Kerala
എ കെ ജി സെന്റര്‍ ആക്രമണം ആസൂത്രിതം; പോലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും: മുഖ്യമന്ത്രി
സംഭവം ആസൂത്രണം ചെയ്തവര്‍ പ്രതിയെ മറച്ചുപിടിക്കുകയാണ്.

തിരുവനന്തപുരം | എകെജി സെന്ററിന് നേരെയുണ്ടായത് പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പോലീസുള്ള സ്ഥലം മനസ്സിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിസിടിവി പരിശോധനകളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. യഥാര്‍ഥ പ്രതിയിലേക്ക് എത്തും. സംഭവം ആസൂത്രണം ചെയ്തവര്‍ പ്രതിയെ മറച്ചുപിടിക്കുകയാണ്. പക്ഷേ, പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
എകെജി സെന്ററിന്റെ ഒരു ചില്ലെങ്കിലും എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ് ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അയാളെയാണ് പോലീസ് ചോദ്യം ചെയ്തത്. അത് സ്വാഭാവിക നടപടി മാത്രമാണ്. കോട്ടയം ഡിസിസി ഓഫീസ് ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കെപിസിസി ഓഫീസ് ആക്രമണത്തിലും കന്റോണ്‍മെന്റ് ഹൗസ് ആക്രമണത്തിലും കൃത്യമായി കേസ് എടുത്തു.എസ്ഡിപിഐക്കാര്‍ എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന വാര്‍ത്ത തെറ്റാണ്. ഇക്കാര്യം വസ്തുതാപരം അല്ല. ജൂലൈ ഒന്നിന് എസ്ഡിപിഐ സംഘം വന്നെങ്കിലും കൂടിക്കാഴ്ചക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഓഫീസ് ജീവനക്കാര്‍ തിരിച്ചയച്ചു. എസ്ഡിപിഐക്കാര്‍ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയം തള്ളിയതായി സ്പീക്കര്‍ എം ബിരാജേഷ് വ്യക്തമാക്കി. രണ്ടര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിഷയം തള്ളിയത്.