Connect with us

National

ബി.ബി.സി ഇന്ത്യയില്‍ നിരോധിക്കണം; ഹിന്ദുസേനയുടെ ഹരജി തള്ളി സുപ്രീംകോടതി

ബി.ബി.സി ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് എന്നായിരുന്നു ഹരജിയിലെ ആരോപണം.

Published

|

Last Updated

ന്യൂഡല്‍ഹി| ബി.ബി.സി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ബി.ബി.സി ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത് എന്നായിരുന്നു ഹരജിയിലെ ആരോപണം. ഈ ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ബി.ബി.സിയുടെ ഡോക്യുമെന്ററി വരാനുണ്ടായ സാഹചര്യം പരിഗണിക്കണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. ഇന്ത്യ വിരുദ്ധ വികാരം വളര്‍ത്താനാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയതെന്ന് ഹരജിക്കാരന്‍ വാദിച്ചു.

ഈ വാദത്തില്‍ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് ഖന്ന എങ്ങനെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിച്ചു. പൂര്‍ണമായി നിരോധിക്കാനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഈ ഹരജി പൂര്‍ണമായും തെറ്റിദ്ധാരണയുളവാക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ ഹരജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.