Connect with us

prathivaram poem

ബാഡ്ജ് നമ്പർ "17,001'

കല്ലില്ലാത്ത റൊട്ടിയും ചെളിയില്ലാത്ത വെള്ളവും നമുക്ക് മതിവരുവോളം കുടിക്കാം പൊന്നേ..

Published

|

Last Updated

ബാഡ്ജ്
നമ്പർ “17,001′

പുഞ്ചിരിച്ചു കിടക്കുന്ന
മുഖം കണ്ടിട്ടാകണം
അവൾ പതിവിലും
സന്തോഷവതിയായിരുന്നു…

ഉമ്മാ എന്റെ മുഖമെന്താ
വല്ലാണ്ടിരിക്കുന്നു…
ഒരു ഭംഗിയും ഇല്ലുമ്മാ
എന്നെ കാണാനിപ്പോ ..

എന്റെ കവിളുകൾ
നിറയെ പാടുകളാണ്
വല്ലാണ്ട് മെലിഞ്ഞിരിക്കുന്നു …
സെയ്നയും ലാറയും
കണ്ടാലെന്നെ കളിയാക്കും…

ഉപ്പാ പെരുന്നാളിന്
മധുരം വാങ്ങുമോ..
ഉപ്പാന്റെ ഹാലക്ക്
കൊതിയായിട്ടാ..

ചുവന്ന കറയില്ലാത്ത
ഉടുപ്പ് വാങ്ങിത്തരുമോ?
എന്റെ പുതിയ ഉടുപ്പിലും
കറപുരണ്ടു ഉപ്പച്ചി…

എനിക്ക് ഉടയാത്ത
പളുങ്ക് ഗ്ലാസിൽ
തെളിഞ്ഞ വെള്ളം
കുടിക്കണം ഉമ്മച്ചീ …

ഉമ്മച്ചി.. ഇന്ന്
നോമ്പ് തുറക്കാൻ…
കല്ലില്ലാത്ത റൊട്ടി
ഉണ്ടാക്കോ…?

എന്റെ പല്ലുകൾ
കുഞ്ഞിയല്ലേ…
പതിവുപോലെ
കുറേ ചോദ്യങ്ങൾ…
പരാതികൾ…!
ഇടക്ക് മറുപടിക്കായവൾ
വാപ്പാടെ താടി വലിക്കുന്നുണ്ട്
ഉമ്മാടെ നെഞ്ചിലേക്ക് വീണ്
മൂക്ക് പിടിച്ച് കുലുക്കുന്നുണ്ട്…

ആ ഷുഹദാക്കൾ
പറയുന്നുണ്ടാകും
“പൊന്നേ… റൈഹാൻ വാലിയിൽ
നമുക്ക് ഒന്നിച്ചൊരേദർബാറിലിരുന്ന്
നോമ്പ് മുറിക്കണം ”

അവിടെ പെല്ലറ്റ് വീണു
മോളുടെ ഉടുപ്പ് കീറില്ല..
ബോബ് വീണ്
പളുങ്ക് ഗ്ലാസുകളാരും
ഉടയ്ക്കില്ല …

കല്ലില്ലാത്ത റൊട്ടിയും
ചെളിയില്ലാത്ത വെള്ളവും
നമുക്ക് മതിവരുവോളം
കുടിക്കാം പൊന്നേ..

കുറച്ചു കഴിഞ്ഞ്
ആരൊക്കെയോ
ചേർന്നവളെ
വാരിയെടുത്തു..
കയ്യിൽ ഒരു
ബാഡ്ജ് കെട്ടി
നമ്പർ ഇട്ടു
“17,001”