Connect with us

BULLI BAI

മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന ബുള്ളി ഭായ് ആപ്പ്: ബംഗളൂരുവില്‍ ഒരാള്‍ പിടിയില്‍

മുംബൈ പോലീസാണ് 21കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ പിടികൂടിയത്.

Published

|

Last Updated

ബംഗളൂരു | മുസ്ലിം സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ചിത്രം ലേലത്തില്‍ വെക്കുകയും ചെയ്യുന്ന ബുള്ളി ഭായ് ആപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ ബംഗളൂരുവില്‍ പിടിയില്‍. മുംബൈ പോലീസാണ് 21കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രതിയെ കൂറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു. ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും മന്ത്രി അറിയിച്ചു.

നേരത്തെ ഡല്‍ഹി പോലീസ് ജിറ്റ്ഹബില്‍ നിന്ന് ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററില്‍ ഈ ആപ്പിനെക്കുറിച്ച് ആദ്യം ട്വീറ്റ് ചെയ്തയാളുടെ വിവരങ്ങളും പോലീസ് തേടിയിട്ടുണ്ട്.

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് ബുള്ളി ഭായ് ആപ്പിന്റെ നിര്‍മാതാക്കള്‍ക്ക് എതിരെ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അപരിചിതരായ ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്‌പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമായിരുന്നു പരാതി. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും താനുള്‍പ്പെടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങള്‍ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു.

സമാനമായ ‘സുള്ളി ഡീല്‍സ്’ എന്ന ആപ്പ് വഴി നേരത്തെയും മുസ്ലിം സ്ത്രീകള്‍ക്ക് എതിരെ വ്യാപകമായി അധിക്ഷേപം നടത്തിയിരുന്നു. സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീകളെ ഉന്നംവെച്ചായിരുന്നു ആക്രമണം. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്‍പനയ്ക്ക് എന്ന് പരസ്യം വയ്ക്കുകയും ചെയ്ത ആപ്പിനെതിരെ വ്യാപക പരാതിയെ തുടര്‍ന്ന് നടപടിയെടുത്തുവെങ്കിലും തുടരന്വേഷണം ഉണ്ടായിരുന്നില്ല.