Connect with us

Kerala

പ്രതിഷേധക്കടലായി കാലിക്കറ്റ് സർവകലാശാല; ഗവർണർ സെമിനാർ വേദിയിൽ

കറുത്ത ബലൂണുകള്‍ ഉയര്‍ത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധമായി പരീക്ഷാ ഭവന് മുന്നിൽ അണിനിരന്നത് .

Published

|

Last Updated

കോഴിക്കോട്   | സംഘി ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എസ്എഫ്‌ഐയുടെ വലിയ പ്രതിഷേധം. കറുത്ത ബലൂണുകള്‍ ഉയര്‍ത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധമായി പരീക്ഷാ ഭവന് മുന്നിൽ അണിനിരന്നത് . സെമിനാര്‍ കോമ്പൗണ്ടില്‍ ഗവര്‍ണര്‍ പ്രവേശിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധം. എന്നാൽ കനത്ത പോലീസ് സുരക്ഷയിൽ ഗവർണർ സെമിനാൽ ഹാളിൽ എത്തി.

ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിലേക്ക് മാറ്റി. അപ്രതീക്ഷിതമായി പലഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ക്യാമ്പസിലേക്ക് ചാടികയറുന്നത് പോലീസിനെ വലച്ചിരിക്കുകയാണ്.

സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ ഗവർണർ വീണ്ടും ക്ഷുഭിതനായി. പ്രതിഷേധിക്കുന്നവർ ഗുണ്ടകളാണെന്നും ക്രിമിനലുകളാണെന്നും ഗവർണർ ആവർത്തിച്ചു. എസ് എഫ് ഐക്ക് മാത്രമാണ് പ്രതിഷേധമുള്ളത്. താൻ ഇന്ന് രണ്ടര മണിക്കൂർ കോഴിക്കോട് നഗരത്തിൽ ഉണ്ടായിരുന്നു അവിടെ ആരെങ്കിലും പ്രതിഷേധിച്ചോ എന്നും ഗവർണർ ചോദിച്ചു.

വിദ്യാർഥികളെ പ്രകോപിതരാക്കുന്നത് എന്തിനാണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘ഗെറ്റ് ലോസ്റ്റ് ‘ എന്ന് ക്ഷുഭിതനായി മറുപടി നൽകി അദ്ദേഹം സെമിനാർ ഹാളിലേക്ക് പ്രവേശിച്ചു.

ക്യാമ്പസിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.