Connect with us

sys

അടൂർ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കണം: എസ് വൈ എസ് 

മന്ത്രി വീണാ ജോർജിന് എസ് വൈ എസ് നിവേദനം നൽകി

Published

|

Last Updated

പത്തനംതിട്ട | അടൂർ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നിവേദനം നൽകി. അടൂരിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ അടൂരുമായി അടുത്തുള്ള പ്രദേശങ്ങളിലടക്കം രോഗമുള്ളവർ വിവിധ ചികിത്സകൾക്കായി ജനറൽ ആശുപത്രിയെയാണ്  ആശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിൽ കാൻസർ രോഗമുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും നിരവധിയാണ്. രോഗം നിർണയിക്കുന്നതിനും കീമോ അടക്കമുള്ള കാൻസർ ചികിത്സാ കേന്ദ്രം  ആശുപത്രിയിൽ ആരംഭിച്ചാൽ രോഗികൾക്ക് ഏറെ ആശ്വാസമാകുമെന്നും എസ് വൈ എസ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

കാൻസർ നിർണയ പരിശോധനയ്ക്ക് വരെ ദൂരസ്ഥലങ്ങളിൽ പോകേണ്ടി വരുന്നുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവർ ചികിത്സാ അസൗകര്യം കണക്കിലെടുത്ത് യഥാസമയം രോഗനിർണയം നടത്താതിരിക്കുന്നു. ഇത് രോഗം കൂടുതൽ സങ്കീർണമാകാൻ കാരണമാവുന്നു. ദീർഘകാലം ചികിത്സ ആവശ്യമായി വരുന്നതിനാൽ ദൂരെയുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്ക് രോഗികളും ബന്ധുക്കളും സഞ്ചരിക്കേണ്ടി വരുന്നത് ഏറെ പ്രയാസകരമാണ്.

ഈ അടിയന്തര സാഹചര്യത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും എസ് വൈ എസ് ജില്ലാ സെക്രട്ടറി
സുധീർ വഴിമുക്കിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.