Connect with us

Articles

മരണക്കെണിയിലാണോ നിങ്ങള്‍?

ഇന്ത്യയിലെ ബേങ്കുകളില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നത് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയാണ്. അഥവാ ഏറ്റവും കൂടുതല്‍ പലിശയും കൂട്ടുപലിശയും ജപ്തിയുമെല്ലാം ചെയ്തത് ഈ ബേങ്കാണെന്ന് അര്‍ഥം. എങ്കില്‍ ബേങ്കുകള്‍ ദേശസാത്കരിച്ചതുകൊണ്ട് എന്ത് നേട്ടമാണ് പാവങ്ങള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ ബേങ്കുകള്‍ തന്നെ ലാഭം കൊയ്യാന്‍ മുന്നില്‍ നടക്കുമ്പോള്‍ എന്ത് സാമ്പത്തിക നീതിയാണ് ഇവിടെ പുലരുക!

Published

|

Last Updated

ഇക്കഴിഞ്ഞ വര്‍ഷാവസാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തിലെ പ്രായപൂര്‍ത്തിയെത്തിയ മനുഷ്യരില്‍ പത്തില്‍ മൂന്ന് പേര്‍ ബേങ്ക് വായ്പയില്‍ കുടുങ്ങിക്കിടക്കുയാണ്. ബേങ്കില്‍ നിന്നല്ലാതെ കടമെടുത്തവരെ പരിഗണിക്കുകയാണെങ്കില്‍ ഈ കണക്ക് ഭീകരമായിരിക്കും. അഥവാ കേരളത്തില്‍ മാത്രമുള്ള ഒരു കോടിയോളം വരുന്ന മനുഷ്യര്‍ക്ക് വേണ്ടി ഇവിടെ സംസാരിക്കാന്‍ ഇപ്പോഴും ആരും രംഗത്തില്ലെന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ നാട്ടിലെ അടിസ്ഥാന പ്രശ്നം റോഡുകളോ റെയില്‍വേയോ മാത്രമല്ലെന്നും ജീവിക്കാന്‍ വേണ്ടി കടമെടുത്ത് ജീവിതാന്ത്യം വരെയും കടക്കെണിയിലൂടെ തള്ളിനീക്കുന്നവര്‍, ജപ്തി വക്കില്‍ കഴിയുന്നവര്‍, ജപ്തി നേരിട്ട് വാടകക്കും വഴിയരികിലും താമസിക്കുന്നവര്‍ തുടങ്ങിയ അനേക ലക്ഷം മനുഷ്യരെ ചേര്‍ത്തുപിടിക്കാനും അവര്‍ക്കനുകൂലമായ നിയമസംവിധാനം കൊണ്ടുവരാനും ആളില്ലാതെ പോയതാണെന്നും ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിലെങ്കിലും നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

പലിശ, പിഴപ്പലിശ, കൂട്ടുപലിശ എന്നിവയെല്ലാം ഇന്ന് ബേങ്ക് മുതലാളിമാര്‍ക്ക് സമ്പദ് വ്യവസ്ഥയുടെ ഭാഗമാണെങ്കിലും ഓരോ മനുഷ്യനെയും കടത്തില്‍ നിന്ന് വീണ്ടും കടത്തിലേക്ക് തള്ളിവിടുന്നതിന്റെ ആഴം ഈയടുത്ത് ഒരു പ്രമുഖ ജനപ്രതിനിധിയുടെ ബേങ്ക് ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാനാകും. നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക പേരും ഈ പലിശ സമ്പ്രദായം കൊണ്ടാണ് കടക്കെണിയില്‍ വീണതെന്ന് ബോധ്യപ്പെടും. ഈ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെയാണ് നാം ഇത് കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ടത്. കാരണം ഈ മനുഷ്യരുടെയെല്ലാം ജീവിതം നശിപ്പിച്ചത് നമ്മുടെ ജനപ്രതിനിധികള്‍ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളാണ്.

ഒന്നുകൂടി വിശദമായിപ്പറഞ്ഞാല്‍, പെന്‍ഷന്‍ മാത്രമാണ് പാവങ്ങളുടെ അടിസ്ഥാന സാമ്പത്തിക ആവശ്യത്തിന് പരിഹാരമെന്ന ഒരു അലിഖിത ചര്‍ച്ച അന്തരീക്ഷത്തിലുണ്ട്. കുറച്ച് സബ്സിഡികളും കൂടിയായാല്‍ എല്ലാമായി എന്നുമുള്ള വിചാരവും. കര്‍ഷകരുടെ കടക്കെണിയെക്കുറിച്ച് അത്യപൂര്‍വം ചര്‍ച്ചകളുമുണ്ട്. പക്ഷേ, ഇതിലെല്ലാമപ്പുറമാണ് കാര്യങ്ങളുടെ ഗതിയും ഭീകരതയും. കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ ഇന്ത്യയിലെ ബേങ്കുകളുടെ ലാഭം നാല് ലക്ഷം കോടി രൂപയിലധികമാണ്. ഇതാരുടെ പണമാണെന്ന് രാഷ്ട്രീയ നേതൃത്വമാണ് ചിന്തിക്കേണ്ടത്. ആരെയാണ് നമ്മുടെ ബേങ്കുകള്‍ സംരക്ഷിക്കുന്നത് എന്ന് ഈ കണക്കില്‍ നിന്ന് വ്യക്തമാണല്ലോ. നാം തിരഞ്ഞെടുത്ത രാഷ്ട്രീയ പ്രതിനിധികള്‍ ബേങ്കുകള്‍ക്ക് അനുകൂലമായി ഓരോ ദിവസവും നിയമങ്ങള്‍ നെയ്തുകൊടുത്ത് ഓരോ വര്‍ഷവും പാവങ്ങളുടെ കൈയില്‍ നിന്ന് പലിശ വാങ്ങി ലാഭം വര്‍ധിപ്പിക്കുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ബേങ്കിംഗ് മേഖലയിലെ ലാഭത്തിന്. കോടാനുകോടി മനുഷ്യരുടെ കണ്ണീരാണ് ഈ ലാഭമെന്ന് തിരിച്ചറിയാനുള്ള മനുഷ്യത്വം നമുക്കില്ലാതെയായിപ്പോയി. അതോടൊപ്പം ബേങ്കിംഗ് മേഖല ലാഭം വര്‍ധിപ്പിക്കേണ്ട മേഖലയല്ലെന്ന ബോധ്യവും നഷ്ടപ്പെട്ടു. ജനങ്ങളുടെ കൈയില്‍ നിന്ന് പണം പലിശക്ക് വാങ്ങിയാല്‍ ലാഭമേയുണ്ടാകൂ, അതൊരു അന്തസ്സുള്ള ലാഭമല്ലെന്ന വിചാരം നഷ്ടപ്പെട്ടിരിക്കുന്നു. ഇതില്‍ ചിലത് കേന്ദ്ര സര്‍ക്കാറും ചിലത് സംസ്ഥാന സര്‍ക്കാറും ചിന്തിക്കേണ്ടതാണ്. അതുകൊണ്ടുതന്നെയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇത് ചര്‍ച്ചക്ക് വരണമെന്ന് പറയുന്നതും.

കടക്കെണിയില്‍ കുടുങ്ങിയ ഓരോ മനുഷ്യനും തെരുവിലിറങ്ങി ഈ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് വേണ്ടത്. കടമെടുത്ത പണത്തേക്കാളും പലിശയടച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ടിവിടെ. അന്തസ്സുള്ള ജീവിതമാലോചിച്ച് കടമെടുത്തവരും ഒതുങ്ങിയിരുന്ന് പലിശയടച്ച് ജീവിതം തള്ളിനീക്കുന്നവരും. ക്രെഡിറ്റ് കാര്‍ഡ്, ഇ എം ഐ, ഹോം ലോണ്‍, വെഹിക്കിള്‍ ലോണ്‍ തുടങ്ങി ഓരോ ദിവസവും ബേങ്കില്‍ നിന്ന് പ്രലോഭനങ്ങള്‍ വന്ന് കടത്തില്‍ കുടുങ്ങിയവര്‍ മറ്റൊരു വശത്തുണ്ടാകും. പൗരന്മാരെക്കൊണ്ട് കടമെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുകൂട്ടം ബേങ്കുകളും സംവിധാനങ്ങളുമാണ് നമുക്കുള്ളത് എന്നത് എത്രമാത്രം അപകടകരവും ആത്മനിന്ദാപരവുമാണെന്ന് ആലോചിച്ചുനോക്കൂ. ഇതിനെയെല്ലാം നിയന്ത്രിക്കാനും പലിശയുടെ കൊള്ള നിയമങ്ങള്‍ക്ക് കത്തിവെക്കാനുമുള്ള ത്രാണിയും വിചാരവും അന്തസ്സുള്ള ഭരണകൂടം വേണം. അതാണ് സാധാരണ മനുഷ്യരുടെ സര്‍ക്കാര്‍ ചെയ്യേണ്ടത്. ഓരോ മുന്നണിയുടെയും പ്രകടന പത്രികയില്‍ ഇതിന് എന്ത് വിലനല്‍കിയിട്ടുണ്ടെന്ന് കടത്തില്‍ കുടുങ്ങിയവര്‍ തന്നെ ചിന്തിച്ചാല്‍ നമ്മുടെ നാടിന്റെ ജനാധിപത്യ വ്യവസ്ഥിതി ശക്തിപ്പെടും. ഇരകളുടെ വ്യത്യസ്ത സോഷ്യല്‍ മൂവ്മെന്റുകള്‍ വളര്‍ന്നുവരുന്ന ഇക്കാലത്ത് ഈ മൂവ്മെന്റിന് ഏറെ പ്രസക്തിയുണ്ട്.

ലഹരിയേക്കാള്‍ വലിയ വിപത്താണ് ഈ കടക്കെണികള്‍ എന്ന് നാം മനസ്സിലാക്കണം. മനുഷ്യന്റെ സമാധാനജീവിതം നഷ്ടപ്പെടുത്തുന്ന ബേങ്കുകളും അവര്‍ക്കനുകൂലമായ നിയമ സംവിധാനങ്ങളും ഈ മനുഷ്യരെ ലഹരിയിലേക്കും അധാര്‍മിക ജീവിതത്തിലേക്കും ആത്മഹത്യയിലേക്കുമെല്ലാം നയിക്കുകയാണ്. മനുഷ്യന്റെ വളര്‍ച്ച മുരടിപ്പിക്കുന്നത്, ജീവിതത്തോട് മടുപ്പുണ്ടാക്കുന്നത്, കുടുംബ കലഹം സൃഷ്ടിക്കുന്നത് തുടങ്ങിയ എല്ലാത്തിന്റെ പിന്നിലും ബേങ്കുകളുടെ ഈ ആര്‍ത്തിയാണ്. നമ്മുടെ ജനപ്രതിനിധികള്‍ സ്വാതന്ത്ര്യം നല്‍കിയുണ്ടാക്കിയ ആര്‍ത്തി. ഇത് ഏറ്റവും കൂടുതല്‍ മാനസികമായി തളര്‍ത്തുന്നത് കുടുംബത്തിലെ സ്ത്രീകളെക്കൂടിയാണല്ലോ. ഇതിനെല്ലാം അറുതിവരുത്താവുന്നതേയുള്ളൂ. പക്ഷേ അതിന് ശക്തമായ ബോധവും വിചാരവും ആവശ്യമാണ്. അതുകൊണ്ടാണ് ഇക്കാര്യം നിര്‍ബന്ധമായും പ്രകടന പത്രികകളില്‍ വരണമെന്ന് പറയുന്നതും ഇല്ലെങ്കില്‍ പീഡിത ജനത തെരുവിലിറങ്ങി നേടിയെടുക്കണമെന്ന് ഓര്‍മപ്പെടുത്തുന്നതും.

മനുഷ്യനെ സഹായിക്കാനുള്ളതാണ് ബേങ്ക്. നിലനിന്നുപോകാന്‍ ലാഭം ആവശ്യവുമാണ്. പക്ഷേ അതെല്ലാം പലിശയിലൂടെയും കൂട്ടുപലിശയിലൂടെയും മാത്രം നേടിയെടുക്കുന്ന പ്രാചീന അസംസ്‌കൃത രീതി തന്നെ തുടരണമെന്ന് ആധുനിക നിയമനിര്‍മാതാക്കള്‍ ചിന്തിക്കാന്‍ പാടില്ല. ഇന്ത്യയിലെ ബേങ്കുകളില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നത് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയാണ്. അഥവാ ഏറ്റവും കൂടുതല്‍ പലിശയും കൂട്ടുപലിശയും ജപ്തിയുമെല്ലാം ചെയ്തത് ഈ ബേങ്കാണെന്ന് അര്‍ഥം. എങ്കില്‍ ബേങ്കുകള്‍ ദേശസാത്കരിച്ചതുകൊണ്ട് എന്ത് നേട്ടമാണ് പാവങ്ങള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ ബേങ്കുകള്‍ തന്നെ ലാഭം കൊയ്യാന്‍ മുന്നില്‍ നടക്കുമ്പോള്‍ എന്ത് സാമ്പത്തിക നീതിയാണ് ഇവിടെ പുലരുക! തീരെ ദീര്‍ഘവീക്ഷണമില്ലാത്ത, മനുഷ്യപ്പറ്റില്ലാത്ത സംസ്‌കാരം ഈ മേഖലയില്‍ ബേങ്കിംഗ് മുതലാളിമാര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട് എന്നതാണ് ഖേദകരം.

ഏതൊരു നാട്ടിലെയും ഏറ്റവും മനോഹരവും ഏറ്റവും സൗകര്യപ്രദവുമായ കെട്ടിടങ്ങളും ഓഫീസുകളും ബേങ്കുകളുടേതാണ്. ജില്ലാ കലക്ടറുടെ ഓഫീസിനേക്കാളും മനോഹരമാണ് ബേങ്കുകളുടേത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഇതെല്ലാം ആരുടെ കണ്ണീരിന്റെ ഉപ്പുരസമുള്ള പണമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ബേങ്കുകള്‍ പലിശാധിഷ്ഠിതമായി ലോണെടുക്കാന്‍ പ്രോത്സാഹിപ്പിച്ച് വിളിക്കുമ്പോഴും, വീടുവീടാന്തരവും ഓഫീസുകളിലൂടെയും കയറിയിറങ്ങുമ്പോഴും ചിന്തിച്ചിട്ടുണ്ടോ പൗരന്മാരെ കടബാധ്യതയിലേക്ക് പ്രോത്സാഹിപ്പിക്കാനാണ് ഈ പണി ചെയ്യുന്നതെന്ന്?ഇതോടൊപ്പം ചിന്തിക്കേണ്ട അനേകം കാര്യങ്ങളുണ്ട്. പലിശപ്പണം തിരിച്ചടക്കുന്നതിലൂടെ ഓരോ പൗരനും ആസ്തിയുണ്ടാക്കാനുള്ള, ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പണമാണ് ബേങ്കുകളില്‍ കൊടുത്ത് നിരാശനായി കഴിയുന്നത്. അഥവാ തന്റെ പണം കൊണ്ട് ക്രിയാത്മകമായി ഒന്നും നടക്കുന്നില്ല എന്നത് പൗരനും രാഷ്ട്രത്തിനും വളരെ അപകടം നിറഞ്ഞതാണ്.

നോട്ടീസുകള്‍, ജപ്തികള്‍, സമന്‍സുകള്‍ തുടങ്ങിയ ഒരുകൂട്ടം നിയമക്കുരുക്കുകളിലേക്ക് പൗരന്മാരെ തള്ളിവിടുന്ന ഒരു സംവിധാനമാണല്ലോ നാം സൃഷ്ടിച്ചെടുത്തത് എന്ന് ചിന്തിക്കണം. എന്നാല്‍ വലിയ സ്രാവുകളില്‍ നിന്ന് കടം കൊടുത്ത അടിസ്ഥാന പണം പോലും തിരിച്ചുവാങ്ങാനാകാത്ത നിയമ വ്യവസ്ഥിതിയുമാണ് നമ്മുടേത്. പൗരന്മാര്‍ക്ക് അവര്‍ ഉദ്ദേശിക്കുക പോലും ചെയ്യാത്ത ആവശ്യങ്ങള്‍ സൃഷ്ടിച്ചെടുത്ത്, ലക്ഷ്വറി ജീവിതം കാണിച്ച് പ്രലോഭനം നടത്തി കടബാധ്യതയിലേക്ക് തള്ളിയിട്ട് ജീവിക്കുന്ന ബേങ്കിംഗ് സംവിധാനമാണ് നമ്മുടേത് എന്ന് ആലോചിച്ച് നാം നാണിക്കണം. അതേസമയം പൗരന്മാര്‍ക്ക് സ്വാഭാവികമായുമുണ്ടാകുന്ന അത്യാവശ്യങ്ങളെ നേരിടാനുള്ള ഒരു സംവിധാനവും നമുക്കില്ല എന്നതും നിരാശയുണ്ടാക്കുന്നു. ആരോഗ്യ ഇന്‍ഷ്വറന്‍സ് കൊണ്ട് അവസാനിക്കുന്നതല്ല പാവപ്പെട്ടവരുടെ ദൈനംദിന അത്യാവശ്യങ്ങള്‍. അവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ ലാഭേച്ഛയില്ലാതെ നിലകൊള്ളുന്ന ഒരു സംവിധാനത്തിന് തിരികൊളുത്താന്‍ നമുക്കായിട്ടില്ല.

ചുരുക്കത്തില്‍, പലിശയും കൂട്ടുപലിശയും ജപ്തിയും ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ പ്രശ്നമായി മാത്രം ചര്‍ച്ച ചെയ്യാനല്ല ഈ സമയം വിനിയോഗിക്കേണ്ടത്. ലോകം എത്രയോ മുന്നോട്ട് നീങ്ങി. മുതലാളിമാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ഈ പ്രാചീന പലിശയിടപാട് ഇപ്പോഴും തുടരുന്നു. അവരെ തിരുത്താനും പരകോടി പാവങ്ങള്‍ക്ക് തണലേകാനുമുള്ള ഒരവസരമായി ഇതിനെ വിനിയോഗിക്കണം. ഉയര്‍ന്ന ചിന്തകള്‍ രൂപപ്പെടണം. അതിനെല്ലാം പക്വതയുള്ള ഒരു സമൂഹം നമുക്കുണ്ട്. അതിലേക്ക് രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കാം.

 

---- facebook comment plugin here -----

Latest