From the print
എ ഡി ജി പി അജിത് കുമാറിന് പിന്നാലെ അന്‍വര്‍; മാറ്റിയാല്‍ പോരാ, ഇന്റലിജന്‍സ് നിരീക്ഷണം വേണം
ഫോണ്‍ ചോര്‍ത്തുന്നത് കമാന്‍ഡന്റ് അജിത് കുമാര്‍, കെ കെ ജിനീഷ്, എസ് ശരത്, ജയപ്രസാദ്, രൂപേഷ്.
മഞ്ചേരി | എം ആര്‍ അജിത് കുമാറിനെ എ ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത് കൊണ്ടു മാത്രം ഫലമില്ലെന്നും അദ്ദേഹത്തിന്റെ തുടര്‍നീക്കങ്ങള്‍ കൃത്യമായ ഇന്റലിജന്‍സ് നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പി വി അന്‍വര്‍ എം എല്‍ എ. ഞെട്ടിക്കുന്ന കാര്യങ്ങളാണ് എ ഡി ജി പിക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ സാമ്പത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമായ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാനാണ്. തനിക്ക് വല്ലതും സംഭവിച്ചാലും തെളിവുകള്‍ ഇല്ലാതാകില്ല. എല്ലാ തെളിവുകളും തിരിച്ചുവരും. എല്ലാ പരിധിയും അജിത് കുമാറും സംഘവും ലംഘിച്ചിട്ടുണ്ട്. ക്രിമിനല്‍ സംഘത്തില്‍ ഇനിയും പല വന്‍മീനുകളും ഉണ്ടെന്നും അവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാര്‍ അട്ടിമറിച്ചിട്ടുണ്ട്. അതിന്റെ വക്കും മൂലയും ഇപ്പോള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ കൂടുതല്‍ വിവരം ലഭ്യമാകും. അതും പുറത്തുവിടും. ഒരു സര്‍ക്കാറിനെ മാത്രമല്ല, ഒരു മുന്നണിയെ പോലും ബാധിക്കാന്‍ സാധ്യതയുള്ള കേരളത്തിലെ പ്രമാദമായ രാഷ്ട്രീയ കേസ് അന്തംവിട്ടുപോകുന്ന രീതിയിലാണ് അട്ടിമറിച്ചത്.
മുഖ്യമന്ത്രിയുടേതടക്കം ഇടതു വലതു നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി. അരീക്കോട് തണ്ടര്‍ബോള്‍ട്ട് ആസ്ഥാനത്ത് സ്ഥാപിച്ച അത്യാധുനിക ഇന്റര്‍സെപ്ഷന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് സി പി എം, കോണ്‍ഗ്രസ്സ്, ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയത്. എ ഡി ജി പിയുടെ വിശ്വസ്തനായ അരീക്കോട് ക്യാമ്പിലെ കമാന്‍ഡന്റ് അജിത് കുമാറിനെ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയത്.
ഉദ്യോഗസ്ഥരായ കെ കെ ജിനീഷ്, എസ് ശരത്, ജയപ്രസാദ്, രൂപേഷ് എന്നിവര്‍ക്കായിരുന്നു മുഖ്യമന്ത്രിയുടേതുള്‍പ്പെടെയുള്ള ഫോണുകള്‍ ചോര്‍ത്തുന്നതിന്റെ ചുമതല. വാട്്‌സ്ആപ്പ്, ഇന്‍സ്റ്റ, ടെലഗ്രാം അക്കൗണ്ടുകളിലും ഇവര്‍ നുഴഞ്ഞുകയറി. മുഖ്യമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരിയുടെ ശബ്ദം വരെ സുജിത് ദാസ് തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടതായും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡിന് നല്‍കിയ പ്രത്യേക അനുമതി ദുരുപയോഗം ചെയ്തായിരുന്നു ഇവരുടെ പ്രവൃത്തി. കമാന്‍ഡന്റ് അജിത് കുമാറിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
സ്വര്‍ണക്കടത്തിന് പുറമെ കുഴല്‍പ്പണക്കാരുടെയും പണം സുജിത് ദാസും സംഘവും തട്ടിയെടുക്കുന്നുണ്ട്. അജിത് കുമാറിനെ ആരാണ് സംരക്ഷിക്കുന്നതെന്ന് അറിയില്ല. കേസ് അന്വേഷണത്തിന് പോയ വനിതാ പോലീസ് ഓഫീസര്‍ മൈസൂരുവില്‍ വെച്ച് അപകടത്തില്‍ പരുക്കേറ്റ് മരിച്ചു. കൃത്യമായ ചികിത്സ കിട്ടാതെ ഇവര്‍ മരിക്കാനിടയാക്കിയ കാരണവും സ്വര്‍ണ കള്ളക്കടത്ത് സംഘവുമായുള്ള അജിത് കുമാറിന്റെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.