Connect with us

pravasam

അൽ ബിദ്‍യ; കളിമണ്ണിലെ കമനീയത

യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച മസ്ജിദിന് 600 വർഷത്തിലേറെ പഴക്കമുണ്ട്. ഇതിനും മുമ്പ് യു എ ഇയിൽ പല പള്ളികളും നിർമിച്ചിട്ടുണ്ടെങ്കിലും ഇന്നും അവശേഷിക്കുന്ന പുരാതന മസ്ജിദുകളിൽ ഏറെ കാലപ്പഴക്കമുള്ളത് അൽ ബിദ്‌യ തന്നെ. പല വലിപ്പത്തിലുള്ള കളിമൺ താഴികക്കുടങ്ങളുള്ള പള്ളി ഫുജൈറയിലെ അൽ ബിദ്‌യ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Published

|

Last Updated

കളിമണ്ണും കല്ലുകളും കൊണ്ട് നിർമിച്ച അനുപമമായ ഒന്ന് നിങ്ങളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. കാവൽ ഗോപുരങ്ങളും ചുറ്റുമതിലും കോട്ടയും ഉൾക്കൊള്ളുന്ന യു എ ഇയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ അൽ ബിദ്‌യ മസ്ജിദ് അത്തരത്തിലൊന്നാണ്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച മസ്ജിദിന് 600 വർഷത്തിലേറെ പഴക്കമുണ്ട്. ഇതിനും മുമ്പ് യു എ ഇയിൽ പല പള്ളികളും നിർമിച്ചിട്ടുണ്ടെങ്കിലും ഇന്നും അവശേഷിക്കുന്ന പുരാതന മസ്ജിദുകളിൽ ഏറെ കാലപ്പഴക്കമുള്ളത് അൽ ബിദ്‌യ തന്നെ.

പല വലിപ്പത്തിലുള്ള കളിമൺ താഴികക്കുടങ്ങളുള്ള പള്ളി ഫുജൈറയിലെ അൽ ബിദ്‌യ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. അങ്ങനെയാണ് മസ്ജിദിന് ഈ പേര് വന്നതും. ഒമാൻ ഉൾക്കടലിനോട് ചേർന്ന തീരഗ്രാമമാണ് അൽ ബിദ്‌യ. പരമ്പരാഗതമായി കൃഷിയും മത്സ്യബന്ധനവും നടത്തി ജീവിക്കുന്നവരാണ് ഇവിടുത്തുകാർ. പുരാതന കാലം തന്നെ യു എ ഇയുടെ കിഴക്കൻ ഗ്രാമങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു. അക്കാലത്തെ സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയായിരുന്നു ഫുജൈറയുടെ തീരഗ്രാമം. 1140ൽ ലോകസഞ്ചാരം നടത്തിയ ഇബ്‌നു ബത്തൂത്ത ഈ സ്ഥലത്തെ കുറിച്ച് അദ്ദേഹത്തിന്റെ യാത്രാഗ്രന്ഥത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഷാർജ, ദുബൈ, അബൂദബി എന്നിവയെക്കാളും പ്രാധാന്യം അക്കാലത്ത് ഫുജൈറക്കുണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

ലോകമെമ്പാടുമുള്ള മസ്ജിദുകളുടെ വലിയ ഗോളാകൃതിയിലുള്ള താഴികക്കുടങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവിധ വലിപ്പത്തിലുള്ള നാല് താഴികക്കുടങ്ങൾ തന്നെയാണ് അൽ ബിദ്‌യ മസ്ജിദിനെ വ്യത്യസ്തമാക്കുന്നത്. ഒന്നിനു മുകളിൽ ഒന്നൊന്നായി നാല് ലെയറുകളായാണ് അവ നിർമിച്ചിരിക്കുന്നത്. എന്നാൽ ആരാണ് ഈ മസ്ജിദ് പണികഴിപ്പിച്ചതെന്ന അന്വേഷണത്തിന് കൃത്യമായ ഉത്തരം ചരിത്രകാരന്മാർക്ക് കണ്ടെത്താനായിട്ടില്ല. എ ഡി 1446ലാണ് മസ്ജിദ് നിർമിച്ചച്ചെന്നാണ് ഫുജൈറ പുരാവസ്തു- പൈതൃക വകുപ്പും സിഡ്‌നി സർവകലാശാലയും സംയുക്തമായ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ 2017ൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി നിയോഗിച്ച ഗവേഷക സംഘത്തിന്റെ പഠനത്തിൽ എ ഡി 1599ലാണ് പള്ളി നിർമിച്ചതെന്നും അഭിപ്രായമുണ്ട്. മസ്ജിദിന് അകത്ത് മധ്യഭാഗത്തായുള്ള ഒറ്റത്തൂണിലാണ് നാല് താഴികക്കുടങ്ങളും ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. എന്നാൽ മേൽക്കൂര മരത്തിലല്ലെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇസ്‌ലാമിക ചരിത്രത്തിലെ മസ്ജിദുകളിൽ നിന്ന് വ്യത്യസ്തമായ താഴികക്കുടങ്ങളുള്ള ഇതിനെ പള്ളിയാണെന്ന് നിർണയിക്കുന്നത് ഇതിന്റെ മിമ്പറും മിഹ്‌റാബുമാണ്. മക്കയുടെ ദിശയിലാണ് രണ്ടും സ്ഥിതി ചെയ്യുന്നത്.

ഒമാന്റെ വടക്കുപടിഞ്ഞാറൻ തീരത്തും യു എ ഇയുടെ കിഴക്കൻ തീരത്തും പോർച്ചുഗീസുകാർ നിർമിച്ച 11 കോട്ടകളാണുള്ളത്. 1508ൽ അൽ ബിദ്‌യ മസ്ജിദിന് സമീപവും ഇത്തരത്തിൽ രണ്ട് കോട്ടകൾ അവർ നിർമിച്ചിരുന്നു. മുസ്‌ലിംകളെ പോലെ തന്നെ അമുസ്‌ലിംകൾക്കും മസ്ജിദിനുള്ളിൽ പ്രവേശിക്കാനും ഓട്ടോമൻ യുഗത്തിലേതിന് സമാനമായ വാസ്തുവിദ്യയുടെ അത്ഭുതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമാകും.

Latest