Kerala
വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണം: കെ മുരളീധരന്‍
ആക്രമണത്തിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഏതെങ്കിലും തീവ്രവാദി നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ വെളിച്ചത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്.

തിരുവനന്തപുരം | വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കെ മുരളീധരന്‍ എം പി. പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. ആക്രമണത്തിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും മുരളീധരന്‍ പറഞ്ഞു. ഏതെങ്കിലും തീവ്രവാദി നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ വെളിച്ചത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്. സംഘര്‍ഷം കത്തിനില്‍ക്കുന്ന വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയമാണ്.
വിഴിഞ്ഞം വിഷയത്തില്‍ സി പി എം മലക്കം മറിയുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. യു ഡി എഫ് ഭരണ കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവര്‍ ഇന്ന് അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത ആളാണ് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവിലെന്നും മുരളീധരന്‍ പരിഹസിച്ചു.
ഇനി നേമം സീറ്റ് കിട്ടില്ല എന്നറിയുന്നതു കൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി ലത്തീന്‍ അതിരൂപതയെ വിമര്‍ശിക്കുന്നത്. ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ സംഘര്‍ഷമുണ്ടാക്കരുത്. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കാന്‍ ആരാണ് മന്ത്രിക്ക് അനുമതി കൊടുത്തത്?മന്ത്രിമാരുടെ നാക്ക് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.