Business
യു എ ഇയില്‍ തൊറാസിക് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ മുന്നേറ്റം; ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയും റോസ്വെല്‍ പാര്‍ക്കും കരാര്‍ ഒപ്പിട്ടു
ശ്വാസകോശം, അന്നനാളം, നെഞ്ചിലെ മറ്റ് ഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളുടെ ചികിത്സക്കായി അബൂദബിയില്‍ അതിവിദഗ്ധ തൊറാസിക് സര്‍ജറി പ്രോഗ്രാം ആരംഭിക്കുകയാണ് ലക്ഷ്യം.
അബൂദബി/ന്യൂയോര്‍ക്ക് | തൊറാസിക് കാന്‍സര്‍ ചികിത്സാ രംഗത്തെ വിദഗ്ധ ശസ്ത്രക്രിയ മിഡില്‍ ഈസ്റ്റിലെ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനായി ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴിലുള്ള ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയും യു എസിലെ പ്രമുഖ ക്യാന്‍സര്‍ ഗവേഷണ ചികിത്സാ കേന്ദ്രമായ റോസ്വെല്‍ പാര്‍ക്ക് കോംപ്രിഹെന്‍സീവ് ക്യാന്‍സര്‍ സെന്ററും തന്ത്രപ്രധാനമായ കരാറിലൊപ്പിട്ടു. ശ്വാസകോശം, അന്നനാളം, നെഞ്ചിലെ മറ്റ് ഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളുടെ ചികിത്സക്കായി അബൂദബിയില്‍ അതിവിദഗ്ധ തൊറാസിക് സര്‍ജറി പ്രോഗ്രാം ആരംഭിക്കുകയാണ് ലക്ഷ്യം. ഇതുവഴി സങ്കീര്‍ണമായ ക്യാന്‍സര്‍ ചികിത്സകള്‍ക്കായി രോഗികള്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. യു എസിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗീകാരമുള്ള രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള റോസ്വെല്‍ പാര്‍ക്ക്.
ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ റോസ്വെല്‍ പാര്‍ക്ക് പ്രസിഡന്റും സി ഇ ഒയുമായ ഡോ. കാന്‍ഡിസ് എസ് ജോണ്‍സണും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി സി ഇ ഒ. ഡോ. മുജ്തബ അലി ഖാനും ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടു. ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും സി ഇ ഒയുമായ ഡോ. ഷംഷീര്‍ വയലില്‍, റോസ്വെല്‍ പാര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറും തൊറാസിക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. സായ് യെന്ദമുരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പങ്കാളിത്തത്തിന്റെ ഭാഗമായി പ്രത്യേക തൊറാസിക് വിഭാഗം ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കും. റോസ്വെല്‍ പാര്‍ക്കിന്റെ അക്കാദമിക് വൈദഗ്ധ്യവും അന്താരാഷ്ട്ര തലത്തിലുള്ള ചികിത്സാ പ്രോട്ടോക്കോളുകളും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളുമായി സംയോജിപ്പിച്ചായിരിക്കും ഈ നൂതന തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുക. അത്യാധുനിക റോബോട്ടിക് സര്‍ജറി, വീഡിയോ അസ്സിസ്റ്റഡ് കീഹോള്‍ സര്‍ജറി, പരമ്പരാഗത ശസ്ത്രക്രിയകള്‍ എന്നിവ ബുര്‍ജീലില്‍ ലഭ്യമാക്കും.
ചികിത്സക്കും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം
ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന യു എ ഇയിലെ തന്നെ ഏറ്റവും വലിയ കാന്‍സര്‍ കെയര്‍ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നായ ബുര്‍ജീല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ പാനലുമായി റോസ്വെല്‍ പാര്‍ക്കിലെ ക്യാന്‍സര്‍ വിദഗ്ധര്‍ സഹകരിച്ചു പ്രവര്‍ത്തിക്കും. സങ്കീര്‍ണമായ കേസുകളില്‍ ഇരു സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാരടങ്ങുന്ന തൊറാസിക് ട്യൂമര്‍ ബോര്‍ഡിന്റെ സേവനവും രോഗികള്‍ക്ക് ലഭ്യമാക്കും.
ചികിത്സക്ക് പുറമെ അക്കാദമിക് ഗവേഷണങ്ങള്‍ക്കും കരാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന ലീഡ് തൊറാസിക് സര്‍ജന് റോസ്വെല്‍ പാര്‍ക്കിന്റെ അക്കാദമിക് പദവിയുണ്ടായിരിക്കും. രണ്ട് സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍ക്കും വിദഗ്ധര്‍ക്കും പരസ്പരം അറിവ് പങ്കുവെക്കാനുള്ള അവസരങ്ങളും ഇതിലൂടെ ഒരുങ്ങും.
ഏറ്റവും മികച്ച തൊറാസിക് ക്യാന്‍സര്‍ ചികിത്സ സ്വന്തം നാട്ടില്‍ തന്നെ ലഭ്യമാക്കുന്നതിലൂടെ വിദഗ്ധ ചികിത്സക്കായി ഇവിടെയുള്ള രോഗികള്‍ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
1898-ല്‍ ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ സ്ഥാപിതമായ റോസ്വെല്‍ പാര്‍ക്ക്, ലോകത്തില്‍ ക്യാന്‍സര്‍ ഗവേഷണത്തിനായി മാത്രം ആരംഭിച്ച ആദ്യത്തെ സ്ഥാപനമാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്താനുള്ള പി എസ് എ (PSA) ടെസ്റ്റ് വികസിപ്പിച്ചെടുത്തത് ഇവിടെയാണ്. അമേരിക്കയിലെ ക്യാന്‍സര്‍ സെന്ററുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന NCI റേറ്റിംഗായ ‘എക്‌സപ്ഷണല്‍’ പദവി സ്വന്തമാക്കിയ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്ന് കൂടിയാണിത്.
Content Highlights:
Burjeel Medical City has signed a landmark partnership agreement with the US-based Roswell Park Comprehensive Cancer Center. This collaboration aims to revolutionize thoracic cancer treatment and care standards across the UAE. The initiative will introduce advanced clinical trials, expert medical exchanges, and cutting-edge therapies to oncology patients in the Gulf region.


