National
പശ്ചിമബംഗാളില്‍ അവസാന ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും
142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്നത്
ന്യൂഡല്‍ഹി | പശ്ചിമബംഗാളില്‍ ബുധനാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പി യും ഇടതു സഖ്യവും ഈ മണ്ഡലങ്ങളില്‍ ശക്തമായി രംഗത്തുണ്ട്.
തൃണമൂലിന്റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നതില്‍ ഏറെയും. എന്നാല്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ആനുകൂല്യം തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി പ്രതീക്ഷിക്കുകയാണ്. യുവാക്കള്‍ക്കിടയില്‍ ഇടതു പക്ഷത്തിന് അനുകൂലമായ വികാരം വളര്‍ന്നുവന്നു എന്നാണ് ഇടതു മുന്നണി പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ബോംബുകള്‍ പിടിക്കുന്ന കേസുകള്‍ എല്ലാം എന്‍ ഐ എക്ക് കൈമാറാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശംനല്‍കി. സുരക്ഷാ പരിശോധനകള്‍ക്കിടെ ബംഗാളിലെ നിരവധി ഇടങ്ങളില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്.
പോലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. സൗത്ത് 24 പര്‍ഗാനസ് ജില്ലയില്‍ ഒരു വീട്ടില്‍ നിന്ന് 79 ബോംബുകള്‍ പിടിച്ചു. അവസാന ഘട്ട പ്രചാരണത്തില്‍ മൂന്നു സംഖ്യവും കരുത്തു തെളിയിച്ചു. പ്രധാനമന്ത്രിയുടെ കൊല്‍ക്കത്ത റോഡ് ഷോയില്‍ സ്ത്രീകളുടെ വന്‍ പങ്കാളിത്തമുണ്ടായെന്നു ബി ജെ പി അവകാശപ്പെട്ടു.


