Connect with us

From the print

ഗുജറാത്ത് വരക്കുന്ന ജാതി ഭൂപടം

രാജ്‌കോട്ടിലെ ബി ജെ പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പുരുഷോത്തം രൂപാലയുടെ സമുദായവിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് ക്ഷത്രിയ വിഭാഗം (രജ്പുത്) ബി ജെ പിക്കെതിരായതോടെ ഗുജറാത്തിലെ ജാതി വോട്ടുകൾ സംബന്ധിച്ച ചർച്ചകൾ സജീവമാണ്

Published

|

Last Updated

മൂന്നാം ഘട്ട വോട്ടെടുപ്പിൽ ഗുജറാത്തിലെ 25 ലോക്‌സഭാ മണ്ഡലങ്ങളും ബൂത്തിലെത്തുകയാണ്. സുറത്ത് മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയും ശേഷിക്കുന്നവർ പിൻവലിക്കുകയും ചെയ്തതോടെ ബി ജെ പി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്‌കോട്ടിലെ ബി ജെ പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പുരുഷോത്തം രൂപാലയുടെ സമുദായവിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് ക്ഷത്രിയ വിഭാഗം (രജ്പുത്) ബി ജെ പിക്കെതിരായതോടെ ഗുജറാത്തിലെ ജാതി വോട്ടുകൾ സംബന്ധിച്ച ചർച്ചകൾ സജീവമാണ്.
ക്ഷത്രിയർ
ക്ഷത്രിയ വിഭാഗങ്ങൾ ഗുജറാത്തിൽ സ്വാധീന ശക്തിയാണെങ്കിലും ഇവരുടെ ജനസംഖ്യാനുപാതത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. സംസ്ഥാനത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം തങ്ങളാണെന്ന് അവർ അവകാശപ്പെടുന്നു. ജാംനഗർ, രാജ്കോട്ട്, സുരേന്ദ്രനഗർ, ഭാവ്നഗർ, കച്ച്, ബനസ്‌കന്ദ, സബർകാന്ത, ആനന്ദ്, ബറൂച്ച് തുടങ്ങിയ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള ശേഷി ക്ഷത്രിയ വിഭാഗങ്ങൾക്കുണ്ട്.
അതേസമയം, തങ്ങളുടെ വോട്ടുബേങ്കുകളെ മറികടന്ന് സ്വാധീന ശക്തിയായി മാറാൻ ക്ഷത്രിയർക്കാകില്ലെന്ന് ബി ജെ പി വിശ്വസിക്കുന്നു. ഏത് പ്രതിസന്ധിയിലും ഇവരിൽ ഒരു വിഭാഗം പിന്തുണക്കുമെന്നും പാർട്ടി കരുതുന്നു. ഈ കാരണങ്ങളാലാണ് രാജ്‌കോട്ടിൽ നിന്ന് പുരുഷോത്തം രൂപാലയെ പിൻവലിക്കണമെന്ന് ക്ഷത്രിയ സംഘടനകൾ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നത്. പാർട്ടി ഈ അവകാശവാദങ്ങൾ നടത്തുമ്പോഴും പ്രധാനമന്ത്രി അടക്കമുള്ളവർ ക്ഷത്രിയ സമുദായത്തിന്റെ പ്രശ്‌നം പരിഹരിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

മറ്റ് പിന്നാക്കക്കാർ
ഗുജറാത്തിലെ ജനസംഖ്യയുടെ അമ്പത് ശതമാനത്തോളം വരുന്നത് മറ്റ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ജാതികളാണ്. സംസ്ഥാനത്തുടനീളം ഇവർ വ്യാപിച്ചുകിടക്കുന്നു. കോലി, ഠാക്കൂർ എന്നിവയാണ് ഒ ബി സിയിലെ ഏറ്റവും വലിയ വിഭാഗങ്ങൾ. ചില മുസ്‌ലിം വിഭാഗങ്ങൾ ഉൾപ്പെടെ 146 സമുദായങ്ങൾ ഒ ബി സി വിഭാഗത്തിലുണ്ട്. ബി ജെ പി സർക്കാർ പ്രധാനമായി പരിഗണിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഒ ബി സി. 1980കളിൽ കോൺഗ്രസ്സ് കൊണ്ടുവന്ന ക്ഷത്രിയ- ഹരിജൻ, ആദിവാസി, മുസ്‌ലിം സമവാക്യത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളെ കൂട്ടുപിടിച്ചാണ് ബി ജെ പി നേരിട്ടത്. അതിനാൽ ഇവരെ അവഗണിക്കാതിരിക്കാൻ ബി ജെ പി പ്രത്യേകം ശ്രദ്ധിക്കുന്നു. പാർട്ടിയിലും സ്ഥാനാർഥി നിർണയത്തിലും ഒ ബി സി പ്രാതിനിധ്യം ബി ജെ പി ഉറപ്പുവരുത്താറുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലപ്പോഴും താൻ ഒ ബി സി വിഭാഗക്കാരനാണെന്ന് അവകാശപ്പെടുന്നതിന് പിന്നിലും ഈ രാഷ്ട്രീയമുണ്ട്.

പട്ടേലുകൾ (പാട്ടീദാർ)
ഗുജറാത്തിലെ ഏറ്റവും ശക്തരായ സമുദായം പാട്ടീദാറുകൾ അഥവാ പട്ടേലുകളാണ്. ജനസംഖ്യയുടെ 15 ശതമാനത്തോളമുള്ള ഇവരാണ് സംസ്ഥാനത്തെ ബി ജെ പിയുടെ അടിത്തറ. കൃഷി, വ്യാപാരം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത് ഈ സമുദായമാണ്. 2015ൽ നടന്ന പാട്ടീദാർ സംവരണ പ്രക്ഷോഭ സമയത്ത് ബി ജെ പിയും പട്ടേലുകളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബി ജെ പിക്ക് ചെറിയ ക്ഷീണം വരുത്തിവെച്ചു. അന്ന് ആകെയുള്ള 182 നിയമസഭാ സീറ്റുകളിൽ 99 എണ്ണമാണ് ബി ജെ പിക്ക് നേടാനായത്. കോൺഗ്രസ്സിന് 77 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ, തൊട്ടടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി പട്ടേലുകളുമായുള്ള പ്രശ്‌നം ഒത്തുതീർത്തു. പാട്ടീദാർ നേതാവായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കി. അംറേലി, രാജ്കോട്ട്, പോർബന്തർ, ജുനാഗഢ്, ജാംനഗർ, ഭാവ്നഗർ, കച്ച്, മെഹ്സാന, സൂറത്ത്, അഹ്്മദാബാദ് തുടങ്ങി നിരവധി ലോക്സഭാ സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണയിക്കുന്നതിൽ പാട്ടീദാർ സമുദായം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത്തവണയും പട്ടേലുകൾ ബി ജെ പിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്നാണ് വിലയിരുത്തൽ.

മുസ്‌ലിംകൾ
ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനം മുസ്‌ലിംകളാണ്. കച്ച്, ജാംനഗർ, ജുനാഗഢ്, ബറൂച്ച്, ഭാവ്നഗർ, സുരേന്ദ്രനഗർ, പഠാൻ, ബനസ്‌കന്ദ, സബർകാന്ത, അഹ്്മദാബാദ് വെസ്റ്റ്, അഹ്്മദാബാദ് ഈസ്റ്റ്, ഗാന്ധിനഗർ, നവസാരി, പാഞ്ച്മഹൽസ്, ആനന്ദ് എന്നിവ ഉൾപ്പെടുന്ന 15 സീറ്റുകളിൽ മുസ്‌ലിംകൾക്ക് ഗണ്യമായ വോട്ട് വിഹിതമുണ്ട്.
അതേസമയം, മറ്റ് സമുദായങ്ങളെ പ്രകോപിപ്പിക്കാതിരിക്കാൻ മുൻനിര പാർട്ടികൾ പ്രചാരണത്തിൽ മുസ്‌ലിം പ്രശ്നങ്ങൾ ഏറ്റെടുക്കുന്നില്ല. തന്ത്രപരമായ കാരണങ്ങളാലാണ് ഇതെന്ന് കോൺഗ്രസ്സ് പറയുന്നു. നിലവിൽ, ജമാൽപൂർ- ഖാദിയയിൽ നിന്നുള്ള കോൺഗ്രസ്സ് എം എൽ എ ഇംറാൻ ഖെദാവാലയാണ് ഗുജറാത്ത് നിയമസഭയിലെ ഏക മുസ്‌ലിം അംഗം. കോൺഗ്രസ്സിന്റെ ദേശീയ നേതാവായിരുന്ന അഹ്്മദ് പട്ടേൽ ഗുജറാത്തിൽ നിന്നുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഗുജറാത്തിൽ മുസ്‌ലിം നേതൃത്വത്തിന്റെ ശൂന്യതയുണ്ട്.

ദളിതുകൾ
ദളിത് ജനസംഖ്യ ഏകദേശം ഏട്ട് ശതമാനത്തോളം വരും. അഹ്്മദാബാദ് വെസ്റ്റ്, കച്ച് എന്നീ രണ്ട് പട്ടികജാതി സംവരണ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബനസ്‌കന്ദ, പഠാൻ, ജാംനഗർ, സുരേന്ദ്രനഗർ എന്നിവ ഗണ്യമായ ദളിത് ജനസംഖ്യയുള്ള മറ്റ് ചില മണ്ഡലങ്ങളാണ്. ഇത്തവണ ദളിതുകൾ പൂർണമായി ബി ജെ പിയെ സഹായിച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ബി ജെ പിക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റി എഴുതും, സംവരണം എടുത്തുകളയും തുടങ്ങിയവ ദളിത് വിഭാഗങ്ങളെ ചകിതരാക്കുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ ഉറപ്പുകളിൽ ദളിത് വോട്ടുകൾ സ്വന്തമാക്കാനാകുമെന്ന് ബി ജെ പി ഉറപ്പിച്ച് പറയുന്നു.

ഗോത്രവർഗം
ജനസംഖ്യയിൽ ഏകദേശം 15 ശതമാനത്തോളം പട്ടിക വർഗക്കാരാണ് (എസ് ടി). ദാഹോദ്, ഛോട്ടാ ഉദേപൂർ, ബർദോലി, വൽസാദ് എന്നിവയുൾപ്പെടെ നാലെണ്ണം എസ് ടി സംവരണമാണ്. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലാണ് ഗോത്രവർഗക്കാർ വ്യാപിച്ചുകിടക്കുന്നത്. ഇന്ത്യ സഖ്യത്തിലെ പങ്കാളികളായ കോൺഗ്രസ്സും എ എ പിയും യഥാക്രമം സബർകാന്തയിലും ബറൂച്ചിലും ഗോത്രവർഗ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest