bribe in the name of judges
ജഡ്ജിയുടെ പേരിൽ കൈക്കൂലി: അഭിഭാഷകൻ സൈബി ജോസിനെ പോലീസ് ചോദ്യം ചെയ്തു
രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സൈബിയെ ചോദ്യം ചെയ്തത്.
കൊച്ചി | ഹൈക്കോടതി ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെ പോലീസ് ചോദ്യം ചെയ്തു. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സൈബിയെ ചോദ്യം ചെയ്തത്. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വലിയ തുക കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയിരുന്നു.
വിജിലൻസിന് നൽകിയ മൊഴി തന്നെ സൈബി ആവർത്തിച്ചുവെന്നാണ് പോലീസ് നൽകുന്ന സൂചന. അഭിഭാഷക ഫീസാണ് വാങ്ങിയത് എന്ന മൊഴി തന്നെയാണ് പോലീസിനും അദ്ദേഹം നൽകിയത്. സാക്ഷികളുടെ മൊഴി കൂടി ചേർത്ത് ഡി ജി പിക്ക് റിപ്പോർട്ട് നൽകാനാണ് കൊച്ചി കമ്മീഷണറുടെ തീരുമാനം.
ഇന്ന് രാവിലെ കമ്മീഷണറുടെ ഓഫിസിൽ ഹാജരാകാനാണ് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നത്. പണം നൽകിയ കക്ഷികളിൽ സിനിമ നിർമാതാവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പണം തട്ടിയ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് ശിപാർശ ചെയ്തിരുന്നു. ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ പേരിൽ മാത്രം സൈബി വാങ്ങിയത് 50 ലക്ഷം രൂപയാണ്. 72 ലക്ഷം കൈപ്പറ്റിയെന്നാണ് അഭിഭാഷകർ മൊഴി നൽകിയത്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയിട്ടുള്ളത്. സിനിമ നിർമാതാവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ 25 ലക്ഷം ചെലവായി. 15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. ജഡ്ജിക്ക് കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞതായി മൊഴി ലഭിച്ചിരുന്നു.
ആഡംബര ജീവിത രീതികളായിരുന്നു ഇയാളുടേത്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകളുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളായിരുന്നു ഇയാളുടെത്. സൈബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങൾ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൈബി ജോസിനെതിരെ കോടതിയലക്ഷ്യ നടപടിയടക്കം ശിപാർശ ചെയ്ത് വിജിലൻസ് രജിസ്ട്രാർ കെവി ജയകുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശിപാർശ ചെയ്യുമെന്ന് ഹൈക്കോടതി വിജിലൻസ് വിഭാഗം അറിയിച്ചു.