Connect with us

National

ബില്‍ക്കീസ് ബാനു കേസ്; പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബില്‍ക്കീസ് ബാനു ബലാത്സംഗ കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കീഴടങ്ങാന്‍ അധിക സമയം ആവശ്യപ്പെട്ട ഹരജി തളളിയ കോടതി പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കഴമ്പില്ലാത്തതാണെന്നും വ്യക്തമാക്കി. അഞ്ച് മിനിറ്റ് കൊണ്ടാണ് പ്രതികള്‍ നല്‍കിയ ഹരജി കോടതി തീര്‍പ്പാക്കിയത്.

പ്രതികളുടെ മോചനം റദ്ദാക്കിയ വിധി പറഞ്ഞ ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷയായ ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഇന്നലെ ഹരജികള്‍ സുപ്രീംകോടതിയില്‍ പരാമര്‍ശിച്ചിരുന്നു. നേരത്തെ ഈ കേസിലെ പ്രതികളെ ഗുജറാത്ത് കോടതി വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വിചാരണ നടക്കുന്നത് മഹാരാഷ്ട്രയിലായതിനാല്‍ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കിയത്.

തുടര്‍ന്ന് പ്രതികളോട് ജയിലിലെത്തി കീഴടങ്ങാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ അധിക സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ സമര്‍പ്പിച്ച ഹരജികള്‍ വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിക്കുകയായിരുന്നു. കേസിലെ പ്രതികളായ പ്രദീബ് രാമന്‍ ലാല്‍ മോദ്യ, വിപിന്‍ ചന്ദ്ര ജോഷി എന്നിവര്‍ അധിക സമയം ആവശ്യപ്പെട്ടു. പ്രതികളായ ഗോവിന്ദ് ബായ് നായി 4 ആഴ്ചയും രമേശ് ചന്ദന, മിതേഷ് ബട്ട് എന്നിവര്‍ 6 ആഴ്ചയുമാണ് കീഴടങ്ങാന്‍ അധികമായി ആവശ്യപ്പെട്ടിരുന്നത്.

തന്റെ വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നത് താനാണെന്നാണ് ഗോവിന്ദ് ബായ് നായ് സുപ്രീം കോടതിയെ അറിയിച്ചത്. മകന്റെ വിവാഹത്തിന് സമയം അനുവദിക്കണമെന്ന് രമേഷ് ചന്ദന സുപ്രീംകോടതിയെ അറിയിച്ചു. വിളവെടുപ്പ് കാലമാണ് മിതേഷ് ഭട്ട് അധിക സമയത്തിനുള്ള കാരണമായി പറയുന്നത്.

2002 ലെ ഗുജറാത്ത് കലാപത്തില്‍ ഗര്‍ഭിണിയായിരിക്കെയാണ് ബില്‍ക്കീസ് ബാനു ബലാത്സംഗത്തിന് ഇരയാവുന്നത്. ബില്‍ക്കീസ് ബാനുവിനെയും കുടുംബത്തെയും അതിക്രൂരമായാണ് കലാപകാരികള്‍ അക്രമിച്ചിരുന്നത്. ബില്‍ക്കീസ് ബാനുവും രണ്ട് മക്കളും മാത്രമാണ് കലാപാനന്തരം കുടുംബത്തില്‍ ബാക്കിയായത്.

 

 

 

 

---- facebook comment plugin here -----

Latest