kseb chairman& trade union
കെ എസ് ഇ ബിയിലെ തൊഴിലാളി സമരത്തെ പരിഹസിച്ച് ചെയര്‍മാന്‍
'സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളു'

തിരുവനന്തപുരം | കെ എസ് ഇ ബി യില്‍ ഇടത് തൊഴിലാളി യൂണിയനായ ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തെ പരിഹസിച്ച് ചെയര്‍മാന്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളുവെന്ന് ചെയര്‍മാന്‍ പറഞ്ഞു. കെ എസ് ഇ ബിയില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിനുള്ളത്.
ഒരു ദിവസം മുമ്പേ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ ഇന്നലെ ചര്‍ച്ചക്ക് നിയോഗിച്ചത്. ചര്‍ച്ചക്ക് ശേഷം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അതൊടൊപ്പം സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കി. സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‌കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കാണ് സ്ഥലം മാറ്റിയത്. ജനറല്‍ സെക്രട്ടറി ഹരികുമാറിന്റെ പ്രമോഷന്‍ തടഞ്ഞു. സംസ്ഥാന ഭാരവാഹി ജാസമിന്‍ ബാനുവിനെ സീതത്തോട്ടിലേക്കുമാണ് മാറ്റി ഉത്തരവ് ഇറങ്ങിയത്.
എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് അറിയിച്ച ഓഫീസേഴസ് അസോസിയേഷന്‍ സമരവുമായി മുന്നോട്ടുപോകുകയാണ്. ചെയര്‍മാന്റെ ഏകാധിപത്യ പ്രവണതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സ്ഥലം മാറ്റം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി.