Kerala
മുഖ്യമന്ത്രിത്തര്‍ക്കം ഒരു ഭാഗത്ത്; മന്ത്രി പദവിക്കായി കരുനീക്കി 20 ലധികം നേതാക്കള്‍
യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ നിലവിലെ കണക്കനുസരിച്ച് 11 പേര്‍ക്കാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസ്ഥാനം ലഭിക്കുക
തിരുവനന്തപുരം | വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ്സില്‍ തുടക്കമിട്ട മുഖ്യമന്ത്രി തര്‍ക്കങ്ങള്‍ക്കു പിന്നാലെ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരും ചരടുവലി ശക്തമാക്കി. വിവിധ സമവാക്യങ്ങള്‍ മുന്‍നിര്‍ത്തി ഓരോരുത്തരുടേയും മന്ത്രിസ്ഥാനത്തിനുള്ള അര്‍ഹത തയ്യാറാക്കി കഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കു വഴങ്ങിയാല്‍ മന്ത്രിസ്ഥാനം കുട്ടുമെന്ന് ഉറപ്പില്ലാത്തതിനാലാണ് പലരും ജാതി, മത, സമുദായ സമവാക്യങ്ങളില്‍ പിടിച്ചിരിക്കുന്നത്. ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ 20ല്‍ അധികം കോണ്‍ഗ്രസ് നേതാക്കളാണ് മന്ത്രിസ്ഥാനത്തേക്ക് കണ്ണ് വെക്കുന്നത്.
യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ നിലവിലെ കണക്കനുസരിച്ച് 11 പേര്‍ക്കാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസ്ഥാനം ലഭിക്കുക. പത്തു വര്‍ഷം പ്രതിപക്ഷത്തിരുന്നതിനാല്‍ ജംബോ മന്ത്രിസഭയുണ്ടാക്കി പരമാവധി പേര്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.
മുഖ്യമന്ത്രിക്കസേരക്കായി കരുക്കള്‍ നീക്കുന്നവര്‍ മുഖ്യമന്ത്രി പദവി ലഭിച്ചില്ലെങ്കിലും മന്ത്രിസഭയില്‍ ഉണ്ടാവും. ഇവര്‍ പ്രധാന വകുപ്പുകളിലാണ് പിടി മുറുക്കുന്നത്. മന്ത്രി പദവികള്‍ക്കായി പാര്‍ട്ടി പദവികള്‍ കൈയ്യൊഴിയാന്‍ പ്രമുഖ നേതാക്കളെല്ലാം സന്നദ്ധത അറിയിച്ചു കഴിഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി സിദ്ദിഖ്, ടി എന്‍ പ്രതാപന്‍, പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍ എന്നിവര്‍ മന്ത്രി പദവി ഉറപ്പിച്ചവരാണ്. ഇതിനൊപ്പം എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍, ചാണ്ടി ഉമ്മന്‍, വി.ടി ബല്‍റാം, മാത്യുക്കുഴല്‍നാടന്‍, എം ലിജു തുടങ്ങിയവരും മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. ഉറപ്പില്ലാത്ത പത്തിലധികം പേരും മന്ത്രി കസേരയില്‍ കണ്ണ് വച്ച് കരുനീക്കം നടത്തുകയാണ്.
രമ്യ ഹരിദാസ്, ഷാനിമോള്‍ ഉസ്മാന്‍, ഉമ തോമസ്, ബിന്ദു കൃഷ്ണ എന്നിവര്‍ തങ്ങളുടെ അര്‍ഹത സംബന്ധിച്ച രേഖകള്‍ തയ്യാറാക്കി നല്‍കിക്കഴിഞ്ഞുവെന്നാണ് വിവരം. വനിതാ പ്രാതിനിധ്യത്തിനൊപ്പം മറ്റ് അര്‍ഹതമുന്‍ നിര്‍ത്തിയാണ് ഇവര്‍ക്കിടയില്‍ മത്സരം നടക്കുന്നത്. നാടാര്‍ പ്രതിനിധി എന്ന നിലയില്‍ തിരുവനന്തപുരത്ത് നിന്ന് എന്‍ ശക്തനും ലത്തീന്‍ പ്രതിനിധിയായി എം വിന്‍സെന്റും അവകാശവാദം ഉന്നയിക്കും. വിന്‍സെന്റിന് എതിരായ കേസ് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ടി ജെ വിനോദിനെ പരിഗണിച്ചേക്കും.
യു ഡി എഫ് ഘടക കക്ഷികളല്ലാത്ത കെ കെ രമയും പി വി അന്‍വറും മന്ത്രി പദവിക്കായി നീക്കം ആരംഭിച്ചിട്ടുണ്ട്. പി വി അന്‍വര്‍ തൃണമൂല്‍ ബന്ധം ഉപേക്ഷിച്ചത് ഈ മുന്നൊരുക്കത്തിന്റെ ഭാഗമാണ്. സി പി എം വിട്ട മുന്‍ മന്ത്രി ജി സുധാകരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് ശക്തമായ അടിയൊഴുക്കുണ്ടായി എന്നും യു ഡി എഫ് സീറ്റുകള്‍ തൂത്തുവാരും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വന്‍ നിര മന്ത്രി പദവിക്കായി കരുനീക്കം ശക്തമാക്കിയത്.



