Connect with us

mns protest maharashtra

രാജ് താക്കറെക്കെതിരെ കേസ്; മഹാരാഷ്ട്രയില്‍ കലാപം ലക്ഷ്യമിട്ട് എം എന്‍ എസ്

സംഘര്‍ഷമുണ്ടായാല്‍ ഉത്തരവിന് കാത്ത് നില്‍ക്കാതെ അടിച്ചൊതുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

മുംബൈ |  പള്ളകളിലെ ഉച്ചഭാഷിണിക്കെതിരെ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ട് മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെ. ഇന്ന് പലുര്‍ച്ചെ സുബഹി നിസ്‌ക്കാരത്തിനായി ബാങ്ക് വിളിച്ചപ്പോള്‍ പള്ളികള്‍ക്ക് മുമ്പില്‍ മുന്നില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലിയാണ് എം എന്‍ എസ് പ്രകോപനം സൃഷ്ടിച്ചത്. നാസികില്‍ ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിച്ച 27 എം എന്‍ എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലും താനെയിലും ഇത്തരത്തില്‍ സംഘര്‍ഷ ശ്രമങ്ങളുണ്ടായി.
അതിനിടെ ഔറംഗാബാദിലെ കഴിഞ്ഞ ദിവസത്തെ റാലിയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ പ്രകോപനകരമായി പ്രസംഗിച്ചതിന് എം എന്‍ എസ് നേതാവ് രാജ് താക്കറെക്കെതിരെ പോലീസ് കേസെടുത്തു. റാലിയുടെ സംഘാടകരായ മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 പ്രകാരം കേസെടുത്തത്.

അതിനിടെ സംസ്ഥാനത്ത് കലാപം ലക്ഷ്യമിട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പോലീസിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന് പുറത്ത് നിന്നും ആളുകളെത്താന്‍ സാധ്യതയുണ്ട്. എവിടെയെങ്കിലും സംഘര്‍ഷ ശ്രമമുണ്ടായാല്‍ ഉത്തരവുകള്‍ക്ക് കാത്ത് നില്‍ക്കാതെ അടിച്ചൊതുക്കണമെന്ന് മുഖ്യമന്ത്രി സംസ്ഥാന ഡി ജി പിയോട് നിര്‍ദേശിച്ചു.
ഇന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ എം എന്‍ എസ് പ്രതിഷേധമുണ്ടാകുമെന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. അവധിയില്‍ പോയ എല്ലാ പോലീസുകാരേയും തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം റിസര്‍വ് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പള്ളകളിലെ ഉച്ചഭാഷിണി നീക്കം ചെയ്യുന്നതുവരെ പള്ളികള്‍ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമാണ് എം എന്‍ എസ് പറയുന്നത്. ഈദ് ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ ഇരട്ടി ശക്തിയോടെ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നാണ് രാജ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഞങ്ങളുടെ മുന്നറിയിപ്പ് നിങ്ങള്‍ വകവെച്ചില്ലെങ്കില്‍ ഞങ്ങളുടെ രീതിയില്‍ കൈകാര്യം ചെയ്യും. മെയ് നാലിനകം ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ മഹാരാഷ്ട്രയുടെ ശക്തി ഞങ്ങള്‍ കാണിക്കും. പിന്നീട് സംഭവിക്കുന്നതിനൊന്നും ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും രാജ് താക്കറെ പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest