Connect with us

interview

കഥ വരച്ചും വര പറഞ്ഞും വായനക്കാരന്‍റെ ഹൃദയത്തിലേക്ക്

സവര്‍ണ-ബ്രാഹ്മണിക്കല്‍ പൊളിറ്റിക്‌സിനെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കുന്ന ഒറ്റപ്പെട്ട വ്യക്തികളെ മാത്രമേ കാണാനാവുന്നുള്ളു. അത്തരമാളുകളെ ജയിലിലടച്ചും ഭരണ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പീഡിപ്പിച്ചും അടിച്ചൊതുക്കുകയാണ് ഭരണകൂടം. ഈ ഫാസിസ്റ്റ് ശക്തികളെ പിടിച്ചുകെട്ടാന്‍ തിരഞ്ഞെടുപ്പ് ഒരു അവസരമാണ്. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്.

Published

|

Last Updated

എഴുതാനും വരയ്ക്കാനും മാത്രമല്ല വരയിലൂടെ കഥ പറയാനും കഥയെ ചിത്രം പോലെ വായനക്കാരന്‍റെ ഉള്ളില്‍ നിര്‍ത്താനും അനുഗ്രഹം കിട്ടിയ പ്രതിഭയാണ് മുഖ്താര്‍ ഉദരംപൊയില്‍. കഥാസമാഹാരങ്ങളും നോവലുമായി അഞ്ച് പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

വളരെ സ്വാഭാവികമായ ഏറനാടന്‍ ഭാഷയില്‍ അദ്ദേഹം എഴുതുന്നത് നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ടിറങ്ങും , അതുകൊണ്ടാണ് ” പുഴക്കുട്ടി ” കഥയായി ദേശാഭിമാനി വാരികയില്‍ വന്നപ്പോള്‍ തന്നെ ധാരാളം വായനക്കാര്‍ ,ഇതെന്‍റെ കഥയാണല്ലോ എന്നു കണ്ണ് നിറയ്ക്കുന്നത് , യത്തീംഖാനകളിലെയും ഹോസ്റ്റലുകളിലെയും ജീവിതം കുറഞ്ഞ കാലമെങ്കിലും അനുഭവിച്ചിട്ടുള്ള ഏറെ മനുഷ്യര്‍ എഴുത്തുകാരനെ വിളിച്ചു സ്വന്തം ഹൃദയവേദനകള്‍ പങ്കുവെച്ചത് . കഥയായി എഴുതിയ പുഴക്കുട്ടി നോവലായി മാറുന്നത്.

ലോക പുസ്തക ദിനത്തിൽ സിറാജ് ലൈവിന് വേണ്ടി എഴുത്തുകാരനും ചിത്രകാരനുമായ മുഖ്താര്‍ ഉദരംപൊയിലുമായി കഥാകൃത്തും പത്രപ്രവർത്തകയും ആകാശവാണി വാര്‍ത്ത അവതാരകയുമായ രജ്ന കെ ആസാദ് നടത്തിയ അഭിമുഖം:

? കഥാകൃത്ത്, ചിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് താങ്കള്‍. ഈ മൂന്നില്‍ പാഷന്‍ ഏതിനോടാണ്. ഇത് മൂന്നും തമ്മിലുള്ള പാരസ്പര്യം, അല്ലെങ്കില്‍ വൈജാത്യം പ്രശ്‌നമാകാറുണ്ടോ?

= കുട്ടിക്കാലം മുതലേ വരക്കുമായിരുന്നു. വരയിലൂടെയാണ് എഴുത്തിലേക്ക് വരുന്നത്. കുട്ടിക്കാലത്ത് കൂടുതലായി വായിച്ചിരുന്നത് ചിത്രകഥകളായതിനാല്‍ ചിത്രകഥകളുണ്ടാക്കുകയായിരുന്നു അക്കാലത്തെ ഹോബി. പിന്നീട് കഥയും വരയും രണ്ടായി മാറുകയായിരുന്നു. എന്നെ സംബന്ധിച്ച് എഴുത്തും വരയും രണ്ടല്ല. എങ്കിലും കഥ പറച്ചിലാണ് എനിക്ക് ഏറെ ഇഷ്ടം. ചിത്രം വരച്ചാലും അതിലൊരു കഥയുണ്ടാവും. കഥ എഴുതിയാല്‍ അതില്‍ കുറേ ചിത്രങ്ങളുണ്ടാവും. രണ്ടും എനിക്ക് ഒന്നു തന്നെ. ചിത്രമെഴുതുകയും കഥ വരക്കുകയുമാണ് ചെയ്യുന്നതെന്ന് വേണമെങ്കില്‍ പറയാം. വരയ്ക്കുമ്പോഴും എഴുതുമ്പോഴും അറിയാതെ ആത്മാംശത്തിന്റെ കടുംവര്‍ണങ്ങള്‍ വന്നുചേരാറുണ്ട്.

പത്രപ്രവര്‍ത്തനത്തിലേക്ക് ഞാന്‍ വഴി തെറ്റി വന്നതാണ്. ഒരു ചിത്രകലാ അധ്യാപകനാവാനായിരുന്നു ആഗ്രഹം. അതിന് വേണ്ടി ചിത്രകലയില്‍ ഡിപ്ലോമയെടുക്കുകയും ചെയ്തിരുന്നു. ചിത്രകല പഠിക്കുന്ന കാലത്ത് എഴുത്തിലുള്ള കമ്പം കൊണ്ട് ചില സമാന്തര മാഗസിന്‍ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഭാഗമായിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളും എഴുത്തുകളും എന്നെ മാധ്യമ പ്രവര്‍ത്തനത്തില്‍ എത്തിക്കുകയായിരുന്നു. ക്രിയേറ്റീവ് ജേണലിസമാണ് എന്റെ വഴി. അതിന് പത്രത്തില്‍ പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ ഒരു മികച്ച മാധ്യമ പ്രവര്‍ത്തകനല്ല. അതെന്റെ തൊഴില്‍ മാത്രമാണ്.

? ‘വിശപ്പാണ് സത്യം’ എന്ന പുസ്തകം ഓര്‍മ-അനുഭവം എന്ന നിലയിലാണ് എഴുതിയതെങ്കിലും അതിന്റെ കുറേക്കൂടെ തീവ്രതലം ‘പുഴക്കുട്ടി’ എന്ന നോവലില്‍ കാണാന്‍ കഴിയുന്നുണ്ട്. പഴയ തലമുറ എഴുത്തുകാരുടെ മുഖ്യപ്രമേയവും വിശപ്പായിരുന്നു. എന്നാല്‍ വിശപ്പ് മാറിയ പുതിയ തലമുറയിലെ പ്രമേയങ്ങള്‍ വ്യത്യസ്തമാണ്. പലരും ദാരിദ്ര്യം, മനുഷ്യാവകാശലംഘനങ്ങള്‍, ഫാസിസം എന്നിങ്ങനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെയല്ല പ്രമേയമാക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ? അതായത് അനുഭവങ്ങളും സാമൂഹ്യപ്രതിബദ്ധതയുമല്ലാത്ത പുതിയൊരു തലമാണ് അവരുടേത് എന്നഭിപ്രായമുണ്ടോ?

= ശരിയാണ്, പുതിയ കാലത്തെ എഴുത്തില്‍ വിശപ്പ് ഒരു പ്രമേയമായി കടന്നുവരുന്നത് വളരെ കുറവാണ്. എങ്കിലും മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നം എന്ന നിലക്ക് വിശപ്പ് ഇനിയും എഴുത്തില്‍ കടന്നുവരാതിരിക്കില്ല. അതിന്റെ മാനങ്ങള്‍ മാറിയിട്ടുണ്ടാവും. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയും ആടുജീവിതവുമൊക്കെ വിശപ്പിന്റെ കൂടെ കഥയല്ലേ. വിശപ്പ്, ദാരിദ്ര്യം, അതിന്റെ ഓര്‍മ എന്നൊക്കെ പറയുമ്പോള്‍ ഒരു തരം പുച്ഛം മലയാളികള്‍ക്ക് പൊതുവെയുണ്ട്. വിശപ്പ് ഒരു വിഷയമല്ലാതായെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇപ്പോഴും വിശപ്പിന്റെ കുറ്റത്തിന് മധുമാര്‍ കൊല്ലപ്പെടുന്നുണ്ട്. വിശപ്പു സഹിക്കാതെ പൂച്ചയെ പച്ചക്ക് തിന്നുന്ന ഇതരസംസ്ഥാനക്കാരന്റെ വാര്‍ത്ത നമ്മള്‍ വായിക്കുന്നുണ്ട്. കോവിഡ് കാലത്ത് സര്‍ക്കാറിന്റെ കിറ്റിന് വേണ്ടി വരിനിന്നത് വിശപ്പിന്റെ കാരണം കൊണ്ടു തന്നെയായിരുന്നു. വിശപ്പിന് ഭക്ഷണവുമായി മാത്രമല്ല പലവിധ സാംസ്‌ക്കാരിക/സാമ്പത്തികാവസ്ഥകളുമായി കൂടി ബന്ധമുണ്ട്.

പുതിയ എഴുത്തുകാര്‍ പ്രമേയത്തെക്കാള്‍ പ്രധാനം ക്രാഫ്റ്റില്‍ കല്‍പ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. കലയെ കുറിച്ചുള്ള കണ്‍സപ്റ്റ് മാറി. പുതിയ കാലത്ത് ട്രന്റാകുന്ന പുസ്തകങ്ങളും അതിലെ കഥാപരിസരവും പരിശോധിച്ചാല്‍ അത് വ്യക്തമാവും. മനുഷ്യനെ നേരിട്ട് ബാധിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പുതിയ കഥയെഴുത്തുകാര്‍ പലപ്പോഴും മടിക്കുന്നുണ്ടെന്ന് തോന്നാറുണ്ട്. അവര്‍ രാഷ്ട്രീയ പ്രതിബന്ധത ഇല്ലാത്തവരാണെന്ന് ഇതിനര്‍ഥമില്ല. പ്രമേയ സ്വീകരണത്തില്‍ പുതുമ കൊണ്ടുവരാനും ആരും പറയാത്ത വിഷയത്തെ കഥയിലേക്ക് ആവിഷ്‌കരിക്കാനുമുള്ള പരീക്ഷണാത്മകമായ ഒരു പണിയാണ് പലരും എടുക്കുന്നതെന്ന് തോന്നുന്നു. സാധാരണ മനുഷ്യരെ നേരിട്ട് ബാധിക്കുന്ന രാഷ്ട്രീയം ചര്‍ച്ചയാവുന്നത് കുറച്ചെങ്കിലും കവിതയിലാണെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ എന്റെ വായനയുടെ പരിമിതിയുമാവാം.

? നോവലും കഥകളുമെഴുതുമ്പോള്‍ ഏറനാടന്‍ ഭാഷയാണ് താങ്കളുപയോഗിക്കുന്നത്. മലബാറുകാരുമായി അതിന് എളുപ്പത്തില്‍ സംവദിക്കാനാവുന്നുമുണ്ട്. ഈ ഏറനാടന്‍ ശൈലിയുമായി താങ്കള്‍ക്ക് ഒരു വൈകാരിക ബന്ധമുണ്ട് അല്ലേ? അത് കൂടുതല്‍ കംഫര്‍ട്ടബിളായി തോന്നുന്നുണ്ടോ?

= എന്റെ എഴുത്തില്‍ കൂടുതലും കിഴക്കന്‍ ഏറനാടിന്റെ ഭാഷയും സംസ്‌കാരവും ജീവിതവുമാണ് കടന്നുവരാറുള്ളത്. എഴുത്തില്‍ മാത്രമല്ല വരയിലും അത് കണ്ടേക്കാം. ഞാന്‍ ജനിച്ച് വളര്‍ന്ന ജീവിത പരിസരമാണത്. അതാണെന്റെ മാതൃഭാഷ. അതുകൊണ്ടു തന്നെ കിഴക്കനേറനാടന്‍ ഭാഷയും ശൈലിയും എനിക്ക് എളുപ്പത്തില്‍ ആവിഷ്‌കരിക്കാനാവും. മലയാള സാഹിത്യത്തില്‍ അതങ്ങനെ ആവിഷ്‌കരിക്കപ്പെട്ടിട്ടുമില്ല. അങ്ങനെ ഒരു സ്‌പെയിസ് അവിടെ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് തോന്നി. കരുതിക്കൂട്ടി ആ ഭാഷ കൊണ്ടുവരുന്നതല്ല. സ്വാഭാവികമായും അങ്ങനെ സംഭവിക്കുന്നതാണ്. ഏറനാടന്‍ പരിസരത്തു നിന്നാണ് ഞാന്‍ കഥ പറയുന്നത്. അത്തരം ആവിഷ്‌കാരങ്ങള്‍ക്ക് ആ ഭാഷ കൂടിയേ തീരു. അല്ലെങ്കില്‍ അത് പൂര്‍ണമാവില്ല.
ഏറനാടന്‍ ഭാഷ ഉപയോഗിക്കാത്ത കഥകളും ഞാന്‍ എഴുതിയിട്ടുണ്ട്. മു.മാപ്ര എന്ന കഥ ഏറനാടിന് പുറത്താണ് നടക്കുന്നത്. അതുകൊണ്ടു തന്നെ അതിന്റെ ഭാഷ മറ്റൊന്നാണ്. കിഴക്കനേറനാടന്‍ ഭാഷയിലേ എഴുതൂ എന്ന ശാഠ്യമൊന്നും എനിക്കില്ല. പക്ഷെ, ആ ഭാഷയെ അതിന്റെ തനിമയോടെ തന്നെ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന ബോധ്യവും നിശ്ചയവും എനിക്കുണ്ട് താനും.

? പുഴക്കുട്ടി എന്ന നോവലിനും മു മാപ്ര എന്ന കഥക്കും എഐ ഉപയോഗിച്ചാണ് താങ്കള്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. സ്വന്തം കഥാപാത്രങ്ങളെ, അതും ആത്മാംശം ഉള്ളവയെ എ.ഐ ഉപയോഗിച്ചു വരച്ചതിന്റെ അനുഭവങ്ങള്‍ എന്താണ്? എന്താണ് സ്വന്തം ശൈലിയിലുള്ള വരകളില്‍ നിന്ന് വ്യത്യസ്തമായി തോന്നിയത്?

= ഒരാളുടെ എഴുത്തിന് മറ്റൊരാള്‍ ചിത്രം വരക്കുമ്പോള്‍ അത് മറ്റൊരു വായനയായിട്ടാണ് അനുഭവപ്പെടുക. പലപ്പോഴും എഴുത്തുകാരന്‍ കാണാത്ത ഒരു വീക്ഷണകോണില്‍ നിന്ന് ചിത്രകാരന്‍ ആ രചനയെ നോക്കിക്കാണുന്നുണ്ട്. അത് എഴുത്തിനെ കൂടുതല്‍ തലങ്ങളിലേക്ക് വികസിപ്പിക്കും. എന്നാല്‍ എഴുതിയ ആള്‍ തന്നെ ആ രചനക്ക് ചിത്രം വരക്കേണ്ടി വരുമ്പോള്‍ ചില പരിമിതികള്‍ ആ വരകള്‍ക്ക് ഉണ്ടാവും. എഴുത്തുകാരനും ചിത്രകാരനും ഒരേ വീക്ഷണകോണില്‍ നിന്നാവും അപ്പോള്‍ രചനയെ സമീപിക്കുക. എന്റെ എഴുത്തിന് വേണ്ടി ഞാന്‍ തന്നെ വരക്കുമ്പോഴുള്ള പരിമിതികളെ മറികടക്കാനുള്ള ടൂള്‍ ആയിട്ടാണ് ഞാന്‍ എഐയെ ഉപയോഗപ്പെടുത്തിയത്. നമ്മള്‍ വിചാരിച്ച മൂഡില്‍ ചിത്രം കിട്ടാന്‍ ചിലപ്പോള്‍ കുറേയേറെ സൂചനകള്‍ മാറ്റിമാറ്റി നല്‍കേണ്ടി വരും. ചില ചിത്രങ്ങളില്‍ ഫോട്ടോഷോപ്പില്‍ കുറച്ച് പണികള്‍ ആവശ്യമായി വരും. ചിലപ്പോള്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് വേണ്ടിവരും ഒരു ചിത്രം നിര്‍മിക്കാന്‍. നോവലിന് വേണ്ടി എ.ഐയില്‍ വരയ്ക്കുക എന്നത് മെനക്കെട്ട പണിയായിരുന്നു. പക്ഷെ, അത് രസകരമായിരുന്നു.

നമ്മള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് എ.ഐ ചിത്രനിര്‍മാണം നടത്തുന്നത്. ഏറ്റവും നന്നായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കുന്നവര്‍ക്കാണ് ഏറ്റവും നല്ല ചിത്രം നിര്‍മിക്കാനാവുക. അതുകൊണ്ടു തന്നെ നല്ല ഒരു ആര്‍ട്ടിസ്റ്റിന് എ.ഐയില്‍ നല്ല ചിത്രങ്ങള്‍ നിര്‍മിക്കാനാവും. അവന്റെ ഭാവനയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതികതയും കൂടി ചേരുമ്പോള്‍ അത്ഭുതങ്ങള്‍ തീര്‍ക്കാനാവും.
എന്നാല്‍ ഐ ഐ ചിത്രങ്ങള്‍ക്ക് പരിമിതികളുമുണ്ട്. അതിനൊരു കൃത്രിമത്വം പലപ്പോഴും ഫീല്‍ ചെയ്യും. കലാവിഷ്‌കാരത്തിന്റെ ജൈവികത കിട്ടിക്കോളണമെന്നുമില്ല. ഒരു ചിത്രകാരന്‍ അവന്റെ അനുഭവങ്ങളില്‍ നിന്നും നിരന്തരമായ പരീശീലനത്തില്‍ നിന്നും ജീവിത പരിസരത്തുനിന്നും ബൗദ്ധികനിരീക്ഷണങ്ങളില്‍ നിന്നും ആര്‍ജിച്ചെടുക്കുന്ന ദൃശ്യബോധവും നിറസങ്കല്‍പങ്ങളും ഇമേജറികളുമെല്ലാം മൗലികമായിരിക്കും. ആ മൗലികതയുടെ താളവും ലാളിത്യവും ആഴവും എഐ ചിത്രങ്ങള്‍ക്ക് നല്‍കാനാവില്ല.

? ഫസ്ഖ് പെണ്ണ്, മു മാപ്ര തുടങ്ങിയ കഥകളില്‍ മപരവും സാമൂഹികവുമായ വിമര്‍ശനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ടല്ലോ. ശരിയായ മതനിയമങ്ങളും അനുഷ്ഠാനങ്ങളില്‍ ചിലതും തമ്മില്‍ ബന്ധമില്ലെന്നും അത് എഴുത്തിലൂടെ പറയണമെന്നും തോന്നിയിട്ടുണ്ടോ?

= മതമെന്ന പേരില്‍ ആചരിക്കപ്പെടുന്ന പലതും മതവുമായി ബന്ധമില്ലാത്തതും പലപ്പോഴും മതത്തെ തന്നെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അത്തരം സംഗതികളെ എഴുത്തിലൂടെ പറയാന്‍ ശ്രമിക്കാറുണ്ട്. മുസ്ലിം സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് ഇങ്ങനെ ചില വിമര്‍ശനങ്ങള്‍ എഴുത്തില്‍ കടന്നുവരാറുണ്ട്. അതൊന്നും മതവിമര്‍ശനമല്ല. എന്നാല്‍ ഇസ്ലാമോഫോബിക് പൊതുബോധം ശക്തമായ ഒരു അന്തരീക്ഷത്തില്‍ അത്തരം വിമര്‍ശനങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെടുകയും ഇസ്ലാമോഫോബിക് കണ്ടന്റായി ദുരുപയോഗപ്പെടുത്തപ്പെടുകയും ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളില്‍ പോലും ക്ലാരിറ്റി വരുത്തേണ്ട സാഹചര്യം നിലവിലുണ്ട്. അത് വലിയ പ്രതിസന്ധിയാണ്.

സര്‍ഗാത്മക സാഹിത്യത്തില്‍ അതിന് പരിമിതിയുണ്ട്. ഫസ്ഖ് പെണ്ണ് എന്ന കഥയില്‍ ഇന്ത്യയിലെ നിയമ പ്രകാരം ഫസ്ഖ് നേടാന്‍ ഒരു സ്ത്രീ അനുഭവിക്കുന്ന പ്രയാസത്തെ കുറിച്ചാണ് പറയാന്‍ ശ്രമിച്ചത്. അത് ഇസ്ലാമിലെ ഫസ്ഖ് നിയമത്തിന്റെ പ്രശ്‌നമല്ല. നടപ്പിലാക്കുന്നിടത്തുള്ള സാങ്കേതിക പ്രതിസന്ധികളാണ്. അത് ആ രീതിയില്‍ മനസ്സിലാക്കാന്‍ ഫസ്ഖ് എന്താണെന്നും അത് എങ്ങനെയാണ് ഇന്ത്യയില്‍ നടപ്പിലാക്കുന്നതെന്ന് കൂടി വ്യാഖ്യാനിക്കേണ്ടി വരുന്ന ദുരവസ്ഥയുണ്ട്. അതാണ് അതിന്റെ പരിമിതി, അത്തരം എഴുത്തുകള്‍ നാം കരുതുന്ന ആംഗിളില്‍ നിന്നാവില്ല ചിലര്‍ വായിക്കുക. അതിനെ മറികടക്കാനുള്ള പ്രാപ്തി നേടുക എന്നത് വെല്ലുവിളിയാണ്.
പുഴക്കുട്ടി എന്ന നോവലില്‍ അത്തരം പ്രതിസന്ധികളെ തരണം ചെയ്യാനാണ് പിരാന്തന്‍ അബു എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. അയാളിലൂടെയാണ് ചില വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ ക്ലാരിറ്റി വരുത്തുന്നത്.

?. പുഴക്കുട്ടി പലരുടെയും കണ്ണുകളെ ഈറനാക്കിയ കഥയാണ്. അത് താങ്കളുടെ തന്നെ തീവ്രമായ ബാല്യാനുഭവങ്ങളിലൊന്നാണ്. പക്ഷേ എഴുതുന്നത് വളരെക്കാലം കഴിഞ്ഞുമാണ്. പിന്നീടത് നോവലായി മാറ്റിയെഴുതി, ഈ രണ്ടു കാലങ്ങളില്‍ രണ്ട് ഫോര്‍മാറ്റുകളില്‍ ചെയ്തപ്പോള്‍ ആ അനുഭവങ്ങളുടെ തീവ്രത അതേപടി എഴുത്തില്‍ കൊണ്ടുവരാനായെന്ന് വിശ്വസിക്കുന്നുണ്ടോ? അതിലപ്പുറം ആ അനുഭവങ്ങളെ എങ്ങനെ കാണുന്നു?

= രണ്ടു കൊല്ലമാണ് ഒരു യത്തീംഖാനയില്‍ കഴിഞ്ഞത്. ഏഴ്, എട്ട് ക്ലാസുകളില്‍. ഞാനും മൂത്താപ്പയുടെ മകനും. ഞങ്ങള്‍ യത്തീമുകളായിരുന്നില്ല. അഗതികള്‍ക്കും പ്രവേശനമുണ്ടായിരുന്നതുകൊണ്ട് എത്തിപ്പെട്ടതാണ്. രണ്ടു വര്‍ഷത്തെ യത്തീംഖാന ജീവിതം തന്ന അനുഭവങ്ങള്‍ ചെറുതല്ല. ഉള്ളില്‍ വെന്തുകിടക്കുന്ന ആ സങ്കടങ്ങളാണ് കഥയായി എഴുതുന്നത്. അത് കുറേ മുമ്പ് എഴുതി വെച്ചിരുന്നതാണ്. പിന്നെ പലവട്ടം മാറ്റി എഴുതിയാണ് ദേശാഭിമാനി വാരികക്ക് കൊടുക്കുന്നത്. അത് വായിച്ച് സമാന അനുഭവമുള്ളവര്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. ചിലര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കഥ വായിച്ച ചില സുഹൃത്തുക്കളാണ് അതിലൊരു നോവലിനുള്ള സാധ്യത പറയുന്നത്. അങ്ങനെയാണ് പുഴക്കുട്ടി നോവലാവുന്നത്. കഥയുടെ വലിപ്പം കൂടുമെന്ന് ഭയന്ന് ഒഴിവാക്കിയ ചില കാര്യങ്ങളും സമാന അനുഭവമുള്ളവര്‍ പറഞ്ഞ കഥകളും ചേര്‍ത്താണ് കഥയെ നോവലാക്കുന്നത്. ഇത് ചെറിയ ഒരു നോവലാണ്. സങ്കടങ്ങളാണ് ഏറെയും. അതിവൈകാരിക കടന്നുവരാതിരിക്കാനുള്ള ജാഗ്രത കൊണ്ടാണ് വല്ലാതെ നീട്ടിപ്പരത്തി പറയാതിരുന്നത്. ഇത് യത്തീംഖാനകളുടെ മാത്രം കഥയല്ല, അനാഥാലയങ്ങളുടെ, അഗതിമന്ദിരങ്ങളുടെ, കാരുണ്യഭവനങ്ങളുടെ, ‘അഭയകേന്ദ്ര’ങ്ങളുടെയൊക്കെ നിയന്ത്രണത്തിനുള്ളില്‍ കഴിയേണ്ടി വരുന്ന മുഴുവന്‍ കുട്ടികളുടെയും കഥയാണ്. സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാവാം. പക്ഷേ, കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും ഒന്നുതന്നെയാണ്.
എങ്കിലും എഴുതിപ്രതിഫലിപ്പിക്കാനാവാത്ത വൈകാരികാവസ്ഥകള്‍ ഒരുപാടുണ്ട്. വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവുന്നതല്ലോ എല്ലാ വ്യഥകളും.

? ജീവിതത്തിന്റെ സമസ്ത മേഖലകളിലും വര്‍ഗീയത കയറിവരികയാണ്. ‘ബ്ലാക്ക്മാന്‍’ എന്ന കഥയില്‍ താങ്കള്‍ അത് പരാമര്‍ശിച്ചിട്ടുണ്ട്. വ്യക്തിയും എഴുത്തുകാരനുമെല്ലാം മതം തിരിച്ചു വായിക്കപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നാം മാറിക്കൊണ്ടിരിക്കയാണ്. നമ്മുടെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളുടെ ഭാവി മതേതരമായി തുടരുമോ എന്ന ആശങ്കയിലെത്തി നില്‍ക്കുന്നു, ഇതേക്കുറിച്ച് എന്താണ് താങ്കള്‍ക്ക് തോന്നുന്നത്?

= ജീവിതത്തിന്റെ സമസ്ത മേഖലകളിലും വര്‍ഗീയത കയറിവന്നു കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. സ്‌നേഹത്തോടെ തോളില്‍ കയ്യിട്ടു നടന്നിരുന്നവരെല്ലാം പരസ്പരം സംശയത്തോടെ മാറി നടക്കുന്ന സാഹചര്യം നിലവിലുണ്ട്. വര്‍ഗീയ ധ്രുവീകരണം പലനിലക്കും സംഭവിച്ചുകഴിഞ്ഞു. ദളിത്, മുസ്ലിം വിരുദ്ധ പൊതുബോധം സാമാന്യമായിക്കഴിഞ്ഞു. ഹിന്ദുത്വ ഫാസിസം ഇന്ത്യയുടെ ഭരണം പിടിച്ചടക്കിയത് വര്‍ഗീയതയിലൂടെയാണ്. ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോലും എന്തൊക്കെ കള്ളങ്ങള്‍ പറഞ്ഞാണ് വര്‍ഗീതയിളക്കി ലാഭം കൊയ്യാല്‍ ഉത്തരവാദപ്പെട്ടവര്‍ പോലും ശ്രമിക്കുന്നത്.
വ്യക്തിയും എഴുത്തുകാരനുമെല്ലാം മതം തിരിച്ചു വായിക്കപ്പെടുന്ന അവസ്ഥ ഇപ്പോഴില്ലേ. മതവും പേരും വേഷവുമെല്ലാം നീതി നിഷേധിക്കപ്പെടാന്‍ കാരണമാവുന്ന നിയമഭേദഗതികള്‍ ഭരണകൂടം തന്നെ നടപ്പിലാക്കുന്നു. കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ ബ്രാഹ്മണിക് പൊളിറ്റിക്‌സിന്റെ കടന്നുകയറ്റം യാഥാര്‍ഥ്യമായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ നമ്മുടെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളുടെ ഭാവി മതേതരമായി തുടരുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. എന്നാല്‍ ഇപ്പോഴും ഫാസിസ്റ്റ് വിരുദ്ധമെന്ന് കരുതുന്ന കലാ സാഹിത്യ സാസ്‌കാരിക പ്രവര്‍ത്തകര്‍ പോലും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നത് സംശയമാണ്. ഫാസിസത്തിനെതിരായ സാംസ്‌കാരിക പ്രതിരോധം ദുര്‍ബലമാണ്. അത് ശക്തിപ്പെടണം.

സവര്‍ണ-ബ്രാഹ്മണിക്കല്‍ പൊളിറ്റിക്‌സിനെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കുന്ന ഒറ്റപ്പെട്ട വ്യക്തികളെ മാത്രമേ കാണാനാവുന്നുള്ളു. അത്തരമാളുകളെ ജയിലിലടച്ചും ഭരണ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പീഡിപ്പിച്ചും അടിച്ചൊതുക്കുകയാണ് ഭരണകൂടം. ഈ ഫാസിസ്റ്റ് ശക്തികളെ പിടിച്ചുകെട്ടാന്‍ തിരഞ്ഞെടുപ്പ് ഒരു അവസരമാണ്. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. ബിജെപിയെ നിലക്കുനിര്‍ത്താനുള്ള പ്രചരണം സാസ്‌കാരിക ലോകത്തു നിന്നുകൂടെ ശക്തമായി ഉണ്ടാവേണ്ടതാണ്. കേരളത്തില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ലെന്നറിയാം. പക്ഷെ, അവരുടെ വോട്ട് കൂടാതെ നോക്കുക എന്നതാണ് അവര്‍ക്ക് നല്‍കാവുന്ന തിരിച്ചടി. അത്തരം തിരിച്ചടികളിലൂടെയാണ് മതേതര സാംസ്‌കാരിക പരിസരം തിരിച്ചുപിടിക്കാനാവുക.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ നിരന്തരമായി സംസാരിച്ചുകൊണ്ടിരിക്കുക. എഴുത്തിലും കലാവിഷ്‌കാരങ്ങളിലും ശക്തമായി രാഷ്ട്രീയം പറയേണ്ട കാലമാണിത്. അത് എഴുത്തുകാരും കലാകാരന്മാരും തിരിച്ചറിയണം.

എഴുത്തിലും വരയിലുമെന്നപോലെ തന്‍റെ നിരീക്ഷണങ്ങളിലും തെളിഞ്ഞ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ളയാളാണ് മുഖ്താർ ഉദരംപൊയില്‍ . ഓരോ ചോദ്യത്തിനുള്ള ഉത്തരത്തിലും അദ്ദേഹം ലളിതമായും കൃത്യമായും അത് തെളിയിക്കുന്നുണ്ട്
അദ്ദേഹത്തിന്‍റെ പുതിയ കഥാസമാഹാരമായ ” “ഉസ്താദ് എംബാപ്പെ ” ക്ക് ആശംസകൾ അറിയിക്കുന്നു.