Connect with us

Kerala

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ സ്ഥലം മാറ്റി

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം |  നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തീസിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്

അതേ സമയം മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗര്‍ഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം പോലും ഡോക്ടര്‍ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു

ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികള്‍ കൂടി ഡി എം ഒക്ക് ലഭിച്ചതായും ഇതുള്‍പ്പെടെ എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.ആശുപത്രിയില്‍ ചികിത്സാ വീഴ്ചയുണ്ടായെന്ന പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നിരഞ്ജനയെ ഇന്നലെ പുലര്‍ച്ചെ പരിശോധനക്കായി ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും കുഞ്ഞ് മരിച്ചു. ഡോക്ടര്‍ അഞ്ച് മിനുട്ട് മാത്രമെടുത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ആരോപണമുണ്ട്. പ്രസവ വേദന ഇല്ലാതിരുന്നിട്ടും നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകള്‍ ലേബര്‍ റൂമില്‍ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു

---- facebook comment plugin here -----

Latest