Connect with us

akg centre attack

എ കെ ജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാൻഡിൽ

പെൺസുഹൃത്ത് എത്തിച്ചുനൽകിയ ഡിയോ സ്കൂട്ടറിലാണ് എ കെ ജി സെൻ്ററിലേക്ക് ഇയാൾ സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് മണ്‍വിള സ്വദേശി ജിതിൻ്റെ അറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ജിതിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് നാളെ അപേക്ഷ സമർപ്പിക്കും. കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ജോലി ചെയ്യുകയാണ് ജിതിൻ. പെൺസുഹൃത്ത് എത്തിച്ചുനൽകിയ ഡിയോ സ്കൂട്ടറിലാണ് എ കെ ജി സെൻ്ററിലേക്ക് ഇയാൾ സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

കൃത്യം നടത്തിയ ശേഷം സ്കൂട്ടർ പെൺസുഹൃത്തിന് തിരികെ നൽകി. അതേസമയം, സ്കൂട്ടർ കണ്ടുകിട്ടിയിട്ടില്ല. ഇതിനുള്ള തിരച്ചിൽ തുടരുകയാണ്. ജിതിൻ എത്തിയ ഡിയോ സ്കൂട്ടറിൽ അന്ന് രാത്രി തന്നെ ഒരു വനിത തട്ടുകടയിലെത്തിയതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഒരേ വാഹനമാണെന്ന് ശാസ്ത്രീയമായി പരിശോധിച്ചിട്ടുമുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ജൂലൈ 30നാണ് എ കെ ജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ ആള്‍ പടക്കമെറിയുകയായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവം നടന്നത് ഒന്നര മാസത്തിനു ശേഷമാണ് കേസില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുന്നത്. ഇതിനു മുമ്പ് എ കെ ജി സെന്ററിനി കല്ലെറിയുമെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും പ്രതിയല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.

Latest