Connect with us

Editorial

ഏക സിവിൽ കോഡും രാഷ്ട്രീയ അജന്‍ഡയും

ബി ജെ പിയെ സഹായിക്കാനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് ഐ ആറില്‍ വ്യാപക ക്രമക്കേടുകള്‍ കാണിച്ചുവെന്ന പരാതിയും അതിനെതിരെ നടന്നുവരുന്ന ബഹുജന പ്രക്ഷോഭവും കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്

Published

|

Last Updated

തിരഞ്ഞെടുപ്പ് വേളകളിലും ബി ജെ പി രാഷ്ട്രീയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും, വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രസ്താവനകളോ നടപടികളോ സാധാരണമാണ്. ദേശീയതലത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാറെന്ന കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കുമുണ്ട് ഇത്തരമൊരു പശ്ചാത്തലം. ഒരു ദേശീയ ദിനപത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പരാമര്‍ശം. ബി ജെ പിയെ സഹായിക്കാനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് ഐ ആറില്‍ വ്യാപക ക്രമക്കേടുകള്‍ കാണിച്ചുവെന്ന പരാതിയും അതിനെതിരെ നടന്നുവരുന്ന ബഹുജന പ്രക്ഷോഭവും കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മാത്രമല്ല, മാസങ്ങള്‍ക്കകം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം വര്‍ഗീയ ധ്രുവീകരണം അനിവാര്യമായ ഒരു ഘട്ടമാണിത്.
ഏക സിവില്‍ കോഡിന് ഭരണഘടനാപരമായ അടിത്തറയുള്ളതിനാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാറിന് അര്‍ഹതയുണ്ടെന്നാണ് അര്‍ജുന്‍ റാം മേഘ്വാറിന്റെ വാദം. ഭരണഘടനയുടെ 44ാം അനുഛേദം രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഭരണകൂടങ്ങളെ അനുവദിക്കുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളുടെ ഗണത്തിലാണ് ഇത് പറയുന്നത്. അതേസമയം മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങി ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ മറികടന്ന് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രത്തിനോ അവകാശമുണ്ടോ എന്നതാണ് പ്രശ്നം. അങ്ങനെയൊരവകാശം ഭരണഘടന അനുവദിക്കുന്നില്ല. നിര്‍ദേശക തത്ത്വങ്ങള്‍ നടപ്പാക്കുമ്പോള്‍ മൗലികാവകാശങ്ങളെ ബലികഴിക്കരുതെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വമാണ്.

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, ജീവനാംശം തുടങ്ങിയ വിഷയങ്ങളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് ഏക സിവില്‍ കോഡിന്റെ ലക്ഷ്യമായി ഭരണതലത്തിലുള്ളവര്‍ പറയുന്നത്. എന്നാല്‍ മതന്യൂനപക്ഷങ്ങളുടെ മേല്‍ ഹിന്ദുകോഡ് അടിച്ചേല്‍പ്പിക്കുകയും അതുവഴി ഹിന്ദുത്വ രാജ്യമെന്ന ആര്‍ എസ് എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കുകയുമാണ് ഇതിനു പിന്നിലെ ബി ജെ പി അജന്‍ഡയെന്ന് ഇതിനകം ഏക സിവില്‍ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡും മറ്റും ബോധ്യപ്പെടുത്തുന്നു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെയും 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെയും ഒട്ടേറെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് ബില്ല് തയ്യാറാക്കിയത്.

ഏക സിവില്‍ കോഡ് നടപ്പാക്കുമ്പോള്‍ ഹിന്ദു മേല്‍ജാതി കുടുംബവ്യവസ്ഥയുടെ അടിത്തറയുടെ ഭാഗമായ “ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി’ (എച്ച് യു എഫ്) വ്യവസ്ഥ എടുത്തുകളയണമെന്ന് 21ാം ലോകമ്മീഷനും മറ്റു നിയമവിദഗ്ധരും സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തതാണ്. രാജ്യത്തിനു ലഭിക്കേണ്ട നികുതി വരുമാനം കുറയ്ക്കാനും നികുതി വെട്ടിപ്പിനുമാണ് ഹിന്ദുത്വ കുടുംബങ്ങള്‍ എച്ച് യു എഫ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. വൈകാരിക കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ആനുകൂല്യങ്ങളും നികുതി ഇളവുകളും തുടരുന്നത് ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ നികുതി വരുമാനത്തിന് വലിയ ക്ഷതം വരുത്തുന്ന എച്ച് യു എഫ് നിലനിര്‍ത്തിക്കൊണ്ടാണ് ഉത്തരാഖണ്ഡില്‍ ബി ജെ പി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയത്.

ഒരു രാജ്യം, ഒരു നിയമം എന്ന മുദ്രാവാക്യമുയര്‍ത്തി ഇതിനകം ഏക സിവില്‍ കോഡ് നടപ്പാക്കിയ സംസ്ഥാനങ്ങളിലെല്ലാം പട്ടികവര്‍ഗ വിഭാഗക്കാരെയും ഗോത്രവിഭാഗങ്ങളെയും അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതാണ് വിരോധാഭാസം. ഗോത്രവര്‍ഗക്കാരുടെ തനതായ ആചാരങ്ങള്‍, വിവാഹ-സ്വത്തവകാശ രീതികള്‍, സാമൂഹികഘടന തുടങ്ങിയവക്ക് കോട്ടം തട്ടാതിരിക്കാനാണ് അവരെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ഭരണകൂട വിശദീകരണം. സാംസ്‌കാരികവും ആചാരപരവുമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഏകീകൃത നിയമം അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമല്ലെന്ന വസ്തുത ഭരണകൂടം അംഗീകരിക്കുന്നുവെങ്കില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങി രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഇതംഗീകരിക്കാന്‍ എന്താണ് വൈമനസ്യം? ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുഛേദങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും മത- സാംസ്‌കാരിക സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. ഗോത്രവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അതേ ഭരണഘടനാപരമായ സംരക്ഷണത്തിനും തനത് ആചാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുള്ള അവകാശത്തിനും അര്‍ഹരാണ് മതന്യൂനപക്ഷങ്ങള്‍. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നൂറ്റാണ്ടുകളായി ഈ വിഭാഗങ്ങള്‍ തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ അവരുടെ മത- സാമൂഹിക ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടതുമാണ്.

വ്യത്യസ്ത മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ആചാരങ്ങളും നിലനില്‍ക്കെ തന്നെ, ഒരു രാജ്യമായി നിലനില്‍ക്കുന്നതിലാണ് ഇന്ത്യയുടെ പ്രത്യേകതയും ശക്തിയും. ഈ വൈവിധ്യത്തെ ഇല്ലാതാക്കുകയല്ല, അതിനെ അംഗീകരിച്ചുകൊണ്ടുള്ള തുല്യനീതിയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഏക ശിലാരൂപത്തിലുള്ള നിയമ വ്യവസ്ഥയല്ല, പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ ഭരണഘടനാ മൂല്യങ്ങളാണ് ഇന്ത്യയെ ഒന്നിപ്പിക്കേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് പൂര്‍ത്തീകരിക്കാനുള്ള ഉപാധിയായി ഏക സിവില്‍ കോഡ് ഉപയോഗപ്പെടുത്തരുത്.

Latest