Connect with us

Kerala

ബിൽക്കീസ് ബാനു കേസ്: ജയിലിലെത്തി കീഴടങ്ങുന്നതിന് അധിക സമയം ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍

വിവാഹം,വിളവെടുപ്പ്,വൃദ്ധരായ മാതാപിതാക്കള്‍; കീഴടങ്ങാന്‍ അധിക സമയത്തിന് പ്രതികൾക്ക് കാരണങ്ങള്‍ പലത്

Published

|

Last Updated

ന്യൂഡൽഹി | ബില്‍ക്കീസ് ബാനു ബലാത്സംഗ കേസിലെ 11 പ്രതികളില്‍ 5 പേര്‍ കീഴടങ്ങാന്‍ അധിക സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ ഈ കേസിലെ പ്രതികളെ ഗുജറാത്ത് കോടതി വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വിചാരണ നടക്കുന്നത് മഹാരാഷ്ട്രയിലായതിനാല്‍ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കിയത്. തുടര്‍ന്ന് പ്രതികളോട് ജയിലിലെത്തി കീഴടങ്ങാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ അധിക സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചിരുന്നു.

ജനുവരി 21 വരെ കീഴടങ്ങാനുള്ള സമയപരിധി വ്യക്തമാക്കി ഹര്‍ജികളില്‍ നേരത്തെ വാദം കേള്‍ക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി ചിതംബരേഷ് ആവശ്യപ്പെട്ടു. പിന്നാലെയാണ് മറ്റ് രണ്ട് പ്രതികളായ പ്രദീബ് രാമന്‍ ലാല്‍ മോദ്യ , വിപിന്‍ ചന്ദ്ര ജോഷി എന്നിവരും കീഴടങ്ങാന്‍ അധിക സമയം ആവശ്യപ്പെട്ടത്.
പ്രതികളായ ഗോവിന്ദ് ബായ് നായി 4 ആഴ്ചയും രമേശ് ചന്ദന, മിതേഷ് ബട്ട് എന്നിവര്‍ 6 ആഴ്ചയുമാണ് കീഴടങ്ങാന്‍ അധികമായി ആവശ്യപ്പെട്ടത്.

തന്റെ വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നത് താനാണെന്നാണ് ഗോവിന്ദ് ബായ് നായ് സുപ്രീം കോടതിയെ അറിയിച്ചത്. മകന്റെ വിവാഹത്തിന് സമയം അനുവദിക്കണമെന്ന് രമേഷ് ചന്ദന സുപ്രീം കോടതിയെ അറിയിച്ചു. വിളവെടുപ്പ് കാലമാണ് മിതേഷ് ഭട്ട് അധിക സമയത്തിനുള്ള കാരണമായി പറയുന്നത്.

2002 ലെ ഗുജറാത്ത് കലാപത്തില്‍ ഗര്‍ഭിണിയായിരിക്കെയാണ് ബില്‍ക്കീസ് ബാനു ബലാത്സംഗത്തിന് ഇരയാവുന്നത്. ബില്‍ക്കീസ് ബാനുവിനെയും കുടുംബത്തെയും അതിക്രൂരമായാണ് കലാപകാരികള്‍ അക്രമിച്ചിരുന്നത്. ബില്‍ക്കീസ് ബാനുവും രണ്ട് മക്കളും മാത്രമാണ് കലാപാനന്തരം കുടുംബത്തില്‍ ബാക്കിയായത്.