Kerala
നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസ്; പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്
ഫിറോസ് തുര്‍ക്കിയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
തിരുവനന്തപുരം|നിയമസഭാ മാര്‍ച്ച് സംഘര്‍ഷ കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം സി ജെ എം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് വാറന്റ്. ഫിറോസ് ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി എന്ന് കോടതി കണ്ടെത്തി.
പാസ്പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പി കെ ഫിറോസ് പാലിച്ചില്ല. ഫിറോസ് തുര്‍ക്കിയിലാണെന്ന് ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ. ഫിറോസ് എന്നിവരായിരുന്നു മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പികെ ഫിറോസ് എന്നിവരടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട്.
പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികള്‍ പണം കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞിരുന്നു. പാസ്പോര്‍ട്ടുള്ള പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.