Connect with us

Cover Story

കാട്ടിലെ കൂട്ട്‌

മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് ഇത്തരം യാത്രകൾ നൽകുന്ന മാനസിക ഉല്ലാസം ഏറെ വലുതായിരിക്കും. പ്രത്യേകിച്ച് പ്രായമായവരിൽ. അതുകൊണ്ടുതന്നെ പ്രായമായവർ വീടിന്റെ നാല് ചുവരുകളിൽ ഒതുങ്ങാതെ ഇത്തരം നിരന്തര യാത്രകൾ സംഘടിപ്പിക്കൂ... മനസ്സ് ആനന്ദകരമാക്കൂ എന്നാണ് ഇവർക്ക് പറയാനുള്ളത്.

Published

|

Last Updated

“ആണ്ടിലൊരിക്കൽ മൂകനായി ഊരുചുറ്റുക
കല്ലിൽ കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്ത പക്ഷിയുടെ ഭൈരവി കേൾക്കുക
കുട്ടിക്കാലത്തെ ഇടവഴികൾ ഓർക്കുക
സൂര്യകിരണം പിടിച്ചുവരുന്ന
ഈ കുഞ്ഞുങ്ങളുടെ മുമ്പിൽ മുട്ടുകുത്തുക
അവധിയെടുത്തു സ്വപ്‌നം കാണുക
കണ്ണാടി നിരൂപകനെ ഏൽപ്പിച്ചു
നദിയിൽ നക്ഷത്രം നിറയുന്നത് നോക്കുക ‘
(ഡി വിനയചന്ദ്രൻ)

ദൂരെനിന്നു നോക്കുമ്പോഴേ കാടുള്ളൂ… അടുത്തു ചെല്ലുമ്പോൾ ഓരോ മരവും ഒറ്റക്കാണ്. ഓരോ മനുഷ്യജീവിതവും അങ്ങനെയാണ്. കൂടുമ്പോൾ എല്ലാവരും ഉണ്ടാകും. ഒടുവിൽ ഒറ്റക്കുമാകും. കാടിനെ തേടിയുള്ള അവരുടെ ആ യാത്ര ഒറ്റക്കായിരുന്നില്ല. കൂട്ടമായിട്ടായിരുന്നു… ഇരുപതുപേരുടെ കൂട്ടം… ശ്മശാനപ്പറമ്പിലെ നിശാന്തമൂകതയെ കീറിമുറിക്കുന്ന കാട്ടുപക്ഷികളുടെ മൂളിപ്പാട്ടും തീരങ്ങളോടു കഥകൾ പറഞ്ഞു തുള്ളിച്ചാടുന്ന കാട്ടാറിന്റെ ഇരമ്പലും ആർത്തുല്ലസിച്ചു നാട്ടുപാതയിലൂടെ ഓടിച്ചാടി നടക്കുന്ന വന്യമൃഗങ്ങളുടെ ചിന്നം വിളികളും… കാട്ടുജീവികളുടെ ഓലിയിടലും…

പ്രകൃതി അനുഗ്രഹിച്ചരുളിയ ഇളംകാറ്റും ചെറുതണുപ്പും… എല്ലാം അനുഭവിച്ചും മറന്നു ഇരുൾമൂടിയ വനത്തിലൂടെയുള്ള യാത്രക്കു തുടക്കം കുറിച്ചവരെല്ലാം അന്നു ചെറുപ്പമായിരുന്നെങ്കിൽ ഇന്നും തുടർന്നുപോരുന്ന അന്നത്തെ യാത്രാകൂട്ടായ്മയിലെ അംഗങ്ങളെല്ലാം സർക്കാർ – അർധ സർക്കാർ മേഖലകളിൽ നിന്നും വിരമിച്ച പഴയകാല സുഹൃത്തുക്കൾ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മുപ്പത് വർഷമായി ഒരിക്കൽപ്പോലും മുടങ്ങാതെയുള്ള അവരുടെ യാത്രയിൽ ഒരാൾപോലും വിട്ടുപോയിട്ടില്ലെന്ന മറ്റൊരു പ്രത്യേകതയും അവർക്കു ചുറ്റുമുണ്ട്.

പാരലൽ – ട്യൂട്ടോറിയൽ കോളജുകൾ കൂണുകൾപോലെ നാട്ടിലെങ്ങും മുളച്ചുപൊങ്ങിയിരുന്ന തൊണ്ണൂറുകൾ. അക്കാലത്ത് ആലപ്പുഴ നൂറനാടിനു സമീപം ചാരുമ്മൂട്ടിലും ഒരു കോളജ് ഉണ്ടായിരുന്നു. പേര് അനുപമ. ക്ലാസ്സിനു ശേഷം വൈകുന്നേരങ്ങളിൽ അധ്യാപകരും സുഹൃത്തുക്കളും അവിടെ ഒത്തുകൂടി നാട്ടറിവുകളും നാട്ടുവർത്തമാനങ്ങളും പങ്കിടുകയാണ് പതിവ്. അറിവുകൾ സമ്പാദിക്കാൻ മൊബൈൽ ഫോണും ഗൂഗിളും മറ്റ് സോഷ്യൽ മീഡിയകളും ഒന്നും സാർവത്രികമാകാതിരുന്ന അക്കാലത്ത് വർഷത്തിലൊരിക്കൽ അധ്യാപകർ വിദ്യാർഥികളുമൊത്ത് പ്രധാന സ്ഥലങ്ങളിലേക്ക് നടത്തുന്ന ഉല്ലാസയാത്ര മാത്രമായിരുന്നു നേരിട്ടു കണ്ടറിവു സമ്പാദിക്കാൻ ആകെയുള്ള ഏകമാർഗം. അതിനിടയിലാണ് ഈ അധ്യാപകരുടെ ഒത്തുകൂടലും നാട്ടുവർത്തമാനങ്ങളുമൊക്കെ നടന്നിരുന്നതും. അന്ന് അവിടെ കൂടിയിരുന്നവരെല്ലാം യുവതയുമായിരുന്നു.

പരീക്ഷ കഴിഞ്ഞ് ഏതാനും ദിവസം അവധിയായപ്പോൾ അധ്യാപകരായിരുന്ന ചാരുമ്മൂട് ആനന്ദപുരം എ എൻ ആനന്ദൻ, ചെത്തിയറ പടനിലത്തു പി എസ് പുഷ്പാംഗതൻ എന്നിവരിൽ ഒരാശയം ഉദിച്ചു. ഒരു യാത്രപോകാം. അധ്യാപകർ മാത്രമായിട്ടുള്ള വെറുതെ ഒരു യാത്ര. വിദ്യാർഥികളും അധ്യാപനവും ക്ലാസ്സ് മുറികളും അവിടുത്തെ ശബ്ദകോലാഹലങ്ങളും മാത്രം നിറഞ്ഞ വലയത്തിൽനിന്നും ഉല്ലാസം തേടിയുള്ള ഒരു യാത്ര..എവിടേക്കെന്നുപോലും ആലോചിച്ചില്ല. തുടർന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ പന്ത്രണ്ടുപേർ ചേർന്നു ചെറിയ വാഹനത്തിൽ നേരെ മൂന്നാർ ടോപ്പ്‌ സ്റ്റേഷനിലേക്ക്. അവിടെ നിന്നും വനത്തിലൂടെ കൊടൈക്കനാലിലേക്കും.. ഇന്നും തുടർന്നു പോരുന്ന അന്നത്തെ ആ യാത്രയെക്കുറിച്ചു ഓർക്കുമ്പോൾ സർവീസിൽ നിന്നും വിരമിച്ച ആ ബാല്യകാല സുഹൃത്തുക്കൾക്ക് പറയാൻ ഒത്തിരി കാര്യങ്ങൾ..

“അന്ന് മൂന്നാറും കൊടൈക്കനാലും ഇന്നത്തെപ്പോലെ വികസിതമായിരുന്നില്ല. യാത്രാസൗകര്യം തീരെയില്ല. വീതികുറഞ്ഞ റോഡുകൾ. പലതും പൊട്ടിപ്പൊളിഞ്ഞതും. ശരിയായ ഗൈഡ് തരാൻ പോലും ആരുമില്ല. വന്യമൃഗങ്ങൾ ഏറെ. ഇന്നത്തെപ്പോലെ ടൂറിസ്റ്റുകളും ഇല്ല. വിജനമായ റോഡുകൾ. ഭക്ഷണം കഴിക്കാൻ ഹോട്ടലുകളോ മറ്റോ വേണ്ടത്രയില്ല. എങ്കിലും ആ യാത്ര ഉണ്ടാക്കിയ മാനസിക ഉല്ലാസം പറഞ്ഞറിയിക്കാനാകില്ല. ഇപ്പോഴും അതു മനസ്സിൽ തങ്ങിനിൽക്കുന്നു. മാത്രമല്ല, ആ യാത്രയിൽ പലതും പഠിക്കാനായി. അതു കുട്ടികളിൽ പകർന്നു കൊടുക്കാനുമായി. അതു വലിയ പ്രചോതനവുമായി.’

തുടർന്ന് ആ വർഷംതന്നെ അവർ ആ കൂട്ടായ്മക്കു ഒരു പേരും നൽകി. “അനുപമ സൗഹൃദ കൂട്ടായ്മ’. പിന്നീട് ഒരു തീരുമാനത്തിലെത്തി. എല്ലാവർഷവും ഏപ്രിൽ, ഡിസംബർ മാസത്തിൽ ഇത്തരം യാത്ര ചെയ്യുക. ഇടതൂർന്ന മരങ്ങൾ നിൽക്കുന്ന കാനനപാതയിലൂടെ വാഹനമോടിച്ചും നടന്നുമൊക്കെയുള്ള ആ യാത്ര ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കും. നാടും വീടും മറന്നു സുഖദുഃഖങ്ങൾക്കെല്ലാം അവധികൊടുത്തു സന്തോഷം മാത്രം മനസ്സിൽ താലോലിച്ചു കാടുകളിൽ ടെന്റടിച്ചും ഭക്ഷണം പാകംചെയ്തും കാട്ടുമരങ്ങൾക്കിടയിലൂടെ ഊർന്നിട്ടിറങ്ങുന്ന നിലാവെളിച്ചത്തിൽ കിടന്നുറങ്ങിയും മെഴുകുതിരിയുടെയും മണ്ണെണ്ണ വിളക്കിന്റെയും ഇരുണ്ടവെളിച്ചത്തിൽ സൊറപറഞ്ഞുമൊക്കെയുള്ള ദിവസങ്ങൾ….

കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി അതു തുടരുമ്പോഴും ആ കൂട്ടായ്മയിൽ ഉള്ളവർ എല്ലാവരുംതന്നെ സർക്കാർ അർധ സർക്കാർ മേഖലകളിൽ ജോലിയിൽ നിന്ന് വിരമിച്ചവരാണ്. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി ആലപ്പുഴയിൽ നിന്നും വിരമിച്ച വി കെ അനിൽകുമാർ, എം ജി സർവകലാശാലയിൽ നിന്നും ഡപ്യൂട്ടി രജിസ്റ്റാർ ആയി വിരമിച്ച നൂറനാട് ഇന്ദീവരത്തിൽ വി മോഹൻ, ഹയർ സെക്കൻഡറി അധ്യാപകനായി വിരമിച്ച സാഹിത്യകാരൻ കൂടിയായ വള്ളികുന്നം രാജേന്ദ്രൻ, ജി ബാബു തുടങ്ങിയവരെല്ലാം അന്നത്തെ ആ കൂട്ടായ്മയിലെ ഇന്നുമുള്ള അംഗങ്ങളാണ്.

വർഷങ്ങൾ പലതും പിന്നിട്ടതോടെ നാട് ഏറെ മാറുകയും അറിവുനേടാൻ പുത്തൻ സംവിധാനങ്ങൾ വരികയുമൊക്കെ ചെയ്തിട്ടും അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകൾ കാണാവുന്ന നഗരങ്ങളിലേക്കു എന്തുകൊണ്ടു ഉല്ലാസയാത്ര സംഘടിപ്പിക്കുന്നില്ല എന്ന ചോദ്യത്തിനു അവർക്കു വ്യക്തമായ ഉത്തരവും ഉണ്ട്. “സമൂഹത്തിനു ദോഷകരമല്ലാത്തവിധത്തിൽ സ്വസ്ഥമായി ജീവിതം ആസ്വദിക്കുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. പ്രകൃതിയിലേക്കു ഇണങ്ങിച്ചേരുമ്പോൾ ഉണ്ടാകുന്ന മാനസിക ശാന്തി മറ്റെവിടേയും കിട്ടില്ല.

പ്രകൃതിയെ മൗനമായി കണ്ടു അടുത്തറിഞ്ഞു ആസ്വദിക്കാൻ ഇത്തരം യാത്രകളല്ലാതെ മറ്റു മാർഗവുമില്ല. പ്രകൃതിയോടു ഇണങ്ങിച്ചേരുക മാത്രമാണ് ലക്ഷ്യം. നഗരങ്ങളിൽ ഉള്ളതെല്ലാം യാന്ത്രികമായ പലതുമാണ്. തന്നെയുമല്ല, പുതിയ തലമുറയിൽ പലർക്കും കാടുകളെക്കുറിച്ചറിയില്ല. എത്ര വിധം കാടുകൾ ഉണ്ടെന്നോ, അവ എവിടെയൊക്കെയാണെന്നോ, അവിടെ എന്തെല്ലാമാണ് ഉള്ളതെന്നോ പോലും അവർക്കു തിരിച്ചറിയാനായിട്ടില്ല. അതുകൊണ്ടുതന്നെ ആ യാത്ര ഉണ്ടാക്കുന്ന അറിവുകൾ മറ്റുള്ളവരിലേക്കു പകരുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയായിരിക്കും.’

യാത്രയുടെ ഒരുക്കങ്ങളിൽ വേറിട്ട ചില പ്രത്യേകതകളുമുണ്ട്. എവിടെപോകുന്നു എന്നതല്ലാ, ആരുടെ കൂടെ പോകുന്നു എന്നതിനാണ് ഈ കൂട്ടായ്മ നൽകുന്ന പ്രഥമ പരിഗണന. പരസ്പരം സാഹായിക്കാൻ മാത്രം മനസ്സ്് പാകപ്പെട്ടിട്ടുള്ളവർക്കു മാത്രമെ സന്തോഷകരമായ ഇത്തരം യാത്രകൾ സംഘടിപ്പിക്കാനാകൂ. യാത്ര ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം മടങ്ങിവരുമ്പോഴും നിലനിൽക്കണം എന്ന നിർബന്ധവും ഇവർക്കുണ്ട്. തമാശക്കുപോലും പരസ്പരം വഴക്കുണ്ടാക്കുകയോ കുറ്റപ്പെടുത്തലുകളോ ഇല്ലാ, എല്ലാവരും സുഹൃത്തുക്കളേക്കാൾ ഉപരി സഹോദരങ്ങളായിട്ടായിരിക്കും യാത്രയും മടങ്ങിവരവും അതിനുശേഷവും. ആരിലും ഈഗോ പ്രകടമല്ലാ. ഇവരിൽ ഒരു ലീഡർ ഇല്ലാ എന്നുള്ളതാണ് ആദ്യ പ്രത്യേകത.

എല്ലാവരും ടീം ലീഡർമാരാണ്. പരസ്പരം സഹായിക്കുന്നവർ. ചെറുവീഴ്ചകളിൽ പോലും പരസ്പരം കുറ്റപ്പെടുത്തലുകൾ ഉണ്ടാകില്ല എന്നതാണ് ഈ കൂട്ടായ്മയുടെ കെട്ടുറപ്പ്. വനത്തിലെ അന്തിയുറക്കത്തിനു മുമ്പായുള്ള ഭക്ഷണം പാകംചെയ്യലിൽപ്പോലും ആ കൂട്ടായ്മ നിഴലിക്കും. ആരും മാറിനിൽക്കില്ല. പരസ്പരം സ്‌നേഹം മാത്രം ഇവിടെയുള്ളൂ. അവിടെ ലഭിക്കുന്ന അറിവുകൾ പരസ്പരം കൈമാറും. ഇതിനേക്കാൾ ഉപരി സ്വന്തം ഇഷ്ടത്തിനു കാടുചുറ്റുകയുമില്ല. വനത്തിൽ പോയിട്ടുള്ളവരിൽ നിന്നും വനപാലകർ, വനത്തിലെ താമസക്കാർ, ആദിവാസികളിൽ നിന്നെല്ലാം വ്യക്തമായ അഭിപ്രായങ്ങൾ തേടി അവർ പറയുന്നതനുസരിച്ചും അവർ പോകരുതെന്നു പറയുന്നിടത്ത് പോകില്ല എന്നതും നിർബന്ധമാണ്. ഒരിക്കൽ പോയയിടത്ത് പിന്നീട് പോകുമ്പോഴും പരിചയമില്ലാത്തിടത്തേക്കു കടക്കാറില്ല.

ഒരിക്കലും തങ്ങളുടെ സ്വന്തം ഇഷ്ടം അനുസരിച്ച് വനത്തിലേക്കുള്ള യാത്ര നടത്തിയിട്ടില്ല. വൈകുന്നേരങ്ങളിൽ അന്തിയുറങ്ങാൻ പോലും ആദിവാസികളുടെയും ഗൈഡുകളുടെ സേവനം തേടും. അവരുടെ ഉപദേശങ്ങൾക്കപ്പുറം ഒരു ചെറു നടത്തംപോലും ഉണ്ടാകില്ല. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം കഴിഞ്ഞ മുപ്പത് വർഷമായി യാത്ര തുടരുമ്പോഴും തങ്ങളുടെ അശ്രദ്ധകൊണ്ടുണ്ടായ അപൂർവം ചില ചെറിയ അപകടങ്ങളിൽപ്പെട്ടു എന്നല്ലാതെ കാര്യമായ ഒരപകടത്തിനും ഇടയാക്കിയിട്ടില്ല. പാമ്പ്, ആന, മറ്റു മൃഗങ്ങൾ എന്നിവയെയൊക്കെ ധാരാളമായി കണ്ടിട്ടുണ്ട്. യാത്രയിൽ കുപ്പിവെള്ളം കൊണ്ടുപോകില്ല.

ഭക്ഷണപ്പൊതികളും കൊണ്ടുപോകില്ല. കാടിനെ വൃത്തിഹീനമാക്കുന്ന ഒരു പേപ്പർ തുണ്ടുപോലും എവിടേയും നിക്ഷേപിക്കാറില്ല. കാട്ടരുവികളിൽ നിന്നും അരിച്ചിറങ്ങുന്ന വെള്ളമാകും കുടിക്കുക. ഭക്ഷണം പാകം ചെയ്യാൻ പാത്രങ്ങൾ കൊണ്ടുപോകും. മടങ്ങിയെത്തിയാൽ അവയെല്ലാം ലേലത്തിൽ വിൽക്കുകയും ചെയ്യും. അടുത്ത യാത്രക്ക് പുതിയതാകും ഉപയോഗിക്കുക. യാത്രയിൽ ഈ കൂട്ടായ്മയിലെ ഇരുപത് പേർ മാത്രമേ ഉണ്ടാകൂ. കുടുംബത്തെ ഒപ്പം കൂട്ടാറില്ല. എന്നാൽ പിന്നീട് കുടുംബവുമായി തനിയെ പോകുന്നവരും ഇവരിൽ ഉണ്ട്. മൺസൂൺ സീസണിലുള്ള യാത്രയിൽ കുട കൊണ്ടുപോകാറില്ല എന്ന പ്രത്യേകതയും ഉണ്ട്.

വനത്തിനുള്ളിലെ ശക്തമായ മഴയിൽ പൂർണമായും നനയും. അത് ഏറെ ആസ്വാദകമാണെന്നാണ് ഇവരുടെ അഭിപ്രായം. എത്ര മഴ നനഞ്ഞാലും പനിയോ മറ്റു അസുഖങ്ങളോ ഇന്നേവരെ ആർക്കും ഉണ്ടായിട്ടുപോലുമില്ല. തന്നെയുമല്ലാ അതിനുശേഷം ശരീരത്തിലുണ്ടാകുന്ന അസാധാരണമായ ഊർജമാണെന്നുമാണ് അവർക്കു പറയാനുള്ളത്. അതേസമയം, ഭക്ഷണം പാകം ചെയ്യാൻ അരുവികളിലെ വെള്ളം ഉപയോഗിച്ചിട്ടും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടുമില്ല.
വിവാദമായതും പേരുകേട്ടതുമായ ചെറുതും വലുതുമായ നൂറിൽപ്പരം മലകളും കാടുകളും ഇതിനോടകം അവർ പിന്നിട്ടുകഴിഞ്ഞു. തമിഴ്‌നാടിന്റെയും കർണാടകയുടേയും അതിർത്തിയിലുള്ള കാടുകളിലും അവരുടെ കാൽപ്പാദങ്ങൾ പതിഞ്ഞു.

അതിമനോഹരമായ നീലഗിരിക്കുന്നുകളും തേയിലത്തോട്ടങ്ങൾ മുതൽ അച്ചൻ കോവിൽ, ആര്യങ്കാവ്, തെന്മല, മേഘമല, സൈലന്റ് വാലി, ഫൈസീറ്റ വാലി, മീശപ്പുലിമല, ഗവി, അംബാസമുദ്രം, അഗസ്ത്യകൂടം, വാഗമൺ, മൂന്നാർ, ചിന്നാർ, വയനാട് മുതുമല, തുഷാരഗിരി, മുത്തങ്ങ, നെയ്യാർ, മീൻമുട്ടി, ശംഖൊലി, സെന്തുരുന്തി വനങ്ങൾ, കരയാർ വന്യജീവി സങ്കേതം, മംഗളാദേവി, മതികെട്ടാൻ മല, കാന്തല്ലൂർ, ഇടുക്കിയിലെ മദാമ്മക്കുളം തുടങ്ങി നൂറിൽപ്പരം വനങ്ങളും മലകളിലുമൊക്കെ അവർ യാത്ര ചെയ്തുകഴിഞ്ഞു. ഇനിയും ഒരുപാട് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ.

ഇതിലൂടെ പുതിയ തലമുറക്കും സർക്കാറിനു മുമ്പിലും ഇവർക്കു ചിലതു പറയാനുണ്ട്. ഉത്തരാവാദിത്വ ടൂറിസം വികസിപ്പിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ പുലർത്തണം. കാട് നാടായി മാറാൻ അനുവദിക്കരുത്. അതിന്റെ ആവാസ വ്യവസ്ഥ അതേപടി നിലനിർത്തണം. ടൂറിസത്തിന്റെ പേരിൽ കാടുകയറുന്നവർ പ്ലാസ്റ്റിക്കും മറ്റും നിക്ഷേപിച്ചു അവിടം മലിനമാക്കുന്നത് തടയണം. കുട്ടികളുടെ ഭാവി രൂപവത്കരണത്തിൽ വനങ്ങളിലേക്കുള്ള ഇത്തരം യാത്രകൾ ഏറെ സഹായകമാകും.

പ്രകൃതിയോട് ഇണങ്ങിച്ചേരാൻ കുട്ടികളെ അത് പ്രാപ്തമാക്കും. മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് ഇത്തരം യാത്രകൾ നൽകുന്ന മാനസിക ഉല്ലാസം ഏറെ വലുതായിരിക്കും. പ്രത്യേകിച്ച് പ്രായമായവരിൽ. അതുകൊണ്ടുതന്നെ വിശ്രമ ജീവിതം നയിക്കുന്നവർ തങ്ങൾ പ്രായമായി എന്നു കരുതി വീടിന്റെ നാലുചുവരുകളിൽ ഒതുങ്ങാതെ ഇത്തരം നിരന്തരയാത്രകൾ സംഘടിപ്പിക്കൂ… മനസ്സ് ആനന്ദകരമാക്കൂ എന്നാണ് ഇവർക്കു പറയാനുള്ളത്.

Content Highlights:
A group of retired government officials from Alappuzha has completed over 30 years of consistent forest trekking under the banner of Anupama Friendship Group. Starting from their days as young parallel college teachers in the 90s, they have explored over a hundred forest ranges across Kerala, Tamil Nadu, and Karnataka. The group advocates for responsible tourism, emphasizing the preservation of forest ecosystems and the mental health benefits of connecting with nature.

.

Latest