death sentence
വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ
ദമ്പതികളായ റിട്ട.അധ്യാപകന്‍ കേശവന്‍, ഭാര്യ പത്മാവതി എന്നിവരെ വെട്ടികൊലപ്പെടുത്തിയ കേസിലാണ് വിധി

കല്‍പ്പറ്റ | വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദമ്പതികളായ റിട്ട.അധ്യാപകന്‍ കേശവന്‍, ഭാര്യ പത്മാവതി എന്നിവരെ വെട്ടികൊലപ്പെടുത്തിയ കേസിലാണ് വിധി.
2021 ജൂണ്‍ 10 നായിരുന്നു കൊലപാതകം. പ്രതി അര്‍ജുന്‍ ഇവരുടെ അയല്‍വാസിയായിരുന്നു. സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സെപ്റ്റംബര്‍ 17നാണ് പ്രതി അയല്‍വാസിയായ അര്‍ജുന്‍ അറസ്റ്റിലാവുന്നത്.
കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവ് നശിപ്പിച്ചതിന് ആറ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
2021 ജൂണ്‍ 10ന് രാത്രിയാണ് അര്‍ജുന്‍ മോഷണ ശ്രമത്തിനിടെ ഇവരെ വെട്ടിക്കൊന്നത്. വെട്ടേറ്റ നിലയില്‍ അയല്‍വാസികളാണ് ദമ്പതികളെ ആദ്യം കണ്ടത്. വെട്ടും കുത്തുമേറ്റ കേശവന്‍ സംഭവസ്ഥലത്ത് മരിച്ചു. കുത്തേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായികാധ്യാപകനായിരുന്നു മരിച്ച കേശവന്‍.