Connect with us

Travelogue

ഭീതിപ്പെടുത്തിയ ടാറ്റൂ ഭീകരർക്കിടയിൽ

പകൽ സമയം കണ്ടിരുന്ന ചൈന ടൗണോ ആ പരിസരമോ ആയിരുന്നില്ല പിന്നീട്‌ നമ്മുടെ മുന്നിൽ തെളിഞ്ഞുവന്നത്. തെരുവിന്റെ രൂപവും ഭാവവും ആകെ മാറി. നൂറുകണക്കിന്‌ ചെറുകിട സ്റ്റാളുകൾ, അതിനിടയിൽ കച്ചവടം ചെയ്യുന്നവർ, ഭക്ഷണപാത്രത്തിൽ നിന്നുയരുന്ന പുക, കൊറിച്ചു തിന്നാനും പറിച്ചുതിന്നാനും ഉതകുന്ന രീതിയിൽ തയ്യാറാക്കിയ ഭക്ഷണസാധനങ്ങൾ, മൊരിച്ച ഇറച്ചിയുടെ മണം... പകൽ സമയം കണ്ടുപോയ ശാന്തമായ തെരുവ് തന്നെയാണോ ഇതെന്ന്‌ സംശയിച്ചുപോകും.

Published

|

Last Updated

ചൈനടൗണിൽമടങ്ങിയെത്തുമ്പോൾ സന്ധ്യകഴിഞ്ഞിരുന്നു. രാവിലെ നമ്മൾ കണ്ടിരുന്ന ചൈന ടൗണോ ആ പരിസരമോ ആയിരുന്നില്ല പിന്നീട്‌ നമ്മുടെ മുന്നിൽ തെളിഞ്ഞുവന്നത്. തെരുവിന്റെ രൂപവും ഭാവവും ആകെ മാറി. നൂറുകണക്കിന്‌ ചെറുകിട സ്റ്റാളുകൾ അതിനിടയിൽ കച്ചവടം ചെയ്യുന്നവർ, ഭക്ഷണപാത്രത്തിൽ നിന്നുയരുന്ന പുക, കൊറിച്ചു തിന്നാനും പറിച്ചുതിന്നാനും ഉതകുന്ന രീതിയിൽ തയ്യാറാക്കിയ ഭക്ഷണസാധനങ്ങൾ, മൊരിച്ച ഇറച്ചിയുടെ ആകർഷണീയമായ മണം. ആളുകളെ ആകർഷിക്കാൻ വിളിച്ചുകൂട്ടുന്നവർ ഇങ്ങനെ ജീവിക്കുന്ന ഒരു തെരുവായി അത്് മാറി.

പകൽ സമയം കണ്ടുപോയ സമാധാന പൂർണമായ ഒരു തെരുവ് തന്നെയാണോ ഇതെന്ന്‌ സംശയിച്ചുപോകും. ആയിരക്കണക്കിന് ആളുകളുടെ ഒഴുക്കാണ് ഈ തെരുവിന്റെ ഒരറ്റം മുതൽ മറുഭാഗം വരെ. ആർകിടെക്ട് ദർവേഷ്‌ റൂമിലേക്ക് മടങ്ങി. ഞാൻ ഓരോ കടകളിലും കയറി സാധനങ്ങളുടെ വില അന്വേഷിക്കാൻ തുടങ്ങി. വാങ്ങാനുള്ള യാതൊരു ആഗ്രഹവും എന്നിലുണ്ടായിരുന്നില്ല. എങ്കിലും ഓരോ നാടുകളിലും ലഭ്യമായ സോവനീറുകൾ, വില കുറഞ്ഞ വസ്തുക്കൾ എന്തൊക്കെ എന്നറിയാൻ ഈ സന്ദർശനം സഹായകമാകുമെന്നുറപ്പാണ്. അതിനിടയിൽ എപ്പോഴോ ഒരു ഇടവഴിയിൽ അശ്രദ്ധയിൽ കയറി. അവിടമാകെ ഒരു ഇരുട്ട് മൂടിക്കിടക്കുന്നുണ്ട്. സമയം രാത്രി പത്ത് മണിയോടടുത്തിരിക്കുന്നു. കടകൾ അടച്ചു തുടങ്ങിയിട്ടുണ്ട്. പല വർണങ്ങളിലും ടാറ്റു പതിപ്പിക്കുന്ന ഷോപ്പുകളുടെ ഒരു സങ്കേതമാണ്‌ തെരുവിന്റെ ഈ ഭാഗം.

ജീവനുള്ള എല്ലാ വസ്തുക്കളുടെയും പല ചിഹ്നങ്ങളും പേരുകളായും എഴുത്തുകളായും ശരീരത്തിൽ പതിക്കാൻ ആളുകൾ ഇവിടെ വരുന്നുണ്ട്. ഇതിൽ ഭ്രാന്ത്മൂത്ത് ശരീരം മുഴുവൻ പച്ചകുത്തുന്നവരും ഉണ്ട്. എല്ലാ കടകളും അടച്ചിട്ടുണ്ട്. ഒരു കട അടക്കാനുള്ള ഒരുക്കത്തിലാണ്. എന്താണ് ഇതിന്റെ പ്രക്രിയ എന്തെന്നറിയാനും കാശ് എത്രയാണ് ഈടാക്കുന്നതെന്നുമൊക്കെ ചികയാനും അതിൽ കയറി. ഒരു മാനേജരും രണ്ട് തൊഴിലാളികളുമുണ്ട്. കടയുടെ ചുമരിൽ നിറയെ പച്ചയും നീലയും കുത്തിയ പ്രാകൃത മനുഷ്യരെ പോലെ ശരീരം വൃത്തികേടാക്കിയ നൂറുകണക്കിന് ആളുകളുടെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

ബാഹ്യമായ അവയവങ്ങളിൽ മാത്രമല്ല ശരീരത്തിന്റെ ഗോപ്യമായ ഇടങ്ങളിൽ പോലും പച്ചകുത്താൻ ഇവിടെ ആളുകൾ വരുന്നുണ്ട്‌ പോലും. എന്റെ സംസാരവും മലയാളിയുമാണെന്നും അറിഞ്ഞപ്പോൾ മാനേജർക്ക് പുട്ടും തേങ്ങ അരച്ച മീൻകറിയും ഉണ്ടാക്കേണ്ട രൂപം അറിയണം എന്നൊരു പൂതി. ഞാൻ അവന്റെ കമ്പ്യൂട്ടറിലെ യൂട്യൂബിൽ ആ പാചകരീതി കാണിച്ചുകൊടുത്തു. അതിനു നന്ദി സൂചകമായി അവൻ എനിക്കേ ഓഫർ ചെയ്തത് ശരീരത്തിൽ സൗജന്യമായി ടാറ്റൂപതിപ്പിച്ചുതരാമെന്നാണ്. ഞാൻ അതിനു മുന്നേ വില ചോദിച്ചതും പ്രക്രിയ അറിയാൻ വേണ്ടി കൂടുതൽ കാര്യങ്ങൾ ആരാഞ്ഞതും ഇത് എനിക്ക് ആവശ്യമാണെന്ന്‌ തെറ്റിദ്ധരിച്ചാണ് അയാൾ എനിക്ക്‌ സൗജന്യ ടാറ്റൂ ഓഫർ ചെയ്തത്. ഞാൻ അത്‌ നിരസിച്ചതൊന്നും അവന് ബോധ്യപ്പെട്ടില്ല. അവനു എങ്ങനെയെങ്കിലും എനിക്ക് ടാറ്റൂ പതിപ്പിച്ചുതരണം.

എന്നെപുറത്തേക്ക്‌ പോകാനും സമ്മതിക്കുന്നില്ല. തമാശയും കളിയുമൊക്കെ ഉള്ളിൽ ചെറിയ ഭീതി നിറച്ചുതുടങ്ങിയിട്ടുണ്ട്. അപ്പോഴേക്കും മാനേജർ കൂടെയുള്ള പയ്യന് എന്തൊക്കയോ മലായിഭാഷയിൽ നിർദേശവും നൽകിത്തുടങ്ങി. അവൻ ഉള്ളിൽപോയി പല ഡിസൈനുകളും അടങ്ങിയ ഡിസൈൻബുക്ക് എടുത്തുകൊണ്ട് വന്നുഎനിക്ക് മുന്നിൽ നിരത്തുകയും ചെയ്തു.

വേണ്ടാന്നുപറയുന്നതൊന്നും അവൻകേൾക്കുന്നില്ല. ചെയ്‌തേ മതിയാകൂ എന്നൊരു പിടിവാശി. കയറിക്കുടുങ്ങിയോ എന്ന് ചിന്തിച്ച നിമിഷങ്ങൾ. എന്നെ എഴുന്നേൽക്കാൻ സമ്മതിക്കാത്ത തരത്തിലുള്ള ഒരു നിർബന്ധിക്കൽ. ആകെ വിയർത്തുതുടങ്ങി. എങ്ങനെയെങ്കിലും എഴുന്നേൽക്കണം എന്ന്‌ തോന്നിയപ്പോൾ മൊബൈലിൽ ഒരു കോൾ വന്നു എന്ന രീതിയിൽഫോൺ ചെവിട്ടിൽ വെച്ച്‌ സംസാരം ആരംഭിച്ചു. കുറച്ചുനേരം നീണ്ടുനിന്ന വ്യാജ ഫോൺ സംസാരത്തിൽ അവർക്ക് എന്നിൽ ശ്രദ്ധ വിട്ടെന്ന്‌ തോന്നിയപ്പോൾ പെട്ടെന്ന് തന്നെ കടയുടെ വാതിലും തുറന്നു പിറകിലേക്ക്‌ നോക്കാതെ എന്റെ റൂമിലേക്ക് ഓടി രക്ഷപ്പെട്ടു.

Latest