Connect with us

Ongoing News

അല്‍ ഐന്‍ അന്താരാഷ്ട്ര പുസ്തകമേള 21 മുതല്‍ സായിദ് സെന്‍ട്രല്‍ ലൈബ്രറിയില്‍

ഓണ്‍ലൈനിലൂടെ വിര്‍ച്യുല്‍ സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്.

Published

|

Last Updated

അല്‍ ഐന്‍ | അബുദാബി അറബിക് ലാംഗ്വേജ് സെന്ററുമായി സഹകരിച്ചു അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം (ഡി സി ടി ) സംഘടിപ്പിക്കുന്ന അല്‍ ഐന്‍ പുസ്തകമേള സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ഐനിലെ സായിദ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ‘വായിക്കുന്ന തലമുറ വഴികാട്ടുന്ന തലമുറയാണ്’ എന്ന പ്രമേയം അടിസ്ഥാനമാക്കി നടക്കുന്ന പുസ്തക മേള സെപ്റ്റംബര്‍ 30 വരെ നീണ്ട് നില്‍ക്കും. കൂടുതല്‍ പേരിലേക്ക് മേളയെ എത്തിക്കുന്നതിനായി പുസ്തക പ്രദര്‍ശനത്തിനൊപ്പം, ഓണ്‍ലൈനിലൂടെ വിര്‍ച്യുല്‍ സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്. സാക്ഷരത എന്നത് പുരോഗതി കൈവരിച്ച ഏതൊരു രാജ്യത്തെയും കെട്ടിപ്പടുക്കുന്നതിനായി സഹായിച്ചിട്ടുള്ള അടിസ്ഥാനപരമായ ഘടകമാണ്.

ജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ നിര്‍മ്മിക്കുന്നതിനായി വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും, സുസ്ഥിരമായ പ്രസിദ്ധീകരണ മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണ് ഡി സി ടി അബുദാബി അണ്ടര്‍ സെക്രട്ടറി സഊദ് അല്‍ ഹുസ്‌നി വ്യക്തമാക്കി. അല്‍ ഐന്‍ ബുക്ക് ഫെയര്‍ നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശനം നല്‍കുന്നു. എല്ലാ തരത്തിലുള്ള സാംസ്‌കാരിക അറിവുകളും നേടുന്നതിനൊപ്പം, നമ്മുടെ യുവാക്കള്‍ക്ക് തങ്ങളുടെ സൃഷ്ടിപരമായ കഴിവുകളും, പ്രാഗല്‍ഭ്യവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ് അല്‍ ഐന്‍ പുസ്തക മേള അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു എ ഇയുടെ ജൂബിലി വര്‍ഷത്തില്‍, ഈ വര്‍ഷത്തെ മേള ഇമറാത്തി സാംസ്‌കാരിക പൈതൃകത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദശകങ്ങളില്‍ യു എ ഇയുടെ ദേശീയ സ്വത്വം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച സാഹിത്യപരവും, സാംസ്‌കാരികവുമായ സൃഷ്ടികള്‍ എടുത്ത് കാണിക്കുന്നതില്‍ അല്‍ ഐന്‍ ബുക്ക് ഫെയര്‍ 2021 പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം അറിയിച്ചു.

യു എ ഇയില്‍ നിന്നുള്ള 100-ല്‍ പരം പ്രസാധകരും, പ്രദര്‍ശകരും ഈ മേളയുടെ ഭാഗമായിരിക്കുന്നതാണ്. എല്ലാ പ്രായവിഭാഗങ്ങളില്‍പ്പെടുന്ന വായനക്കാരുടെയും അഭിരുചികള്‍ക്കിണങ്ങുന്ന ഏറ്റവും പുതിയ സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പടെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. അമ്പതോളം സാംസ്‌കാരിക നായകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പ്രത്യേക സംവാദങ്ങള്‍, സംഗീത പരിപാടികള്‍, കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസസംബന്ധിയായ പ്രദര്‍ശനങ്ങള്‍, പ്രത്യേക വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവ മേളയുടെ ഭാഗമാണ്. പൂര്‍ണ്ണമായും കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. സന്ദര്‍ശകര്‍ക്ക് അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. സന്ദര്‍ശകര്‍ 48 മണിക്കൂറിനിടയില്‍ നേടിയ പി സി ആര്‍ പരിശോധന ഫലം ഹാജരാക്കണം. https://adbookfair.com/en/aabf എന്ന വിലാസത്തിലൂടെയോ അബുദാബി ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ആപ്പിലൂടെയോ മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

Latest