Connect with us

National

യുഎസിൽ ഇന്ത്യക്കാരായ നാലംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊന്നു

മരിച്ചവരിൽ എട്ട് മാസം പ്രായമായ പെൺകുഞ്ഞും

Published

|

Last Updated

കാലിഫോർണിയ | അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ പഞ്ചാബി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരിൽ 8 മാസം പ്രായമുള്ള പെൺകുഞ്ഞുമുണ്ട്. ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യാന റോഡിനും ഹച്ചിൻസൺ റോഡിനും സമീപമുള്ള ഒരു പാർക്കിൽ നിന്നഭാണ് ബുധനാഴ്ച വൈകുന്നേരം നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

അമേരിക്കയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്ന പഞ്ചാബിലെ ഹോഷിയാർപൂർ നിവാസികളായ ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്‌ലീൻ കൗർ (27 വയസ്സ്), മകൾ ആരോഹി (8 മാസം), സഹോദരൻ അമൻദീപ് സിങ് (39) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഒക്ടോബർ 3 ന് സൗത്ത് ഹൈവേ 59 ന്റെ 800 ബ്ലോക്കിൽ നിന്നാണ് നാല് പേരെയും തട്ടിക്കൊണ്ടുപോയതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ കാലിഫോർണിയ പോലീസ് 48 കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തു. അമൻദീപിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന മാനുവൽ സൽഗാഡോ എന്നായാളാണ് പിടിയിലായത്. പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ഇയാളുടെ നിലയും ഗുരുതരമായി തുടരുകയാണ്. തട്ടിക്കൊണ്ടുപോകൽ കേസിൽ ഇയാൾ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്തിനാണ് പ്രതി ജസ്ദീപ് സീംഗിനെയും കുടുംബത്തേയും തട്ടിക്കൊണ്ട് പോയത് എന്നത് വ്യക്തമല്ല.

തിങ്കളാഴ്ച രാവിലെ, കാലിഫോർണിയയിലെ അഗ്നിശമന ഉദ്യോഗസ്ഥർ, മെഴ്‌സിഡിന് പുറത്തുള്ള ഒരു ഗ്രാമപ്രദേശത്ത് തീപിടിച്ച നിലയിൽ അമൻദീപ് സിംഗിന്റെ ട്രക്ക് കണ്ടെടുത്തിരുന്നു. തട്ടിക്കൊണ്ടുപോയവർ തീകൊളുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

Latest