National
ബെംഗളുരുവില്‍ എ ടി എമ്മിലേക്ക് പോയ ക്യാഷ് വാന്‍ തടഞ്ഞു നിര്‍ത്തി ഏഴ് കോടിയോളം കവര്‍ന്നു
.കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സായുധ സംഘമാണ് പണം കവര്‍ന്നത്.
ബെംഗളുരു | കര്‍ണാടകയില്‍ എടിഎമ്മിലേക്കായി പണവുമായി പോവുകയായിരുന്ന വാഹനം തടഞ്ഞ് പണം കൊള്ളയടിച്ചു. ബെംഗളൂരുവിലാണ് സംഭവം.കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സായുധ സംഘമാണ് പണം കവര്‍ന്നത്. ഏകദേശം ഏഴ് കോടി രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. എച്ച്ഡിഎഫ്സി ബേങ്കിന്റെ ജെപി നഗര്‍ ശാഖയില്‍ നിന്ന് പണം കൊണ്ടുപോകുകയായിരുന്ന സിഎംഎസ് ക്യാഷ് വാന്‍ ആണ് ഇന്നോവ കാറിലെത്തിയ കൊള്ള സംഘം തടഞ്ഞത്.
കേന്ദ്ര നികുതി വകുപ്പിലെ ജീവനക്കാരാണെന്നും രേഖകള്‍ പരിശോധിക്കണമെന്നമാണ് അക്രമികള്‍ പറഞ്ഞത്. ക്യാഷ് വാനിലെ ജീവനക്കാര്‍ പ്രതികരിക്കുന്നതിന് മുമ്പ്, പ്രതികള്‍ അവരെ ബലം പ്രയോഗിച്ച് ഇന്നോവ കാറിലേക്ക് കയറ്റി പണം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഡയറി സര്‍ക്കിളിലെത്തിയപ്പോള്‍ ഇവര്‍ സിഎംഎസ് ജീവനക്കാരെ റോഡില്‍ ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നു.
പ്രതികളെ പിടികൂടാന്‍ സൗത്ത് ഡിവിഷന്‍ പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
അക്രമിസംഘം ബന്നാര്‍ഘട്ട റോഡ് വഴിയാണ് രക്ഷപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് ഡിവിഷന്‍ പോലീസ് നഗരവ്യാപകമായി തിരച്ചില്‍ ആരംഭിക്കുകയും, വിവിധയിടങ്ങളില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധന കര്‍ശനമാക്കുകയും ചെയ്തു. സംശയിക്കപ്പെടുന്ന ചാരനിറത്തിലുള്ള ഇന്നോവ കാറുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. വാഹനം കണ്ടെത്തുന്നതിനായി ജയനഗര്‍, ഡയറി സര്‍ക്കിള്‍, ബന്നാര്‍ഘട്ട റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.



