Connect with us

National

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തന് ജയം

കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗിന്റെ ജയം.

Published

|

Last Updated

ന്യൂഡൽഹി | ലൈംഗികാരോപണത്തെ തുടർന്ന് വിവാദത്തിലായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു എഫ് ഐ) മുന് മേധാവിയുമായ ബ്രിജ് ഭൂഷണ് ശരണ് സിങ്ങിന്റെ വിശ്വസ്തൻ ഗുസ്തി ബോഡിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റും മുൻ എംപിയുമായ സഞ്ജയ് സിംഗാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗിന്റെ ജയം. ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് വോട്ടെണ്ണലും നടത്തി.

ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണമുന്നയിച്ച് രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങളുടെ പിന്തുണയോടെയാണ് അനിത മത്സരിച്ചിരുന്നത്. അസം, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയുള്ളവയെല്ലാം സഞ്ജയ് സിംഗിനെ പിന്തുണച്ചുവെന്നാണ് സൂചന. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപി ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയാണ് സഞ്ജയ് സിംഗ്. 2019 മുതൽ ഡബ്ല്യുഎഫ്ഐയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നു. ബ്രിജ് ഭൂഷന്റെ കുടുംബാംഗങ്ങളെയോ സഹപ്രവർത്തകരെയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് താരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് ബ്രിജ് ഭൂഷന്റെ മകൻ പ്രതീകും മരുമകൻ വിശാൽ സിംഗും മത്സരത്തിനിറങ്ങിയില്ല.

ജൂലൈയിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് നടപടികൾ കോടതി വ്യവഹാരങ്ങൾ കാരണം വൈകുകയായിരുന്നു.

Latest