Connect with us

Editorial

ഗര്‍ഭഛിദ്രമോ ശിശുഹത്യയോ?

വളര്‍ന്നു കഴിഞ്ഞ ജീവന്‍, സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ ഒഴിവാക്കാമെന്ന സന്ദേശം വൈകി നടത്തുന്ന ഗര്‍ഭഛിദ്രങ്ങളെ സാധാരണവത്കരിക്കുന്ന സാമൂഹിക മനോഭാവത്തിന് അവസരമൊരുക്കും. ഗര്‍ഭഛിദ്രം സ്ത്രീയുടെ അവകാശമാണെന്നു സമ്മതിച്ചാല്‍ പോലും അതേത് ഘട്ടം വരെയെന്നതിന് ധാര്‍മിക അതിര്‍വരമ്പുകള്‍ ആവശ്യമാണ്.

Published

|

Last Updated

30 ആഴ്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി നടപടി ഞെട്ടലുളവാക്കുന്നതാണ്. ഗര്‍ഭവുമായി മുന്നോട്ട് പോകാനും പ്രസവിക്കാനും താത്പര്യമില്ലാത്തതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട മഹാരാഷ്ട്ര സ്വദേശിനിയായ പതിനെട്ടുകാരിക്കാണ് സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. ഗര്‍ഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഗര്‍ഭിണിക്കാണ്, ഗര്‍ഭവുമായി മുന്നോട്ട് പോകുന്നതിന് നിര്‍ബന്ധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബഞ്ച് കുഞ്ഞിനെ നശിപ്പിക്കാന്‍ അനുമതി നല്‍കിയത്.

ഗര്‍ഭഛിദ്രമല്ല, ഇത് ശിശുഹത്യയാണ്. ഗര്‍ഭം മുപ്പത് ആഴ്ച എത്തുമ്പോഴേക്കും ഏറെക്കുറെ മനുഷ്യക്കുഞ്ഞായി മാറിയിരിക്കും. ശാരീരികമായി മാത്രമല്ല, ആന്തരികമായും. 30 ആഴ്ച എത്തുമ്പോഴേക്ക് ശിശുവിന്റെ ഇന്ദ്രിയങ്ങള്‍ വളരെയേറെ വികസിക്കുകയും ചുറ്റുമുള്ള കാര്യങ്ങള്‍ കേള്‍ക്കാനും അറിയാനുമുള്ള കഴിവ് കൈവരികയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. പുറം ലോകത്തെത്തിയാല്‍ ജീവിക്കാന്‍ സാധ്യതയുള്ള ഘട്ടമാണിത്. ഈ ഘട്ടത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിച്ചിരിപ്പുണ്ട്. ശ്വസിക്കാനും ചലിക്കാനും കേള്‍ക്കാനും അറിയാനും കഴിവുള്ള കുഞ്ഞിനെ നശിപ്പിക്കുന്നത് ഒരു ശസ്ത്രക്രിയ എന്നതിലുപരി ഒരു കൊലപാതകമായി കാണേണ്ടതുണ്ട്. മനുഷ്യത്വം, ധാര്‍മികത, നൈതികത എന്നിവയുടെ അടിത്തറയിലാണ് സമൂഹം നിലനില്‍ക്കുന്നത്. ആ അടിത്തറയെയാണ് കോടതി പിടിച്ചു കുലുക്കുന്നത്.

ഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിന് എം പി ടി ആക്ട് പ്രകാരം 24 ആഴ്ചയാണ് പരമാവധി സമയ പരിധി. അപൂര്‍വവും അസാധാരണവുമായ സാഹചര്യത്തില്‍ മാത്രമേ ആ പരിധിക്ക് മുകളിലെത്തിയ ഗര്‍ഭം അലസിപ്പിക്കാവൂ എന്നാണ് നിയമം. ഈ കേസില്‍ എന്ത് അപൂര്‍വവും അസാധാരണവുമായ സാഹചര്യമാണുള്ളത്? സ്ത്രീക്ക് ഗര്‍ഭധാരണത്തില്‍ താത്പര്യമില്ലെങ്കില്‍ ലൈംഗിക ബന്ധത്തിന് മുതിരരുത്. അല്ലെങ്കില്‍ ഗര്‍ഭം ധരിക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം. ലൈംഗിക അതിക്രമത്തിലൂടെയാണ് ഗര്‍ഭധാരണമുണ്ടായതെങ്കില്‍ തുടക്കത്തില്‍ തന്നെ ഗര്‍ഭഛിദ്രം നടത്താമായിരുന്നു. ഗര്‍ഭം ഏറെക്കുറെ പൂര്‍ണത പ്രാപിച്ച ശേഷം മുന്നോട്ട് പോകാനാകില്ലെന്ന നിലപാട് നൈതികമായും വൈദ്യശാസ്ത്രപരമായും ന്യായീകരിക്കത്തക്കതല്ല. ഇതിന് വൈദ്യശാസ്ത്രവും നീതിവ്യവസ്ഥയും കൂട്ടുനില്‍ക്കരുത്. ജീവന്‍ രക്ഷിക്കലാണ് വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യവും ബാധ്യതയും; ജീവന്‍ നശിപ്പിക്കലല്ല.
ഒരു സമൂഹത്തിന്റെ നൈതിക അളക്കുന്നത് അതിലെ ദുര്‍ബലരോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. സംസാരിക്കാനാകാത്ത, അവകാശവാദമുന്നയിക്കാനാകാത്ത ഗര്‍ഭസ്ഥ ശിശു ദുര്‍ബലനാണ്. അതിനു വേണ്ടി സംസാരിക്കേണ്ട ഉത്തരവാദിത്വം നിയമത്തിനും കോടതികള്‍ക്കുമുണ്ട്. മാതാവിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും അതൊരു ജീവൻ ബലികൊടുത്തു കൊണ്ടാകരുത്. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് ദത്തെടുക്കല്‍ പോലുള്ള മാര്‍ഗങ്ങളിലൂടെ ജീവന്‍ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമായിരുന്നു സുപ്രീം കോടതിക്ക്.

സ്ത്രീയുടെ അവകാശത്തിന്മേല്‍ ഊന്നല്‍ നല്‍കിയാണല്ലോ കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. സ്ത്രീയുടെ ശാരീരിക സൗകര്യങ്ങളും സ്വാതന്ത്ര്യവും മാനസിക സമ്മര്‍ദവുമെല്ലാം പരിഗണിക്കേണ്ടതു തന്നെ. ഈ അവകാശങ്ങള്‍ക്കും പക്ഷേ പരിധിയുണ്ട്. മറ്റൊരു ജീവന്റെ പൂര്‍ണ നാശത്തിനു വഴിയൊരുക്കുന്ന ആവശ്യം അവകാശമല്ല; അതിക്രമമാണ്. ഒരു വ്യക്തിയുടെ അവകാശവും സ്വാതന്ത്ര്യവും മറ്റൊരാളുടെ ജീവന്‍ നഷ്ടപ്പെടുന്നയിടം വരെ നീളരുത്.
ഗര്‍ഭഛിദ്ര നിയമത്തിലും അതുമായി ബന്ധപ്പെട്ട കോടതി വിധികളിലും മാതാവിന്റെ ആരോഗ്യത്തിനു നല്‍കുന്ന പ്രാധാന്യവും പരിഗണനയും കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശത്തിന് നല്‍കാറില്ല. ഇത് തിരുത്തപ്പെടേണ്ടതുണ്ട്. ഗര്‍ഭം 24 ആഴ്ച പിന്നിട്ടാല്‍ അഥവാ ഭ്രൂണം ഗര്‍ഭപാത്രത്തിനു പുറത്ത് അതിജീവനത്തിനുള്ള പ്രാപ്തി നേടിക്കഴിഞ്ഞാല്‍ അതിനെ ഒരു വ്യക്തിയായി കണക്കാക്കി നിയമപരമായ സംരക്ഷണം നല്‍കേണ്ടതാണ്. കൊലപാതകത്തിനു നല്‍കുന്ന അതേ ഗൗരവം ഈ ഘട്ടത്തിന് ശേഷമുള്ള ഗര്‍ഭഛിദ്രത്തിന് നല്‍കുന്ന രീതിയില്‍ നിയമം പരിഷ്‌കരിക്കണം. മാതാവിന്റെ സുഖത്തിനു വേണ്ടി നിഷ്‌കളങ്കനായ കുഞ്ഞിനെ വധശിക്ഷക്ക് വിധിച്ച് നശിപ്പിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇത്തരമൊരു ക്രൂരതക്ക് നല്‍കുന്ന അനുമതി വരും തലമുറയോട് കാണിക്കുന്ന അനീതിയാണ്.

പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ കോടതി തീര്‍പ്പിന് അവലംബിക്കുന്നത് ആരോഗ്യ വിദഗ്ധര്‍ മാത്രമടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡുകളെയാണ്. മെഡിക്കല്‍ ബോര്‍ഡുകള്‍ വിപുലീകരിച്ച് ഡോക്ടര്‍മാര്‍ക്കു പുറമെ സൈക്കോളജിസ്റ്റുകള്‍, എത്തിക്‌സ് വിദഗ്ധര്‍, ശിശുക്ഷേമ വിദഗ്ധര്‍ എന്നിവരെ കൂടി ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. വൈദ്യശാസ്ത്രപരമായ വശങ്ങള്‍ക്കപ്പുറം കുഞ്ഞിന്റെ ജീവന്റെ നൈതികമായ വശങ്ങള്‍ കൂടി അവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
കോടതികള്‍ വെറും നിയമ വ്യാഖ്യാതാക്കള്‍ മാത്രമല്ല, സമൂഹത്തിന് ദിശാബോധം നല്‍കുന്ന സ്ഥാപനങ്ങളുമാണ്. ഈ കേസിലെ വിധി നല്‍കുന്ന സന്ദേശം ഗൗരവതരമാണ്. വളര്‍ന്നു കഴിഞ്ഞ ജീവന്‍, സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ ഒഴിവാക്കാമെന്ന സന്ദേശം വൈകി നടത്തുന്ന ഗര്‍ഭഛിദ്രങ്ങളെ സാധാരണവത്കരിക്കുന്ന സാമൂഹിക മനോഭാവത്തിന് അവസരമൊരുക്കും. ഇന്ന് 30 ആഴ്ച. നാളെ അതിനും മീതെ. ഗര്‍ഭഛിദ്രം ഒരു സ്ത്രീയുടെ അവകാശമാണെന്നു സമ്മതിച്ചാല്‍ പോലും അതേത് ഘട്ടം വരെയെന്നതിന് ധാര്‍മിക അതിര്‍വരമ്പുകള്‍ ആവശ്യമാണ്.

Latest