Kerala
പോക്‌സോ കേസിലെ പ്രതി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞത് സന്യാസിയായി
പാലക്കാട് സ്വദേശി ശിവകുമാറിനെ കേരളാ പോലീസ് ഇന്നലെ തമിഴ്‌നാട്ടിലെത്തി പിടികൂടുമ്പോള്‍ ആത്മീയ തേജസ്സോടെ ഭക്തരെ അനുഗ്രഹിച്ചു വിലസുകയായിരുന്നു ഇയാള്‍

പാലക്കാട് | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞത് സന്യാസി വേഷത്തില്‍. പാലക്കാട് സ്വദേശി ശിവകുമാറിനെ കേരളാ പോലീസ് ഇന്നലെ തമിഴ്‌നാട്ടിലെത്തി പിടികൂടുമ്പോള്‍ ആത്മീയ തേജസ്സോടെ ഭക്തരെ അനുഗ്രഹിച്ചു വിലസുകയായിരുന്നു ഇയാള്‍.
കാഷായ വസ്ത്രം, കഴുത്തില്‍ രുദ്രാക്ഷ മാല, നീട്ടിവളര്‍ത്തിയ താടിയും മുടിയും… പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ഒരു വര്‍ഷം കൊണ്ടാണ് ഇയാള്‍ ഈ രൂപപ്പകര്‍ച്ച ഉണ്ടാക്കിയത്. 2021 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിവകുമാര്‍ പിടിയിലാകുന്നത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങി. പഴയ ഫോട്ടോ ഉപയോഗിച്ച് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു തുമ്പും കിട്ടിയിരുന്നില്ല.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ അതീവ കരുതലോടെയായിരുന്നു ഇയാളുടെ സന്യാസ ജീവിതം. കോടതി വാറന്റ് പുറപ്പെടുവിച്ചതോടെ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതിയുടെ ബന്ധുക്കള്‍ക്ക് വരുന്ന ഫോണ്‍ കോളുകള്‍ ശേഖരിച്ചാണ് ഒടുവില്‍ പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. സേലത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തിന് സമീപം ടവര്‍ ലൊക്കേഷനില്‍ നിന്ന് ഇയാളുടെ ഒരു കോള്‍ വന്നു. വേഷ പ്രച്ഛന്നരായി അന്വേഷണ സംഘം നിരവധി തവണ തിരുവണ്ണാമലയിലെത്തി. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനിടയിലാണ് വ്യാജ സന്യാസ് വലയിലായത്.
കാഷായ വേഷത്തില്‍ ഇന്നോവ കാറിലാണ് എല്ലാ ദിവസവും ഇയാള്‍ ക്ഷേത്രത്തിന് മുന്നിലെത്തുന്നത്. കയ്യില്‍ ഭസ്മക്കുടവും ചാമരവുമുണ്ടാവും അടുത്തെത്തുന്ന ഭക്തരെ മന്ത്രങ്ങള്‍ ഉരുവിട്ട് അനുഗ്രഹിക്കും. ചന്ദനവും ഭസ്മവും നല്‍കും. ചാമരം കൊണ്ട് തലയില്‍ വീശും. പത്തു രൂപ മുതല്‍ അഞ്ഞൂറും ആയിരവും കൊടുക്കുന്നവര്‍ കൂട്ടത്തിലുണ്ടായിരുന്നു. അമ്പലത്തിന്റെ നടയടക്കുന്നതോടെ ഭക്തര്‍ നല്‍കിയ പണവുമായി രാവിലെ വന്ന അതേ ഇന്നോവ കാറില്‍ തിരികെ പോകും. ഇന്നലെ രാവിലെ കാറില്‍ നിന്ന് ഇറങ്ങുന്നതിനിടെ തമിഴ്‌നാട് പോലീസിലെ ഒരാള്‍ ഇയാളുടെ യഥാര്‍ഥ പേരുവിളിച്ചു.
അപ്പോഴുണ്ടായ ഞെട്ടലാണ് സന്ന്യാസിയുടെ മുഖംമൂടി അഴിച്ചത്. എട്ടംഗ പോലീസ് സംഘം വളഞ്ഞതോടെ ആദ്യമൊന്ന് പരിഭ്രമിച്ച സന്യാസി അനുസരണയോടെ പോലീസ് ജീപ്പില്‍ കയറി. വലിയ ശിക്ഷ ലഭിക്കുമെന്ന ഭയം കൊണ്ടാണ് ഒളിവില്‍ പോയതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഇന്ന് രാവിലെ പാലക്കാടെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.