Connect with us

Ongoing News

വീണ്ടും അവസാന പന്തില്‍ റിസള്‍ട്ട്; ഡല്‍ഹിയെ തകര്‍ത്ത് മുംബൈ

ആറ് വിക്കറ്റിനാണ് ജയം.

Published

|

Last Updated

ന്യൂഡല്‍ഹി | ഐ പി എല്ലില്‍ ഇന്നത്തെ മത്സരത്തിലും ഫലം വന്നത് അവസാന പന്തില്‍. അവശേഷിച്ച ഒരേയൊരു പന്തില്‍ ആവശ്യമായിരുന്ന രണ്ട് റണ്‍ ഓടിയെടുത്ത് ഡല്‍ഹിക്കെതിരെ മുംബൈ വിജയം നേടി. ആറ് വിക്കറ്റിനാണ് ജയം. ടിം ഡേവിഡാണ് മുംബൈക്കായി വിജയ റണ്‍ നേടിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്നോട്ടുവച്ച 172 റണ്‍സ് വിജയലക്ഷ്യം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ നേടിയെടുക്കുകയായിരുന്നു.

സീസണില്‍ മുംബൈയുടെ ആദ്യ ജയമാണിത്. ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (45 പന്തില്‍ 65) തിലക് വര്‍മ (29 പന്തില്‍ 41), ഇഷാന്‍ കിഷന്‍ (26 പന്തില്‍ 31) എന്നിവര്‍ മുംബൈക്കായി ബാറ്റിങില്‍ തിളങ്ങി. ടിം ഡേവിഡ് (11 പന്തില്‍ 13), കാമറൂണ്‍ ഗ്രീന്‍ (എട്ട് പന്തില്‍ 17) എന്നിവര്‍ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് വീണ്ടും ഗോള്‍ഡന്‍ ഡക്കായി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അക്ഷര്‍ പട്ടേലിന്റെയും (25 പന്തില്‍ 54) ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും (47 പന്തില്‍ 51) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 12.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ പതറിയ ഡല്‍ഹിയെ അക്ഷറിന്റെ വെടിക്കെട്ടാണ് കരകയറ്റിയത്. ആറാം വിക്കറ്റില്‍ അക്ഷര്‍-വാര്‍ണര്‍ കൂട്ടുകെട്ട് 35 പന്തില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അതില്‍ 54 റണ്‍സും അക്ഷറിന്റെ വകയായിരുന്നു. 25 പന്തിലാണ് താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 22 പന്തിലായിരുന്നു അക്ഷര്‍ തന്റെ കന്നി ഐ പി എല്‍ അര്‍ധ സെഞ്ച്വറി തികച്ചത്.അഞ്ച് സിക്സും നാല് ബൗണ്ടറിയും അക്ഷറിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു.

 

Latest