Editors Pick
ഒ ടി പി തട്ടിപ്പ് തടയാൻ എ ഐ അധിഷ്ഠിത ഫ്രോഡ് അലർട്ട് സംവിധാനവുമായി എയർടെൽ
നെറ്റ്‌വർക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം സംശയാസ്പദമായ കോളുകൾക്കിടയിൽ ഒ ടി പി വരുന്നത് കണ്ടെത്തിയാൽ ഉടൻ ഉപഭോക്താവിന് മുന്നറിയിപ്പ് നൽകും.
ന്യൂഡൽഹി | ബാങ്ക് ഇടപാടുകൾക്കായി ഒ ടി പി. ലഭിക്കുന്ന സമയത്ത് ഫോൺ കോളുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ തടയാൻ എ ഐ അധിഷ്ഠിത ഫ്രോഡ് അലർട്ട് സംവിധാനവുമായി എയർടെൽ. ഒരു കോൾ നടന്നുകൊണ്ടിരിക്കെ ഉപഭോക്താവിന് ബാങ്കിംഗ് ഒ ടി പി. ലഭിക്കുകയാണെങ്കിൽ, ആ കോൾ തട്ടിപ്പാണോ എന്ന് തത്സമയം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ ഫീച്ചർ. ഡെലിവറി ഏജന്റുമാരോ സർവീസ് പ്രൊവൈഡർമാരോ ആയി ചമഞ്ഞ് വിളിക്കുന്നവർ ഒ ടി പി. കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുന്നത് തടയാനാണ് ടെലികോം കമ്പനി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
നെറ്റ്‌വർക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം സംശയാസ്പദമായ കോളുകൾക്കിടയിൽ ഒ ടി പി വരുന്നത് കണ്ടെത്തിയാൽ ഉടൻ ഉപഭോക്താവിന് മുന്നറിയിപ്പ് നൽകും. ഇത് അപരനാമത്തിൽ വിളിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഉപഭോക്താവിന് സമയം നൽകുകയും തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കുകയും ചെയ്യും. എയർടെല്ലിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നെറ്റ്‌വർക്കാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എയർടെൽ ഇന്ത്യ എം ഡി.യും സി ഇ ഒ.യുമായ ശാശ്വത് ശർമ്മ പറഞ്ഞു. ഒ ടി പികൾ ഡിജിറ്റൽ ഇടപാടുകൾക്ക് സുരക്ഷ നൽകുന്നതാണെങ്കിലും കുറ്റവാളികൾ പലപ്പോഴും ഇതിനെ മറികടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഹരിയാനയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ മുഴുവൻ എയർടെൽ ഉപഭോക്താക്കളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്പാം കോൾ മുന്നറിയിപ്പുകളും വ്യാജ ലിങ്കുകൾ തടയാനുള്ള സംവിധാനങ്ങളും എയർടെൽ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വോയിസ് കോളുകളിലൂടെയുള്ള ഒ ടി പി. തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ എ ഐ കവചം കമ്പനി ഒരുക്കുന്നത്.





