Connect with us

National

വന സംരക്ഷണ നിയമ ഭേദഗതി; പ്രതിപക്ഷ പ്രതിഷേധം ശക്തം, വനം മന്ത്രിക്ക് കത്തെഴുതി ബൃന്ദ

വനഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ആദിവാസികളുടെയും ഗ്രാമസഭകളുടെയും മുഴുവന്‍ അവകാശങ്ങളും ലംഘിക്കുന്നതാണ് ഭേദഗതിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | വന സംരക്ഷണ നിയമ ഭേദഗതിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. വനഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ആദിവാസികളുടെയും ഗ്രാമസഭകളുടെയും മുഴുവന്‍ അവകാശങ്ങളും ലംഘിക്കുന്നതാണ് ഭേദഗതിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ഭേദഗതിക്കെതിരെ ബൃന്ദ കാരാട്ട് വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തയച്ചു. കേന്ദ്ര നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ് ഭേദഗതിയെന്ന് പ്രിയങ്ക വ്യക്തമാക്കി.

1980-ലെ വനസംരക്ഷണ നിയമത്തിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയത്. വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം, വനഭൂമിയില്‍ ഏത് തരം കൈമാറ്റത്തിനും വനവുമായി ചേര്‍ന്ന് താമസിക്കുന്ന ആദിവാസികളുടെയും ഗ്രാമസഭകളുടെയും അനുമതി നിര്‍ബന്ധമാണ് തുടങ്ങിയ നിലവിലെ നിയമത്തിലെ വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി വകമാറ്റുന്നതിന് ഉണ്ടായിരുന്ന കര്‍ശന നിയന്ത്രണത്തിലും ഇളവ് വരുത്തിയതായി പ്രതിപക്ഷം ആരോപിക്കുന്നു. അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

 

Latest