National
ഗുസ്തി താരങ്ങളുടെ ആരോപണം ഗൗരവതരം; നടപടിയെടുക്കും: കേന്ദ്ര കായിക മന്ത്രി
ഇന്ന് രാത്രി പത്ത് മണിക്ക് കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി
ന്യൂഡൽഹി | റെസ്‍ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനും പരിശീലകർക്കും എതിരെ വനിതാ ഗുസ്തിതാരങ്ങളുടെ ലൈംഗികാരോപണ പരാതിയിൽ മൗനം വെടിഞ്ഞ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. കായിക താരങ്ങളുടെ പരാതി ഗൗരവതരമാണെന്നും താരങ്ങളുടെ താത്പര്യം മുൻനിർത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാത്രി പത്ത് മണിക്ക് കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ല്യൂഎഫ്ഐ മേധാവിക്ക് എതിരെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രണ്ടാം ദിവസത്തേക്ക് കടന്നതോടെ കൂടുതൽ സജീവമായ സാഹചര്യത്തിലാണ് കായിക മന്ത്രാലയം വിഷയത്തിൽ ശക്തമായ ഇടപെടലിന് തയ്യാറായത്. കേന്ദ്ര കായിക സെക്രട്ടറി ഇന്ന് വൈകീട്ട് ഗുസ്തി താരങ്ങളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് തങ്ങൾക്ക് തൃപ്തികരമായ മറുപടിയും ഉറപ്പും ലഭിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷൺ സിംഗിന്റെ രാജി ഉറപ്പാക്കും വരെ സമരം തുടരുമെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കായിക മന്ത്രി അനുരാഗ് താക്കൂർ ആദ്യമായി മാധ്യമങ്ങളക്ക് മുന്നിൽ പ്രതികരിച്ചത്.
താരങ്ങളെ കാണാൻ ചണ്ഡീഗഢിൽ നിന്ന് റ്റൻ ഡൽഹിയിലേക്ക് തിരിക്കുമെന്നും ഇന്ന് രാത്രി 10 മണിക്ക് താരങ്ങളെ കാണുമെന്നും മന്ത്രി അറിയിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കായിക മന്ത്രാലയം നേരെത്ത ഫെഡറേഷനോട് വിശദീകരണം തേടിയിരുന്നു.