Connect with us

Articles

കപട നവോത്ഥാനത്തിനെതിരെ

ഈജിപ്ഷ്യന്‍ മതയുക്തിവാദം കെ എം, വക്കം മൗലവിമാര്‍ വഴി കേരളത്തിലേക്ക് പടര്‍ന്നതിനെയാണ് പൊതുസമൂഹം നവോത്ഥാനമെന്ന് വിചാരിക്കുന്നത്. മതനശീകരണത്തെയും അധിനിവേശ വിധേയത്വത്തെയും മുസ്ലിം നവോത്ഥാനമെന്ന് തെറ്റായി വായിക്കുന്നവരെ കൂടി ലക്ഷ്യം വെക്കുന്നുണ്ട് ഇന്ന് നടക്കുന്ന ആദര്‍ശ സമ്മേളനം.

Published

|

Last Updated

ഒന്ന്, നവോത്ഥാനം: ‘കേരളത്തില്‍ മുസ്ലിംകളുടെ വളര്‍ച്ചക്കനുസരിച്ച് അവര്‍ക്ക് വിദ്യാഭ്യാസ രംഗത്തും മുന്നേറ്റമുണ്ടായി. പള്ളികളോടനുബന്ധിച്ച ദര്‍സുകളായിരുന്നു ആദ്യ കാലത്തെ വിദ്യാപീഠങ്ങള്‍. പൊന്നാനിയിലെ ദര്‍സിന് ഒരു സര്‍വകലാശാലയുടെ സ്ഥാനമാണുണ്ടായിരുന്നത്. ഇത്തരം ദര്‍സുകളില്‍ ശരീഅത്ത് വിജ്ഞാനങ്ങള്‍ക്ക് പുറമേ ഭൂമിശാസ്ത്രം, തര്‍ക്കശാസ്ത്രം വൈദ്യശാസ്ത്രം തുടങ്ങിയവയും അഭ്യസിച്ചിരുന്നു.’ രണ്ട്, കപട നവോത്ഥാനം: ‘മുറി മുല്ലമാര്‍ എന്ന് പറയാവുന്ന ബിരുദധാരികളെ പടച്ചുവിടാന്‍ മാത്രമേ ഇന്നത്തെ ബി എ / അഫ്സലുല്‍ ഉലമ പാഠ്യക്രമത്തിലൂടെ സാധിക്കുകയുള്ളൂ. അവര്‍ അബദ്ധങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അത് മൂലം അറബി ഭാഷക്ക് ഉച്ചാരണ ശുദ്ധി പോലും നഷ്ടമായിട്ടുണ്ട്’ (മുജാഹിദ് സോവനീര്‍ 2002).

മദീനയില്‍ നിന്ന് കേരളത്തിലേക്ക് പടര്‍ന്ന ഇസ്ലാമിക നവോത്ഥാനത്തിന്റെ തുടര്‍ച്ചയില്‍ പൊന്നാനി കേന്ദ്രമായി സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ കെട്ടിപ്പടുത്തത് സര്‍വകലാശാല. ഓര്‍ക്കണം, പതിനാറാം നൂറ്റാണ്ടിലാണിത്. ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം, ഇസ്ലാമിക വിജ്ഞാനീയം തുടങ്ങിയവയുടെ ആധികാരികമായ അഭ്യാസം. പൊന്നാനി യൂനിവേഴ്സിറ്റിയില്‍ നൂറുക്കണക്കായ വിദേശ വിദ്യാര്‍ഥികള്‍. ഇബ്നു ഹജറുല്‍ ഹൈത്തമി ഉള്‍പ്പെടെയുള്ള വിദേശ അധ്യാപകന്‍മാര്‍. മുസ്ലിം നവോത്ഥാനത്തിന്റെ ഗംഭീരമായ ചരിത്രം. പൊന്നാനി തൊടുത്തുവിട്ട വൈജ്ഞാനിക മുന്നേറ്റം നിരവധി കേരളീയ പണ്ഡിതന്‍മാര്‍ ഏറ്റെടുത്ത് പരിരക്ഷിച്ചു. കേരളത്തില്‍ പില്‍ക്കാലത്ത് നോളജ് സിറ്റികളായും എജു പാര്‍ക്കുകളായും അവ വികാസം കൊണ്ടു. ഈജിപ്ഷ്യന്‍ മതയുക്തിവാദം കെ എം, വക്കം മൗലവിമാര്‍ വഴി കേരളത്തിലേക്ക് പടര്‍ന്നതിനെയാണ് പൊതുസമൂഹം നവോത്ഥാനമെന്ന് വിചാരിക്കുന്നത്. ആ കപട നവോത്ഥാനത്തിന്റെ സന്തതികളായിരുന്നു ഉച്ചാരണ ശുദ്ധിയില്ലാത്ത മുറി മുല്ലമാര്‍. മുസ്ലിം നവോത്ഥാന പാരമ്പര്യം ഇത്തരം മൊല്ല മുറികളില്‍ കെട്ടിച്ചാര്‍ത്തുന്നവര്‍ പറയണം ആരാണ് മുസ്ലിം നവോത്ഥാനത്തിന്റെ നേരവകാശികള്‍ എന്ന്. മതനശീകരണത്തെയും അധിനിവേശ വിധേയത്വത്തെയും മുസ്ലിം നവോത്ഥാനമെന്ന് തെറ്റായി വായിക്കുന്നവരെ കൂടി ലക്ഷ്യം വെക്കുന്നുണ്ട് ഇന്ന് നടക്കുന്ന കേരള മുസ്ലിം ജമാഅത്തിന്റെ ആദര്‍ശ സമ്മേളനം.

മുസ്ലിം നവോത്ഥാന ചരിത്രത്തെ അപഗ്രഥിക്കുന്നതില്‍ പൊതുസമൂഹം ഇനിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭരണ രംഗത്തും രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുമുള്ള സമുന്നതര്‍ പോലും നവോത്ഥാന ചരിത്രത്തെ അപഗ്രഥിക്കുന്നത് തെറ്റായ സ്രോതസ്സുകളെ ആശ്രയിച്ചാകുന്നത് അപമാനകരമാണ്. കേരള മുസ്ലിം നവോത്ഥാന ചരിത്രമോ മുസ്ലിം സമുദായമോ ഇത് അംഗീകരിച്ച് തരില്ലെന്ന് ഇനിയെങ്കിലും പറയാതെ വയ്യ.

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും രണ്ടാമനും തുടര്‍ന്ന് അനേകം മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമര്‍ ഖാസിയും ആലി മുസ്ലിയാരും മറ്റനേകം പാരമ്പര്യ ഇസ്ലാമിന്റെ വക്താക്കളും സമയോചിതം പ്രയോഗിച്ച് വന്ന ഉത്ഥാന പരിശ്രമങ്ങളെ തെറ്റും ചരിത്രവിരുദ്ധവുമായ ഒരു കാലഗണന കൊണ്ട് മറച്ച് പിടിക്കാനാകില്ല. മുസ്ലിം ഐക്യസംഘം നവോത്ഥാന പ്രസ്ഥാനമായിരുന്നില്ല. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ നിന്ന് ഒളിച്ചോടി വന്ന കെ എം മൗലവിയും സ്വദേശാഭിമാനി നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഹതാശയനായി കഴിഞ്ഞ് വന്ന വക്കം മൗലവിയും ചേര്‍ന്ന് വിദേശ ഭരണാധികാരികളെ പ്രീതിപ്പെടുത്തി രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയതാണ് മുസ്ലിം ഐക്യസംഘം. മുസ്ലിംകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുക, അവരുടെ തനത് സാഹിത്യ സമ്പത്ത് തകര്‍ക്കുക, പോരാട്ട സാഹിത്യങ്ങള്‍ ഇല്ലായ്മ ചെയ്യുക, രാഷ്ട്രീയ ബോധം നശിപ്പിക്കുക, ഇതിനായി അറബി മലയാള ഭാഷയെ തകര്‍ക്കുക, മലയാള ഭാഷയില്‍ മതം പഠിപ്പിക്കുക, ക്രമത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പടിഞ്ഞാറിനോടുള്ള അടിമ മനോഭാവം കുത്തി വെക്കുക, ആദര്‍ശപരമായി മുസ്ലിംകളെ അപായപ്പെടുത്തുക ഇതൊക്കെയായിരുന്നു ലക്ഷ്യങ്ങള്‍. സ്ത്രീ പൊതുരംഗ പ്രവേശം, ആരാധനകളുടെ വക്രീകരണം, ജുമുഅ ഖുതുബയുടെ ഭാഷാ മാറ്റം, പലിശ ബേങ്കിന്റെ സ്ഥാപനം, സകാത്തിന്റെ ദുരുപയോഗം, ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍, സര്‍വമത സത്യവാദം, പ്രവാചകനിന്ദ, ഹദീസ് നിഷേധം, മതയുക്തിവാദങ്ങള്‍, തീവ്രവാദം തുടങ്ങിയ വിപത്തുകളായിരുന്നു ഐക്യസംഘത്തിന്റെ സംഭാവനകള്‍.

മതനശീകരണം എങ്ങനെ നവോത്ഥാനമാകും? തീവ്രവാദത്തെ എങ്ങനെ ഉത്ഥാനമെന്ന് വിളിക്കും? സാമ്രാജ്യത്വ വിധേയത്വമാണോ മുസ്ലിം നവോത്ഥാനം? അധിനിവേശ ശക്തികളോട് രാജിയാകുന്നതാണോ ഉത്ഥാനം? സാംസ്‌കാരിക അധിനിവേശം ലക്ഷ്യം വെച്ച് ഇംഗ്ലീഷും മലയാളവും വിദ്യാഭ്യാസവും ദുരുപയോഗം ചെയ്യുന്നത് നവോത്ഥാനമാണോ? ഇസ്ലാമിക ഭൂരിപക്ഷം ആഗോളതലത്തില്‍ തള്ളിക്കളഞ്ഞ സലഫി മൂവ്മെന്റിനെ നവോത്ഥാന പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കാമോ? കേരളത്തില്‍ നൂറോളം യുവാക്കള്‍ തീവ്രവാദാശയങ്ങളിലേക്ക് നയിക്കപ്പെടാന്‍ ഹേതുകമായ കെ എം മൗലവി എങ്ങനെയാണ് നവോത്ഥാന നായകനാകുക? പൊതു സമൂഹത്തിലെ ഉന്നത സ്ഥാനീയരെ പോലും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതാരാണ്? ഇവരുടെ പ്രസംഗമെഴുത്തുകാര്‍ക്ക് നിരന്തരം തെറ്റുകള്‍ സംഭവിക്കുന്നതെന്താണ്? ചരിത്രത്തെ ഇങ്ങനെ വഞ്ചിക്കാന്‍ വിട്ടുകൊടുക്കാമോ? കെ എം മൗലവിയും വക്കം മൗലവിയും സമുദായത്തിന് ചെയ്ത സേവനമെന്താണ്? മലബാര്‍ കലാപ വേളയില്‍ മുസ്ലിംകളെ പോര്‍മുഖത്തേക്ക് വലിച്ചെറിഞ്ഞ് കൊടുത്ത് കൊടുങ്ങല്ലൂരിലേക്ക് രക്ഷപ്പെട്ട സംഭവം മുസ്ലിം നവോത്ഥാനത്തില്‍ എന്ത് പങ്കാണ് വഹിച്ചിരിക്കുക? കൊടുങ്ങല്ലൂരില്‍ ഒരു ഖബ്റ് പൊളിയാണ് രേഖപ്പെടുത്തപ്പെട്ട മറ്റൊരു ചരിത്ര സംഭവം. ഇതാണോ നവോത്ഥാനത്തിന്റെ ആണിക്കല്ലായി കാണേണ്ടത്? ഐക്യസംഘമായിരുന്നല്ലോ കെ എം മൗലവിയുടെ പ്രധാന തട്ടകം. എത്ര കൊല്ലമായിരുന്നു ഇതിന്റെ ആയുസ്സ്? ഈ കാലയളവില്‍ എന്ത് വിദ്യാഭ്യാസ പ്രവര്‍ത്തനമായിരുന്നു ഇവര്‍ നടത്തിയിരുന്നത്? ഒന്നെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ? പലിശ ഭൂതത്തെ ഇസ്ലാമിന്റെ വിലാസത്തില്‍ തിരിച്ചു കൊണ്ട് വരാന്‍ ശ്രമിച്ചതാണ് ഐക്യസംഘത്തിന്റെ പ്രധാന നവോത്ഥാന പ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നത്. മൗലവിമാര്‍ മുസ്ലിം ബേങ്കിന്റെ പിരിവ് തുടങ്ങിയതോടെ ഐക്യസംഘം പൊളിഞ്ഞു. സ്വദേശാഭിമാനി പത്രവും പത്രാധിപരും പത്ര ഉടമയുമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് വായിച്ച പ്രസംഗത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടേയോ അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റേയോ പേരിലാണോ പത്രം നിരോധിക്കപ്പെട്ടത്? പത്രാധിപര്‍ നാടുകടത്തപ്പെട്ടത്? ചരിത്രത്തെ വാമൊഴി വഴക്കങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവര്‍ പത്രസ്ഥാപനം അടച്ചുപൂട്ടാന്‍ കാരണമായ സ്വദേശാഭിമാനിയുടെ ഈ പത്രാധിപ കുറിപ്പ് വായിക്കണം. ‘ആചാര കാര്യങ്ങളില്‍ സാര്‍വജനീനമായ സമത്വം അനുഭവപ്പെടണമെന്ന് വാദിക്കുന്നവര്‍ ആ സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളില്‍ കുട്ടികളെ അവരുടെ വര്‍ഗ യോഗ്യതകളെ വക തിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കണമെന്ന് ശഠിക്കുന്നതിനെ അനുകൂലിക്കാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി നിലം കൃഷി ചെയ്ത് വന്നിരിക്കുന്ന ജാതിക്കാരെയും ബുദ്ധികൃഷിക്കാര്യത്തിനായി ഒന്നായി ചേര്‍ക്കുന്നത് കുതിരയെയും പോത്തിനെയും ഒരു നുകത്തിന് കീഴില്‍ കെട്ടുകയാണ്. ഈ പ്രകാരം ഉത്തരവ് പ്രകടിപ്പിക്കുന്നവരെ കവഞ്ചിക്ക് (കുതിര ചമ്മട്ടിക്ക്) അടിക്കണം’ (131910). സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജാതി വെറിയെ സര്‍വാത്മനാ പിന്തുണക്കുന്ന ആഢ്യ മനോഭാവമായിരുന്നു വക്കം മൗലവിയുടേത്. പത്ര നിരോധനത്തിന് ശേഷം ഇദ്ദേഹം ഏറിയാട്ടെ മുതലാളിമാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടത് യാദൃച്ഛികമല്ല. സാമ്രാജ്യത്വ ശക്തികള്‍ക്ക് മുമ്പില്‍ ‘മുട്ടുവളക്കാതെ’ നിന്ന് നിരോധനം ഏറ്റുവാങ്ങിയ വക്കം മൗലവി ഒടുവില്‍ പ്രസ്സും അനുസാരികളും തനിക്ക് വിട്ടുതരാന്‍ ദയ കാണിക്കണമെന്ന് സര്‍ക്കാറിനോട് പ്രാര്‍ഥിക്കുന്ന ചരിത്രവും പുറത്ത് വരികയുണ്ടായി. ഇതെല്ലാം കൊണ്ടായിരിക്കുമോ വക്കം മൗലവി നവോത്ഥാന ശ്രമങ്ങളുടെ നേതൃനിരയില്‍ പരിഗണിക്കപ്പെടുന്നത്?

ആരാണ് സര്‍, മുസ്ലിം നവോത്ഥാന ചരിത്രത്തെ തൊള്ളായിരത്തി ഇരുപത്തി ഒന്നിലേക്ക് ചുരുട്ടിക്കെട്ടിയത്? നൂറ്റാണ്ടുകളായി അഭംഗുരം തുടര്‍ന്ന മുസ്ലിം നവോത്ഥാന നായകന്‍മാരുടെ ഉത്ഥാന പരിശ്രമങ്ങളെ മണ്ണിട്ട് മൂടാന്‍ ഏതോ ചരിത്ര വ്യഭിചാരികള്‍ നടത്തിയ കൊടും ചതിയില്‍ പൊതു സമൂഹം വീഴാമോ? ഈ കാലഗണന പ്രകാരം സൈനുദ്ദീന്‍ മഖ്ദൂമിന്റെ സ്ഥാനമെവിടെ? സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഇടിനാദം മുഴക്കിയ സൈനുദ്ദീന്‍ മഖ്ദൂം സ്ഥാപിച്ച ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ കെടാവിളക്കിനോളം പ്രകാശമാനമായിരുന്നോ കെ എം, വക്കം മൗലവിമാര്‍ കൊളുത്താന്‍ ശ്രമിച്ച പലിശവിളക്ക്? മഖ്ദൂമുമാരുടെ അധിനിവേശ വിരുദ്ധ പോരാട്ടത്തോളം ഉത്ഥാന പരമാണോ, നൂറോളം കേരളീയ യൗവനങ്ങളെ തീവ്രവാദത്തിലേക്ക് കൂട്ടിക്കൊടുത്ത സലഫിസത്തെ കേരളത്തില്‍ നട്ട കെ എം, വക്കം മൗലവിമാര്‍ ഉണ്ടാക്കിയ ഉത്ഥാനം? ഗാന്ധിജിക്കും മുമ്പ് നികുതി നിഷേധവിളംബരം നടത്തി വൈദേശിക ശക്തികളെ വിറപ്പിച്ച ഉമര്‍ ഖാസിയുടെ സ്ഥാനമെവിടെ? മമ്പുറം തങ്ങളുടെ സ്ഥാനമെവിടെ? പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലും അതിന് മുമ്പും മുസ്ലിം നേതാക്കള്‍ നടത്തിയ ഉത്ഥാന പരിശ്രമങ്ങളെ കുഴിച്ചുമൂടിക്കൊണ്ടുള്ള ഈ ചരിത്ര നിര്‍മിതിയെ പൊളിച്ചെഴുതുന്ന യഥാര്‍ഥ ചരിത്ര വായനക്ക് പകരം വാമൊഴി വഴക്കങ്ങളെ ചരിത്രമായി അവതരിപ്പിക്കാനുള്ള ശ്രമത്തെ അപലപിക്കാതെ വയ്യ.

മലയാള ഭാഷക്ക് രൂപവും ഭാവവും കൈവരുന്നതിന് മുമ്പ്, സമുദായത്തിനായി അറിവിന്റെ ലോകം തുറന്ന് കൊടുക്കാന്‍ അറബി മലയാള ഭാഷയും ലിപിയും ആ ഭാഷയില്‍ ധാരാളം ഗ്രന്ഥങ്ങളും രചിച്ചവരാണ് മുസ്ലിം പണ്ഡിതന്‍മാര്‍. പാരമ്പര്യ മുസ്ലിംകള്‍ക്ക് സാമ്രാജ്യത്വ അധിനിവേശത്തെ മാത്രമല്ല, സാംസ്‌കാരിക അധിനിവേശത്തെയും ചെറുക്കേണ്ടതുണ്ടായിരുന്നു. ഇംഗ്ലീഷും മലയാളവും സാംസ്‌കാരിക അധിനിവേശത്തിനുള്ള ഉപാധികളായി ഐക്യസംഘം മാറ്റിയപ്പോള്‍ മുസ്ലിംകള്‍ക്ക് അത് ചെറുക്കണമായിരുന്നു. അത് ഭാഷാ വിരോധമായിരുന്നില്ല. സ്ത്രീ പൊതുരംഗ പ്രവേശം പടിഞ്ഞാറിന്റെ ആശയമായിരുന്നു. സാമ്രാജ്യത്വം ചൊല്ലിപ്പഠിപ്പിച്ച ഈ ആശയം നടപ്പാക്കുകയായിരുന്നു ഐക്യസംഘം. തീവ്രവാദം കൊണ്ട് ഇസ്ലാമിക സമൂഹത്തെ പ്രതിരോധത്തിലാക്കാന്‍ ആസൂത്രണം നടത്തിയത് പടിഞ്ഞാറ്. അത് കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കിക്കൊടുത്തത് മുസ്ലിം ഐക്യസംഘമോ അതിന്റെ അവശിഷ്ടങ്ങളോ ആയിരുന്നു. ഞങ്ങള്‍ ചെറുത്തു. ചെറുക്കേണ്ടതില്ലേ?

അതുകൊണ്ട് പറയട്ടെ, മലപ്പുറത്ത് നടക്കുന്നത് കേവലം സമ്മേളനമല്ല. തിരിച്ചുപിടിച്ച നവോത്ഥാന ചരിത്രത്തിന്റെ ഉജ്വലമായ സമര്‍പ്പണമാണ്. സമസ്തയുടെ നേതൃത്വത്തില്‍ മുസ്ലിം കേരളത്തില്‍ വിരചിതമായ മുന്നേറ്റങ്ങളുടെ സമര്‍പ്പണം. നാളിത് വരെ കൊട്ടിഘോഷിച്ച കപട നവോത്ഥാനത്തിന്റെ ശവമടക്കുത്സവം. ഛില്‍.. ഛില്‍.. മലപ്പുറം.

 

---- facebook comment plugin here -----

Latest