Connect with us

From the print

മണല്‍ വാരല്‍: നിയമലംഘനത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശ

താത്പര്യം ഉണ്ടെങ്കില്‍ ഇറാന് ഞങ്ങളെ വിളിക്കാം

Published

|

Last Updated

കാസര്‍കോട് | ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കാസര്‍കോട് ജില്ലയില്‍ മണല്‍വാരല്‍ സംഘത്തിന്റെ തേര്‍വാഴ്ചയെന്ന് ആക്ഷേപം. അനുവദിക്കപ്പെട്ട പെര്‍മിറ്റിലും കൂടുതല്‍ അളവില്‍ മണ്ണ് ഖനനം ഒരു ഭാഗത്ത്. പെര്‍മിറ്റില്ലാതെയുള്ള മണ്ണ് ഖനനവും കെട്ടിടനിര്‍മാണത്തിന് ഡെവലപ്‌മെന്റ് പെര്‍മിറ്റ് എടുത്ത് മണ്ണ് ഖനനം ചെയ്തിട്ടും നിര്‍മാണം തുടങ്ങാതെയുള്ള തട്ടിപ്പ് വേറൊരു ഭാഗത്തും നടക്കുന്നുണ്ട്.

നിയമങ്ങളും വ്യവസ്ഥകളും കാറ്റില്‍പറത്തി നടക്കുന്ന മണല്‍കൊള്ളക്ക് നേരെ വകുപ്പ് അധികൃതര്‍ കണ്ണടക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ നിയമലംഘനങ്ങള്‍ പിടികൂടാന്‍ “ഓപറേഷന്‍ എര്‍ത്ത് ഗാര്‍ഡ്’ എന്ന പേരില്‍ വിജിലന്‍സ് വിഭാഗം പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസിലും വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 3,000 ചതുരശ്രയടി വരെ മണ്ണെടുക്കാനുള്ള അനുമതിയാണ് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ലഭ്യമാക്കുന്നത്. അതില്‍ കൂടുതല്‍ അളവില്‍ മണ്ണെടുക്കാന്‍ ജില്ലാ ജിയോളജി വകുപ്പാണ് അനുമതി നല്‍കേണ്ടത്. ഇങ്ങനെ നല്‍കിയ പെര്‍മിറ്റുകളിലാണ് വ്യാപക ക്രമക്കേട് നടന്നത്. അനുവദിച്ചതിനേക്കാളും കൂടുതല്‍ അളവില്‍ മണ്ണ് എടുത്ത ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജില്‍ നടന്നത് വലിയ മണൽക്കൊള്ളയാണ്. കെട്ടിടം പണിയാനും മറ്റും മണ്ണ് നീക്കാന്‍ അനുമതി വാങ്ങിയ വ്യക്തികള്‍ ഒരു നിര്‍മാണവും നടത്താത്ത കേസും കണ്ടെത്തി.

ഓരോ പഞ്ചായത്തിലും നാലും അഞ്ചും കേസുകളുണ്ട്. തോന്നിയത് പോലെ മണൽക്കടത്ത് നടക്കുന്ന കുമ്പള പഞ്ചായത്തില്‍ ഇതുവരെ പെര്‍മിറ്റ്് നല്‍കിയിട്ടില്ല. ക്രമക്കേട് സംബന്ധിച്ച റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമർപ്പിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈ എസ് പി. വി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

പോലീസിനെ വെല്ലുവിളിച്ച് മണല്‍ കടത്തിയ രണ്ട് പേരെ കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരത്ത് നിന്ന് പിടികൂടിയത്. ഇവരെ ജാമ്യമില്ലാവകുപ്പ് ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘം പരിശോധനക്കെത്തിയപ്പോള്‍ മണൽക്കടത്ത് ലോറികള്‍ക്ക് പോകാന്‍ മാത്രമായി പ്രത്യേകം റോഡുണ്ടാക്കിയതായി കണ്ടെത്തി. കളായി പുഴയോരത്ത് പോലീസ് എത്തിയപ്പോള്‍ മണൽക്കടത്ത് ജോലിക്കാര്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.

മണൽക്കടത്തിന് പോലീസ് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഭവവും ആവര്‍ത്തിക്കുകയാണ്. മണല്‍ മാഫിയക്ക് വിവരങ്ങള്‍ കൈമാറിയ കുമ്പള പോലീസ് സ്‌റ്റേഷനിലെ ആറ് പോലീസ് ഉദ്യോഗസ്ഥരെ നേരത്തേ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മണല്‍ മാഫിയാ സംഘത്തിന് ഒത്താശ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ എസ് ഐമാര്‍ ഉള്‍പ്പെടെ 36 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും എക്‌സൈസ്- മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായത് സമീപകാലത്താണ്. വന്‍തുക കൈക്കൂലി വാങ്ങി മണൽക്കടത്തിനുള്ള അവസരം നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി മുതല്‍ ജില്ലാ അതിര്‍ത്തിയായ പിലിക്കോട് -കാലിക്കടവ് വരെയുള്ള ദേശീയപാതയില്‍ ശക്തമായ പട്രോളിംഗ് സംവിധാനം നിലവിലുണ്ട്. എങ്കിലും മണല്‍ മാഫിയാ സംഘങ്ങള്‍ പോലീസ്, എക്‌സൈസ് മോട്ടോര്‍ വെഹിക്കള്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വന്‍തോതില്‍ മണല്‍ കടത്തുകയാണ്. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ വരെ നൂറുകണക്കിന് മണല്‍ ലോറികളാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.

 

 

Latest