Connect with us

ATHMAYANAM

കരുതിയിരിക്കുക, കൊടും വിഷമാണത്

ഫലമുള്ള വൃക്ഷങ്ങൾക്ക് ഏറു കിട്ടും എന്നതുപോലെ അറിവുള്ളവർക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും അധിക്ഷേപങ്ങളും ഉണ്ടാകുമെന്നത് ശരിയാണ്. എന്നാൽ, പ്രതിയോഗികൾക്കും നന്മകൾ മാത്രമായിരിക്കും അവർ തിരിച്ചു നൽകുക.

Published

|

Last Updated

നാഗരികതകൾ ജലാശയങ്ങളുടെ തീരത്ത് പടർന്ന പോലെ മനുഷ്യരുടെ സാംസ്കാരിക നേട്ടങ്ങൾ പൂവിട്ട് കായ്ച്ചത് അറിവിന്റെ തീരങ്ങളിലാണ്. ജനതികളുടെ ജീവരക്തമാണ് അറിവ്. അവരുടെ സംസ്കാരങ്ങളും വിനിമയങ്ങളും നിർണയിച്ചത് അറിവാണ്. അറിവുണങ്ങിപ്പോയ ജനത അധോഗതിയിലേക്കും അധ:പതനത്തിലേക്കും കൂപ്പ് കുത്തും. ജ്ഞാനം പൂത്തുലഞ്ഞ സമൂഹം നടുനിവർന്നു നിൽക്കും. സാത്വികരായ പണ്ഡിതരിലൂടെയാണ് വിജ്ഞാനത്തിന്റെ നിലനിൽപ്പ് സാധ്യമാകുന്നത്. അപചയങ്ങളെ പ്രതിരോധിച്ച് മനുഷ്യരിലേക്ക് തനതായ മൂല്യങ്ങളെ വിനിമയം ചെയ്യുകയെന്ന ദൗത്യമേറ്റെടുത്തവരാണവർ. സുഖലോലുപതയുടെ പട്ടുപാതകൾ ഉപേക്ഷിച്ച് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ അറിവിനെ സ്വായത്തമാക്കി നമ്മുടെ വിളക്കുമരങ്ങളെ മുഴുക്കെ കെടാതെ സംരക്ഷിച്ചു നിർത്തുന്നവർ അവരാണ്.

പണ്ഡിതർ നിർവഹിക്കുന്ന ദൗത്യങ്ങളെ മനസ്സിലാക്കാതെ അങ്ങിങ്ങായി പല സമയത്തുയരുന്ന പണ്ഡിതാധിക്ഷേപ സംസാരങ്ങൾ നമുക്കിടയിൽ വരുത്തിവെക്കുന്ന വിനകൾ നമ്മൾ അറിയാതെ പോകരുതല്ലോ. അതേക്കുറിച്ചാണ് ഈ കുറിപ്പ്. മതത്തിന്റെ ജീവരക്തമായ ജ്ഞാനത്തെ സംരക്ഷിക്കുന്ന പണ്ഡിതർ അധിക്ഷേപങ്ങൾക്ക് ഇരയാവുകയെന്നത് മതത്തിനേൽക്കുന്ന മുറിപ്പാടുകളാണ്. വിളവു നശിപ്പിക്കുന്ന വന്യമൃഗങ്ങളെയും പക്ഷികളെയും ആട്ടിയകറ്റുന്ന കർഷകരെപ്പോലെ മതത്തിനെതിരെയുള്ള സർവ ദുശ്ശക്തികളെയും പ്രതിരോധിക്കുന്നവരാണ് പണ്ഡിതർ. അതിനാൽ അവരെ അധിക്ഷേപിക്കൽ വൻ പാപമായാണ് കരുതപ്പെടുന്നത്. ഇമാം അസ്റഈ(റ) തന്റെ റദ്ദുൽ വാഫിറിൽ അത് വൻകുറ്റമാണെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്.

പണ്ഡിതർക്ക് അല്ലാഹു ഉന്നതമായ പദവിയാണ് നൽകിയിരിക്കുന്നത്. “അറിവുള്ളവരും അറിവില്ലാത്തവരും സമന്മാരാണോ? ‘ എന്നൊരു ചോദ്യം സൂറത്ത് സുമറിൽ കാണാം.അറിവാളർക്ക് പ്രത്യേകമായ പദവിയുണ്ട് എന്നതാണ് ആ ചോദ്യത്തിന്റെ ആശയം. തൗഹീദ് അടക്കമുള്ള സത്യസന്ദേശങ്ങൾക്ക് സാക്ഷികളായവരിൽ അല്ലാഹുവെയും മലക്കുകളെയും എണ്ണിയ കൂട്ടത്തിൽ അല്ലാഹു പണ്ഡിതന്മാരെയും എണ്ണിയത് കാണാം. അല്ലാഹുവിന്റെ അടിമകളിൽ അവനെഏറ്റവും ഭയഭക്തിയോടെ കാണുന്നത് പണ്ഡിതന്മാരാണെന്ന് സൂറത്തുൽ ഫാത്വിറും തുറന്നു പറയുന്നുണ്ട്.

ഫലമുള്ള വൃക്ഷങ്ങൾക്ക് ഏറു കിട്ടും എന്നതുപോലെ അറിവുള്ളവർക്കെതിരെ വിദ്വേഷ പ്രചാരണങ്ങളും അധിക്ഷേപങ്ങളും ഉണ്ടാകുമെന്നത് ശരിയാണ്. എന്നാൽ, പ്രതിയോഗികൾക്കും നന്മകൾ മാത്രമായിരിക്കും അവർ തിരിച്ചു നൽകുക. ഏറ് കൊള്ളുമ്പോൾ ഫലവൃക്ഷം പഴുത്തുപാകമായ പഴങ്ങളാണല്ലോ തിരിച്ചു കൊടുക്കാറ് !. പണ്ഡിതരെ ബഹുമാനിക്കുക എന്നുള്ളത് സംസ്കാര സമ്പന്നമായ ജനതയുടെ മേൽവിലാസമാണ്. അറിവാളരെ താഴ്ത്തിക്കെട്ടുന്ന പ്രവണതകൾക്കെതിരെ ആ സമൂഹം തിരിയും. കാരണം, പണ്ഡിതരിലൂടെ പ്രചരിക്കപ്പെടേണ്ട ധാർമിക മൂല്യങ്ങളുടെ വില ഇടിഞ്ഞുപോകരുതെന്ന് നിർബന്ധം അവർക്കുണ്ടാകും.
നിർഭാഗ്യകരമെന്ന് പറയട്ടെ നമുക്കിടയിൽ പണ്ഡിതരെ വഷളാക്കുന്നവരും പണ്ഡിതർ ആക്ഷേപിക്കപ്പെടുന്നതിൽ സന്തോഷിക്കുന്നവരുമായ ചിലരുണ്ട്. അതുവഴി തങ്ങളുടെ സ്ഥാനവും മേന്മയും വളരുമെന്നാണ് അവർ കരുതുന്നത്. എന്നാൽ, അവരുടെ സർവതും അവതാളത്തിലാകുന്ന അവസ്ഥയാണ് അനുഭവങ്ങൾ.

സംശുദ്ധമായ ഹൃദയമുള്ളവരുടെ പ്രവർത്തനങ്ങൾക്ക് മാത്രമല്ലേ ആത്യന്തിക വിജയമുണ്ടാവുകയുള്ളൂ. നമ്മെ പരാജയപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് വിപാടനം ചെയ്യണമെന്നും സംഭവിച്ചു പോയതിൽ ഖേദിച്ച് മടങ്ങണമെന്നും ഇമാം ശഅറാനി അവിടുത്തെ അൽ കൗകബു ശ്ശാഹിഖ് ഫിൽ ഫർഖി ബൈനൽ മുരീദിസ്സ്വാദിഖ് വ അയ്രി സ്വാദിഖ് (പേജ് :55) എന്ന ഗ്രന്ഥത്തിൽ ഉപദേശിക്കുന്നുണ്ട്. അല്ലാഹുവിനെ കുറിച്ചും അവന്റെ സ്വാലിഹീങ്ങളായ അടിമകളെ കുറിച്ചും സദ്ഭാവന വെച്ചു പുലർത്താത്തവരും അവരോട് വിനയം കാണിക്കാത്തവരും പരാജിതരായിരിക്കും.

ആശയ വൈകല്യങ്ങളാലും വിശ്വാസ ദൗർബല്യങ്ങളാലും പറയുന്നതിന്റെ ശരി തെറ്റുകളെ കുറിച്ച് ധാരണയില്ലാത്തവരായി കൂൺ കണക്കെ മുളച്ചുപൊന്തുന്ന പ്രസ്ഥാനങ്ങളിൽ അധികവും ഇത്തരം അധിക്ഷേപങ്ങളെ പ്രധാന സംഘടനാ ദൗത്യമാക്കിയവരാണ്. പ്രഭാഷണങ്ങളും രചനകളും കഷ്ണിച്ചും വികലമാക്കിയും ഇല്ലാ കഥകൾ സൃഷ്ടിച്ചും പണ്ഡിതരെ പൊതുവിടത്തിൽ അവഹേളിക്കുകയെന്നത് ശരികളോടുള്ള കൊഞ്ഞനം കുത്തലാണ്. പൊതുജനത്തെ ആശയകുഴപ്പത്തിലാക്കാനും അവരുടെ വിശ്വാസത്തെ ദുർബലമാക്കാനും മാത്രമേ ഇത്തരം പ്രവൃത്തികൾ കൊണ്ടാകൂ.

ഇബ്നു മുബാറക്ക് (റ) പറയുന്നു: ആരെങ്കിലും പണ്ഡിതർക്ക് എതിർപക്ഷം നിന്നാൽ പാരത്രിക ജീവിതത്തെ നശിപ്പിച്ചവനാണവൻ (സിയറു അഅ്ലാലാമി നുബലാ 4/408)
ട്രോളുകൾ സർവസാധാരണമായ കാലമാണ്. അത് പാടില്ലാത്തതാണ്. ഇസ്്ലാമിക ചൈതന്യത്തെ ജീവിതത്തിൽ ആവിഷ്കരിക്കുന്ന പണ്ഡിതന്മാരെയും സജ്ജനങ്ങളെയും ട്രോളുകൾക്കിരയാക്കാൻ തീരെയും അനുവദിക്കരുത്. അതുവഴി മതത്തിന്റെ വേരുകളിലാണ് നമ്മൾ പുഴുക്കുത്തേൽപ്പിക്കുന്നത്. ചേരിതിരിഞ്ഞ് ജ്ഞാനികളെ അധിക്ഷേപിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് സമാനവുമാണ്. നമുക്ക് തന്നെയാണ് അതിന്റെ വിപത്തുണ്ടാകുക.

 

Latest