Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും ഓഫീസുകളില്‍ 200 ഹല്‍വ പാക്കറ്റുകള്‍ വീതം എത്തിച്ചു നല്‍കും

Published

|

Last Updated

തിരുവനന്തപുരം|കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കന്നി വോട്ടര്‍മാരെ വരവേല്‍ക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘വോട്ട് സ്വീറ്റെന്‍ഡ് കേരള ക്യാമ്പയിന്‍’ എന്ന പേരില്‍ ഒരു പദ്ധതി പ്രഖ്യാപിച്ചു. യുവാക്കളുടെ വോട്ടിംഗ് പങ്കാളിത്തം വര്‍ധിപ്പിക്കുവാനും അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംരംഭത്തിന് രൂപം നല്‍കിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് ഫുല്‍വ ഹല്‍വ വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും ഔദ്യോഗിക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിതരണത്തിനായി ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും ഓഫീസുകളില്‍ 200 ഹല്‍വ പാക്കറ്റുകള്‍ വീതം എത്തിച്ചു കൊടുക്കും. ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് യാതൊരുവിധ തടസവും ഉണ്ടാകാത്ത രീതിയിലായിരിക്കണം വിതരണം നടക്കേണ്ടത് എന്ന് കമ്മീഷന്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ആവശ്യമെങ്കില്‍ കൂടുതല്‍ വളണ്ടിയര്‍മാരുടെ സേവനം ബിഎല്‍ഒമാര്‍ക്ക് ലഭ്യമാക്കാവുന്നതാണ്.

ഹല്‍വ വിതരണം ചെയ്യേണ്ട പോളിംഗ് ബൂത്തുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കേണ്ടത് അതാത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരാണ്. ബൂത്തുകളില്‍ എത്തുന്ന കന്നി വോട്ടര്‍മാരെ കൃത്യമായി തിരിച്ചറിഞ്ഞ് അവര്‍ക്ക് ഹല്‍വ നല്‍കാനുള്ള ചുമതല ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും മറ്റ് വളണ്ടിയര്‍മാര്‍ക്കുമായിരിക്കും.

 

 

---- facebook comment plugin here -----

Latest