Connect with us

KANNUR AIRPORT

കണ്ണൂരിൽ നിന്ന് വൈഡ് ബോഡി വിമാന സർവീസുമായി എയർ ഇന്ത്യ

254 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോയിംഗ് 787-8 വിമാനം പറത്താനാണ് എയർ ഇന്ത്യയുടെ തീരുമാനം

Published

|

Last Updated

മട്ടന്നൂർ | കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വൈഡ് ബോഡി വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ സന്നദ്ധത അറിയിച്ചു. 254 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോയിംഗ് 787-8 വിമാനം പറത്താനാണ് എയർ ഇന്ത്യയുടെ തീരുമാനം.

ബഹ്‌റൈൻ സെക്ടറിലേക്കാണ് ആദ്യ യാത്ര. ശനിയാഴ്ചകളിൽ ഉച്ചക്ക് 12ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 1.15ന് ബഹ്റൈനിൽ എത്തി രാത്രി 11.35 ന് കണ്ണൂരിൽ തിരിച്ചെത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

നേരത്തേ, വന്ദേമാതരം മിഷന്റെ ഭാഗമായിട്ടായിരുന്നു വലിയ വിദേശ വിമാനങ്ങൾ ഇവിടെ വന്നിറങ്ങിയത്. കൊവിഡ് പശ്ചാത്തലത്തിൽ ചാർട്ടേഡ് ചെയ്ത ഇത്തിഹാദ് ഉൾപ്പെടെയുള്ളവ ആയിരുന്നു അവ. എന്നാൽ, സ്ഥിരം ഷെഡ്യൂൾ ചെയ്തുള്ള വൈഡ് ബോഡി വിമാന സർവീസ് കണ്ണൂരിൽ നിന്ന് ആദ്യമായാണ്.

വലിയ വിമാനങ്ങൾ യഥേഷ്ടം ഇറങ്ങാനും തിരിച്ചുപോകാനുമുള്ള റൺവേ സൗകര്യം ഉണ്ടെന്നുള്ളത് വിമാന കമ്പനികളെ കണ്ണൂരിലേക്ക് ആകർഷിച്ചിരുന്നു. മലബാർ മേഖലയിൽ കൂടുതൽ പ്രവാസികൾ ഉണ്ടെന്നുള്ളതും കൂടുതൽ പേർ കണ്ണൂരിനെ തിരഞ്ഞെക്കുന്നതുമാണ് ഇതിനു പ്രേരിപ്പിച്ചത്. എന്നാൽ അനുമതി നൽകുന്നതിലുള്ള താമസമായിരുന്നു വൈകാൻ ഇടയാക്കിയത്.
കാർഗോ സർവീസ് തുടങ്ങുന്ന വേളയിൽ മുഖ്യമന്ത്രി തന്നെ ഇത് സൂചിപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രാലയത്തിൽ ഈ കാര്യം മുഖ്യമന്ത്രി നേരിട്ട് പറയുകയും സമ്മർദ ശ്രമം നടത്തുകയുമുണ്ടായി. എയർ ഇന്ത്യ ബഹ്റൈൻ സർവീസ് നടത്തുന്നതോടെ കൂടുതൽ വിമാനക്കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കിയാൽ അധികൃതർ എയർ ഇന്ത്യാ സംഘവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചത്.

ഇതിന് പുറമെ വിസ്താര, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ വിമാന കമ്പനികളുമായും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയതായി കിയാൽ അധികൃതർ വ്യക്തമാക്കി. സർവീസ് നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ആരംഭിച്ചതായും അധികൃതർ പറഞ്ഞു. കാർഗോ കോംപ്ലക്‌സ് പ്രവർത്തനം ദിവസങ്ങൾക്കകം ആരംഭിക്കാനിരിക്കെ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

വലിയ വിമാനം സർവീസ് നടത്തുന്നതോടെ ബെല്ലി കാർഗോ ആയി 15 ടണ്ണോളം സാധനങ്ങൾ വിമാനങ്ങളിൽ കൊണ്ടുപോകാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമ്പോൾ കാർഗോ മേഖലയിലും കൂടുതൽ പേർ കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കാൻ സാധ്യതയുണ്ട്‌.

Latest