Connect with us

black flag protest

മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം

ചുടല, പരിയാരം എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

Published

|

Last Updated

കണ്ണൂര്‍ | ജില്ലയിൽ രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി ഉയർത്തിയത്. തളിപ്പറമ്പിലെ ചുടല, പരിയാരം എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ചുടലയിൽ രണ്ട് പേരെയും പരിയാരത്ത് ആറ് പേരെയും കസ്റ്റഡിയിലെടുത്തു.

പരിയാരം പോലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ രണ്ടിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, യൂത്ത് ലീഗ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലുമാണ് കരുതല്‍ തടങ്കല്‍.

പയ്യന്നൂരില്‍ കെ എസ് യു നേതാവ് സമദ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ആകാശ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പയ്യന്നൂര്‍ ഗാന്ധി മന്ദിറിലേക്ക് പോകുമ്പോഴാണ് സംഭവം. തളിപ്പറമ്പില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ഇവിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ കണ്ണൂരില്‍ കഴിഞ്ഞ മുഖ്യമന്ത്രി ഇന്ന് രാവിലെ കാസര്‍കോട്ടേക്ക് തിരിച്ചു. ചീമേനി തുറന്ന ജയിലിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. ജില്ലയില്‍ മറ്റ് ചില പരിപാടികളും മുഖ്യമന്ത്രിക്കുണ്ട്. ഇതിനിടെ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. പ്രധാനമായും കരിങ്കൊടി പ്രതിഷേധമാണ് നടക്കുക. ഇന്നലെ കോഴിക്കോട്ട് കരിങ്കൊടി പ്രതിഷേധം അരങ്ങേറിയിരുന്നു.