍ഷത്തോളം ഭരിച്ച നഗരസഭ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമം നടത്തുന്പോൾ നിലനിര്‍ത്താനാണ് എല്‍ ഡി എഫ് ശ്രമം.

Published

|

Last Updated

ചിറ്റൂര്‍ | ചിറ്റൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ പോരാട്ടം തീപ്പാറും. 74 വര്‍ഷത്തോളം ഭരിച്ച നഗരസഭ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമം നടത്തുന്പോൾ നിലനിര്‍ത്താനാണ് എല്‍ ഡി എഫ് ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ വിഭാഗീയതയാണ് എല്‍ ഡി എഫിനെ തുണച്ചത്.
കഴിഞ്ഞ തവണ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി ആകെയുള്ള 29 വാര്‍ഡുകളില്‍ 16 സീറ്റും നേടി ഇടതുപക്ഷം ഭരണം പിടിച്ചു. കാലങ്ങളായി യു ഡി എഫിന്റെ സിറ്റിംഗ് വാര്‍ഡുകളായിരുന്നവയില്‍ പലതും തകര്‍ന്നടിയുകയും ചെയ്തു. വെറും 12 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാനായത്.

എസ് ഡി പി ഐക്ക് ഒരു സീറ്റും കിട്ടി. സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ തട്ടകം കൂടിയായ ചിറ്റൂര്‍ നിലനിര്‍ത്തുകയെന്നത് സി പി എമ്മിന് നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഭരണം തിരിച്ചുപിടിക്കുകയെന്നതും. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളിലെയും വിമതരെയും അസംതൃപ്തരെയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടം കൈവരിക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. ഇടത് മുന്നണി 30 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കഴിഞ്ഞു.

മുന്‍ എം എല്‍ എ. കെ അച്യുതന്റെ മകനും ഡി സി സി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതനെ ചെയര്‍മാനായി ഉയര്‍ത്തിക്കാട്ടിയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു ചിറ്റൂര്‍. 1908ല്‍ സാനിറ്ററി ബോര്‍ഡ് എന്ന ഏകീകൃതസമിതിയുടെ നേതൃത്വത്തിലായിരുന്നു ചിറ്റൂര്‍- തത്തമംഗലം ഭരണം. 1910ല്‍ പ്രവര്‍ത്തനം ടൗണ്‍ കൗണ്‍സിലിനെ ഏൽപ്പിച്ചു. 1918ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമടങ്ങുന്ന ഭരണസമിതി രൂപവത്കരിച്ചു. 1921ല്‍ കൊച്ചിന്‍ മുനിസിപല്‍ റെഗുലേഷന്‍ നിലവിൽ വന്നതോടെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യകാല നേതാക്കളിലൊരാളായ അമ്പാട്ട് ഈച്ചരമേനോന്‍ നഗരസഭാ ചെയര്‍മാനായി. മൂന്ന് ഔദ്യോഗിക നോമിനികളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമടങ്ങുന്ന കൗണ്‍സില്‍ അധികാരത്തില്‍വന്നു.

1938ല്‍ കൊച്ചിന്‍ മുനിസിപല്‍ ആക്ട് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മാത്രമടങ്ങുന്ന ഭരണം നിലവില്‍വന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ചിറ്റൂരും തത്തമംഗലവും രണ്ട് നഗരസഭകളായി വേര്‍തിരിച്ചപ്പോഴും 1947 ഒക്ടോബറില്‍ ഇന്ന് കാണുന്ന രൂപത്തില്‍ ചിറ്റൂർ‍-തത്തമംഗലം നഗരസഭയായി സംയോജിപ്പിച്ചപ്പോഴും അമ്പാട്ട് ഈച്ചരമേനോനായിരുന്നു ചെയര്‍മാന്‍. 1947 മുതല്‍ നഗരസഭക്ക് ഒരു കമ്മീഷണറെയും നിയമിച്ചിരുന്നു. പി അച്യുത മേനോനായിരുന്നു ആദ്യത്തെ കമ്മീഷണര്‍.

രാഷ്ട്രീയ സാഹചര്യങ്ങളാല്‍ 1987 മുതല്‍ 98വരെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ നഗരസഭ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴിലായിരുന്നു. 1996ലും 2001ലും ചിറ്റൂര്‍ എം എൽ എ ആയിരിക്കെത്തന്നെ മുനിസിപല്‍ ചെയര്‍മാനായും കെ അച്യുതന്‍ പ്രവര്‍ത്തിച്ചു. 2020 വരെ യു ഡി എഫ് ഭരണത്തിലായിരുന്നു. കഴിഞ്ഞ തവണ ഇടത് മുന്നണി അധികാരത്തില്‍ വന്നതോടെ കെ എല്‍ കവിത ചെയര്‍പേഴ്‌സനായി. നഗരസഭയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബി ജെ പിയും രംഗത്തുണ്ട്

Latest