ayodhya temple
രാജ്യാധികാരം ഉറപ്പിക്കാന്‍ ബി ജെ പി രാമക്ഷേത്രം പ്രചാരണായുധമാക്കും
30 ന് അയോധ്യയില്‍ റോഡ് ഷോ നടത്തിക്കൊണ്ട് ഈ പ്രചാരണത്തിനു നരേന്ദ്രമോദി തുടക്കംകുറിക്കും.
ന്യൂഡല്‍ഹി: ബാബറി പ്രക്ഷോഭത്തിലൂടെ രാജ്യത്തെ അധികാരത്തിലെത്തിയ ബി ജെ പി അധികാരം ഉറപ്പിക്കാന്‍ രാമക്ഷേത്രത്തെ ആയുധമാക്കും. രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കി ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.
30 ന് അയോധ്യയില്‍ റോഡ് ഷോ നടത്തിക്കൊണ്ട് ഈ പ്രചാരണത്തിനു നരേന്ദ്രമോദി തുടക്കംകുറിക്കും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ ഹിന്ദുവികാരം ഉണര്‍ത്തി 50 ശതമാനം വോട്ട് വിഹിതമെങ്കിലും ഇക്കുറി നേടണമെന്നാണ് ബി ജെ പി ഭാരവാഹികള്‍ക്കുള്ള മോദിയുടെ നിര്‍ദ്ദേശം.
അടുത്ത 22 ന് രാമക്ഷേത്രം തുറക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണവും ബി ജെ പി ആരംഭിക്കും. ചടങ്ങിന് ഒരാഴ്ച മുമ്പുതന്നെ സമൂഹ മാധ്യമങ്ങളിലടക്കം ഹിന്ദുത്വ വികാരം ഉണരുന്ന വിധം പ്രചാരണം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാമക്ഷേത്രത്തോടെ രാജ്യത്തെ ഹിന്ദുവിന്റെ അഭിമാനം ഉയര്‍ന്നു എന്ന പ്രചാരണത്തിനായി ബൂത്ത് ഭാരവാഹികള്‍ വീടുകള്‍ കയറണം എന്നും നിര്‍ദ്ദേശമുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഓരോ സ്ഥലത്തും ഈ പ്രചാരണം ഏകോപിപ്പിക്കും. പ്രതിഷ്ഠാദിന ചടങ്ങുകള്‍ ഹിന്ദു ധ്രുവീകരണം സൃഷ്ടിക്കും വിധം വ്യാപകമായി പ്രചരിപ്പിക്കാനാണു നിര്‍ദ്ദേശം.
സമൂഹ മാധ്യമങ്ങളില്‍ തല്‍സമയ സംപ്രേഷണം നല്‍കുന്നതിനൊപ്പം പൊതു സ്ഥലങ്ങളില്‍ ചടങ്ങ് പ്രദര്‍ശിപ്പിക്കാനും സാധ്യമായ ഇടങ്ങളിലെല്ലാം ആത്മീയ ചടങ്ങുകള്‍ സംഘടിപ്പിക്കാനും ഇത്തരം ചടങ്ങുകളിലേക്കു പരമാവധി ഭക്തരം എത്തിക്കാനും നിര്‍ദ്ദേശമുണ്ട്.
മുപ്പതിന് അയോധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളം മോദി ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാദിന ചടങ്ങിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ ‘മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോട്ടി’ ലായിരിക്കും ഇറങ്ങുക. അന്ന് തന്നെ നവീകരിച്ച റെയില്‍വേ സ്റ്റേഷന്‍ കൂടി ഉദ്ഘാടനം ചെയ്ത് അയോധ്യയില്‍ മോദി റോഡ് ഷോയും നടത്തും. 3,284 കോടി രൂപയുടെ വികസന പദ്ധതി അയോധ്യക്കായി പ്രഖ്യാപിക്കും.
15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങളിലും പ്രധാന ഭരണ നേട്ടമായി രാമക്ഷേത്രം അവതരിപ്പിക്കും. മോദിക്കൊപ്പം അമിത് ഷായും രാജ്‌നാഥ് സിംഗും യോഗങ്ങളില്‍ പങ്കെടുക്കും. യുവാക്കളെയും സ്ത്രീകളെയും കര്‍ഷകരെയും അഭിസംബോധന ചെയ്തു പ്രത്യേകം യോഗങ്ങളില്‍ മോദി സംസാരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ രാമക്ഷേത്ര വികാരം ഉയര്‍ത്താന്‍ അയ്യായിരം യോഗങ്ങള്‍ നടത്താന്‍ യുവമോര്‍ച്ചക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.





