Connect with us

Kerala

രാസമാലിന്യം തുറന്നു വിട്ടു; കൊച്ചി പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

വ്യവസായ ശാലകളില്‍ നിന്നും രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത്.

Published

|

Last Updated

കൊച്ചി | കൊച്ചി പെരിയാറില്‍ പാതാളം റെഗുലേറ്ററിന് താഴെയുള്ള പ്രദേശത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയോടെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെയുള്ള പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം സംഭവിക്കുകയും രൂക്ഷഗന്ധം ഉണ്ടാവുകയും ചെയ്തു.പിന്നാലെ മത്സ്യങ്ങള്‍ ചത്തൊടുങ്ങുകയായിരുന്നു. മത്സ്യകൃഷി നടത്തിയ കര്‍ഷകരെയും ഇത് ബാധിച്ചു.ഒരു ദിവസം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് കര്‍ഷകര്‍ പറയുന്നത്. കടമക്കുടി, ചേരാനെല്ലൂര്‍ ഭാഗങ്ങളില്‍ മത്സ്യകൃഷി ചെയ്തവര്‍ക്കാണ് നഷ്ടം ഉണ്ടായത്.

വ്യവസായ ശാലകളില്‍ നിന്നും രാസമാലിന്യങ്ങള്‍ ഒഴുക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത്. നേരത്തെയും സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

 

Latest